കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീഷണിയുള്ള സാഹചര്യത്തില്‍ വായ്പ, നികുതി കുടിശ്ശികകള്‍ ഈടാക്കാനുള്ള ജപ്തി നടപടികളും മറ്റും ഏപ്രില്‍ ആറു വരെ നീട്ടണമെന്ന് ഹൈക്കോടതി. ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ആദായ നികുതി വകുപ്പ് അധികൃതര്‍, കെട്ടിട നികുതി ഈടാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍, ആര്‍ടി ഓഫീസുകള്‍ തുടങ്ങിയവയ്ക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. വായ്പ, നികുതി കുടിശ്ശികകള്‍ ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളും മറ്റു നിര്‍ബന്ധിത നടപടികളും ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്ക്കാനാണ് ഉത്തരവില്‍ പറയുന്നത്.
എന്നാല്‍, കുടിശ്ശിക ഇളവു ചെയ്യുന്ന നടപടി, വായ്പ തിരിച്ചടയ്ക്കല്‍ എന്നിവയ്ക്ക് ഉത്തരവു തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. റവന്യൂ റിക്കവറി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള എണ്‍പതോളം ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സമാന സ്വഭാവമുള്ള കേസുകള്‍ക്കെല്ലാം ഉത്തരവു ബാധകമാക്കിയ ഹൈക്കോടതി, ഇക്കാര്യത്തിനായി പുതിയ ഹര്‍ജികള്‍ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി. ഹര്‍ജികളെല്ലാം ഏപ്രില്‍ ആറിന് വീണ്ടും പരിഗണിക്കും.
ജപ്തി നടപടികളുടെ ഭാഗമായി ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ നിശ്ചിത തീയതിക്ക് ഹാജരായില്ലെങ്കില്‍ അവര്‍ക്കെതിരെ പ്രതികൂല ഉത്തരവു നല്‍കരുതെന്ന് കോടതി പറഞ്ഞൂ. വ്യക്തിഗത കേസുകളുമായി ബന്ധപ്പെട്ട് ഈ ഉത്തരവില്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ വകുപ്പുകള്‍ക്ക് അക്കാര്യം വ്യക്തമാക്കി കോടതിയില്‍ അപേക്ഷ നല്‍കാം. വായ്പ ഉടന്‍ തിരിച്ചടയ്ക്കുന്നതിന് പൊതു ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് കണക്കിലെടുത്ത് വായ്പാത്തുക തിരിച്ചടയ്ക്കാന്‍ തയാറുള്ളവര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ് തടസമല്ല.
പിടിച്ചെടുത്ത വാഹനങ്ങള്‍ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുന്നതിനും ഉത്തരവ് തടസമല്ല. സര്‍ഫാസി ആക്ടുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്ന സിജെഎം കോടതികള്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ബാങ്കുകള്‍, കസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: