ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. പത്തുകോടിയിലധികം വരുന്ന ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗം കര്‍ഷകരും ശേഷിക്കുന്നവര്‍ കര്‍ഷക തൊഴിലാളികളുമാണ്. 1956ല്‍ രൂപംകൊണ്ട മധ്യപ്രദേശിന്റെ ചരിത്രത്തില്‍ ദീര്‍ഘകാലം സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസാണ്. ആ ഭരണംകൊണ്ട് കോണ്‍ഗ്രസിന് നേട്ടം ഏറെ ഉണ്ടായിക്കാണാം. എന്നാല്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഒരു നേട്ടവും ഉണ്ടായില്ലെന്നതാണ് വസ്തുത. മറിച്ചൊരു അനുഭവം ഉണ്ടായത് കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്. അതെ, ബിജെപിയുടെ ഭരണം തുടങ്ങിയപ്പോള്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം രൂപപ്പെടുത്തിയ അശോക ചക്രവര്‍ത്തി ഭരണം തുടങ്ങിയ ഉജ്ജയിനി അടങ്ങിയ മധ്യപ്രദേശിന്റെ ചരിത്രം പുനഃസ്ഥാപിച്ചത് ബിജെപി ഭരണത്തിലാണ്. മുഗളന്മാരുടെ അതിക്രമങ്ങളിലും അക്രമങ്ങളിലും മനംനൊന്ത ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ബിജെപിക്കായി.
കൈലാസ് ജോഷിക്കും സുന്ദര്‍ലാല്‍ പട്വയ്ക്കും ഉമാഭാരതിക്കും ശേഷം അധികാരത്തിലെത്തിയ ശിവരാജ് സിങ് ചൗഹാന് എന്ന ജനകീയ മുഖ്യമന്ത്രി മധ്യപ്രദേശിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയും സാധാരണക്കാരായ പട്ടിണി പാവങ്ങളെയും മുന്നില്‍കണ്ട് പദ്ധതികള്‍ ആവിഷ്കരിച്ചു. അഴിമതിയുടെ ലാഞ്ചന പോലും അദ്ദേഹത്തിന്റെ ഭരണത്തിലുണ്ടായില്ല. തുടരെ തുടരെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി ഭരണത്തിന് വഴിവച്ചതും അതുകൊണ്ടാണല്ലൊ.
പതിനഞ്ച് മാസം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുന്തിയ ജനപിന്തുണകൊണ്ടല്ല. കോണ്‍ഗ്രസിന് ബിജെപിയെക്കാള്‍ 15 സീറ്റ് ലഭിച്ചെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടായിരുന്നു. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമായിരുന്നു. വോട്ടിന്റെ കാര്യത്തില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. 41 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചപ്പോള്‍ 40 ശതമാനമേ കോണ്‍ഗ്രസിന് ലഭിച്ചുള്ളൂ. ബിഎസ്പിയുടെ അംഗങ്ങളെ കാലുമാറ്റിയും എസ്പിയുടെ ഒരംഗത്തെ ചാക്കിട്ടും നാലു സ്വതന്ത്രന്മാരെ കൂടെ നിര്‍ത്തിയുമായിരുന്നു കമല്‍നാഥ് എന്ന കൗശലക്കാരന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തുടങ്ങിയ കോണ്‍ഗ്രസിലെ കലാപത്തിന്റെ പര്യവസാനമായിരുന്നു കസേര ഉപേക്ഷിച്ചുപോകാന്‍ കമല്‍നാഥ് നിര്‍ബന്ധിതനായത്.
ജ്യോതിരാദിത്യ സിന്ധ്യ എന്ന യുവ നേതാവ് മധ്യപ്രദേശിന്റെ മനസ്സും മനഃസാക്ഷിയുമായിരുന്നല്ലൊ. ഗ്വാളിയോര്‍ രാജവംശത്തിന്റെ ഇളമുറത്തമ്പുരാന്. അടിയന്തരാവസ്ഥയിലെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് ജനസംഘത്തിന്റെ ലോക്സഭാംഗമായിരുന്ന മാധവറാവു സിന്ധ്യയുടെ അമ്മയും ബിജെപിയുടെ സമുന്നത നേതാവുമായിരുന്ന വിജയരാജ സിന്ധ്യയുടെ ആഗ്രഹത്തിനും അഭിലാഷത്തിനും എതിരായ ഈ തീരുമാനം തിരുത്താന്‍, കമല്‍നാഥിന്റെ കടുംപിടുത്തം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അവസരമൊരുക്കി. അദ്ദേഹത്തോടൊപ്പം 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതോടെ കമല്‍നാഥിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെ തന്നെ കഷ്ടകാലവും തുടങ്ങി. പിടിച്ചു നില്ക്കാന് പലവഴികള്‍ തേടി. ഒടുവില്‍ കമല്‍നാഥിന്റെ കണക്കുകളും കണക്കുകൂട്ടലുകളും പാളി. സഭയില്‍ തോല്‍ക്കുമെന്നായപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഓടി.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ജനാധിപത്യത്തെ അട്ടിമറിച്ചു. ഭരണം പിടിക്കാന്‍ ഗൂഢാലോചന നടത്തി. കോടികള്‍ നല്‍കിയാണ് എംഎല്‍എമാരെ സ്വാധീനിച്ചത് എന്നൊക്കെ. ഈ പറഞ്ഞതൊക്കെ കോണ്‍ഗ്രസിന്റെ ശീലവും ശൈലിയുമാണ്. കേരളം തൊട്ട് തുടങ്ങാം.
കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നല്ലൊ പട്ടം താണുപിള്ള. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് പട്ടം മുഖ്യമന്ത്രിയായത്. ഭരണം മുന്നോട്ടുപോയപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് അധികാരക്കൊതി മൂത്തു. അതുകൊണ്ടായിരുന്നില്ലെ പട്ടത്തെ പഞ്ചാബ് ഗവര്‍ണര്‍ എന്ന സുന്ദര മോഹന വാഗ്ദാനം നല്കി നാടുകടത്തിയത്. തുടര്‍ന്ന് ആര്. ശങ്കറിനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസില്‍ തന്നെ കലഹം കലശലായി. ശങ്കറിനെ താഴെയുമിറക്കി.
എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ അധികാരക്കൊതിയും അതിനായി കുതിരക്കച്ചവടവും നടന്നിട്ടുണ്ട്. ഗവര്‍ണറേയും രാഷ്ട്രപതിയേയും അതിന് ചട്ടുകമായി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1991-ല്‍ സഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നത് എങ്ങനെയായിരുന്നു? 543 അംഗ ലോക്സഭയില്‍ അന്ന് 232 അംഗങ്ങളെ കോണ്‍ഗ്രസ്സിനുണ്ടായിരുന്നുള്ളൂ. എന്നിട്ടും 5 വര്‍ഷം റാവു ഭരിച്ചു. അതിന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അംഗങ്ങളെ കാശ് കൊടുത്ത് കൂടെ നിര്‍ത്തി. ബിജെപി അംഗങ്ങളെ വിലയ്ക്കു വാങ്ങുവാന്‍ കാശുമായി ചെന്നത് ലോക്സഭയില്‍ വലിയ കോളിളക്കമല്ലെ ഉണ്ടാക്കിയത്. ജ്യോതിരാദിത്യ സിന്ധ്യ പണത്തിനുവേണ്ടി പാര്‍ട്ടി വിടുമെന്ന് പറയുന്നവര്‍ എളുപ്പം എത്തേണ്ടത് ഊളംപാറയിലോ കുതിരവട്ടത്തോ ആണ്. അതിനായി ബിജെപി കേരള നേതൃത്വം അവരെ ക്ഷണിക്കാന്‍ വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: