കാസര്‍കോട്: കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപെട്ട രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാരാണു വീടുകളില്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ ഇടപെട്ടിരുന്നു. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന.
മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്.
അതേസമയം, രോഗബാധിതന് അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍ ഉള്‍പ്പെടെ പൊതുപരിപാടിയിയില്‍ പങ്കെടുത്തിരുന്നു. പ്രാദേശിക ഫുട്ബോള്‍ മത്സരത്തിലും ഇയാള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ റൂട്ട്മാപ്പ് ഇന്നു പുറത്തുവിടും. ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് രാവിലെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള് എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്പ്രസിന്റെ എസ് 9 സ്ലീപ്പര്‍ കോച്ചിലാണ് ഇയാള്‍ കോഴിക്കോടുനിന്ന് കാസര്‍ഗോട്ടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. പിന്നീട് 16ാം തീയതി കാസര്‍കോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് സാംപ്ളുകള്‍ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: