രാധാകൃഷ്ണ സങ്കല്പത്തിന്റെ പ്രേമഭാവനകള് വഴിഞ്ഞൊഴുകുന്ന വൃന്ദാവനത്തിനും യമുനാ പുളിനത്തിനും നേദിക്കാനുള്ള കഥകളിലൊന്നാണ് ശ്രീഹിത് ഹരിവംശജിയുടെ ആത്മീയ ജീവനം. രാധാകൃഷ്ണനും രാധാഗോവിന്ദനും സമര്‍പ്പിതമായ ഐതിഹാസിക ജീവിതമാണത്.
കൃഷ്ണപ്രേമത്തിന്റെ മധുരപൂരം പാടിപ്പുകഴ്ത്തുന്ന ഭക്തിസാഗരത്തില്‍ വന്നെത്തിയ അപൂര്‍വവും അനുധ്യാനപരവുമായ നദിയാണ് രാധാവല്ലഭ സമ്പ്രദായം. ‘ഗീത ഗോവിന്ദ’ ത്തിന്റെ ജന്യമായ തപസ്സാണത്. കൃഷ്ണപ്രണയത്തിന്റെ മന്ദാരമായ രാധയെ കൃഷ്ണനോളം ഉണര്ത്തിയുയര്ത്തുന്ന വിഭൂതി ശീലുകള്‍ ഭാരതപൈതൃകത്തിന്റെ ആത്മീയ ഭൗതിക സമ്പത്തായി വളരുകയായിരുന്നു. മധ്യകാല ഭാരതം സാന്ദ്രാനന്ദ ഭക്തിയുടെ മഹാപുണ്യത്തില്‍ ലയിച്ചു നിന്നു. രാധാകൃഷ്ണപ്രണയം ജീവാത്മാവിന് പരമാത്മാവിനോടുള്ള അനിര്‍വചനീയമായ സങ്കല്പ വിഭൂതിയായി ഭക്തിമന്ദാരമാലയില് പൂത്തുലയുകയായിരുന്നു. പ്രകൃതിപുരുഷ സംയമനത്തിന്റെ യോഗാത്മക പ്രത്യയമായി വേദാന്തികള്‍ അത് കണ്ടെത്തുന്നു.
കൃഷ്ണന്റെ നിത്യപ്രണയഭാജനമായ രാധ, ഉപാസനയുടെ മൂര്ത്തീദേവിയായി പ്രത്യക്ഷപ്പെടുന്ന രാധാവല്ലഭ സമ്പ്രദായം ആവിഷ്ക്കരിച്ചത് ഋഷികവിയെന്ന് പിന്നീട് ഖ്യാതി നേടിയ ശ്രീഹിത് ഹരിവംശജിയാണ്. തനതു ഭക്തിപ്രസ്ഥാനത്തിന്റെ സംസ്കാരത്തിലും സാമൂഹ്യചരിത്രത്തിലും അത് പരിവര്‍ത്തനത്തിന്റെ മുരളീഗാനം മുഴക്കി.
ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ ഹിത്ഹരിവംശ് പിറവിയെടുക്കുന്നത് 1530 ലാണ്. വ്യാസമിത്രനും താരാറാണിയുമാണ് മാതാപിതാക്കള്‍. ബാല്യത്തില്‍ തന്നെ കുഞ്ഞിനുള്ളില്‍ അറിവിന്റെ അമൃതകലകള് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്ന് കഥകളുണ്ട്. അപൂര്‍വമായ സ്വഭാവ സവിശേഷതകള്‍ ബാല
നില് കാണാമായിരുന്നു. കൗമാരമെത്തവേ ഒരു ദിനം ഹിതഹരിവംശിന് രാധാദേവി സ്വപ്നദര്‍ശനം നല്‍കിയെന്നാണ് പഴങ്കഥ. മന്ത്രദീക്ഷ കൈക്കൊണ്ട് ശ്രീഹിത് സങ്കല്പ്പ ഗുരുവായ രാധാദേവിയെ ഉപാസനയിലൂടെ സാക്ഷാത്കരിക്കാനും ഭക്തിസംസ്കാരം, സാമാന്യജനങ്ങളില്‍ അങ്കുരിപ്പിക്കാനുമാണ് പിന്നീട് സ്വജീവിതം ഉഴിഞ്ഞു വെച്ചത്. ഭാര്യയായ രുക്മിണീദേവിയും മക്കളുമൊത്തുള്ള ലൗകികജീവിതത്തിനപ്പുറം പ്രേമഭക്തിയുടെ ആനന്ദത്തില്‍ ഹിത്ജി, രാധയുടെ തപോവനമെന്ന് പ്രസിദ്ധമായ വന്ദാവനത്തിലെത്തി. ‘രാധാവല്ലഭ സമ്പ്രദായം’ എന്ന് പേരിട്ട് നിസ്വാര്‍ഥ സ്നേഹത്തിന്റെയും സത്യധര്മത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. രാധാദേവിയുടെ കൃഷ്ണപ്രേമം നിരുപാധികമാണ്. ഉദാത്തമായ ആ പ്രണയസങ്കല്പത്തില് കൃഷ്ണനെ സ്നേഹസ്വരൂപനായി വാഴിക്കുന്നു. വ്രജഭൂമിയിലെ കൃഷ്ണന് തന്നെയാണ് ശ്രീഹിത് എന്ന് വിശ്വസിച്ചവര്‍ ഈ പ്രസ്ഥാനത്തിലൂടെ കാരുണ്യവും ശാന്തിയും നേടിയെടുക്കുകയായിരുന്നു. ‘ഹിത് ചൗരാസി’ , ‘സ്ഫുടവാണി’, ‘രാധസുധാനിധി’, ‘യമുനാഷ്ടകം’ എന്നീ ഗ്രന്ഥങ്ങള്‍ ശ്രീഹിതിന്റെ യോഗാത്മക ദര്‍ശനം വെളിപ്പെടുത്തുന്നുണ്ട്. ദാമോദര്‍ദാസ്, ഹരിരാംവ്യാസ്, ചതുര്‍ഭുജദാസ്, രസികദാസ് തുടങ്ങിയ യോഗാത്മക കവികള്‍ രാധാവല്ലഭ സമ്പ്രദായത്തിന്റെ പ്രധാനപ്രചാരകരാണ്. നാട്ടിലുടനീളം ഭക്തിവിശുദ്ധിയുടെ ‘രാധായനം’ പരത്തിയ ഈ അക്ഷരസന്ദേശങ്ങളാണ് ‘വ്യാസവാണി’, ‘രാഗമാല’, ‘ജുഗല്സ്നേഹപത്രിക’, ‘ശ്രീഹിത് ഹരിവംശ് സഹസ്രനാം’ എന്നീ രചനകള്‍. രാധാഭക്തിയുടെ മധുരം കൊണ്ട് ജീവിതത്തെ കൃഷ്ണമയമാക്കുകയായിരുന്നു രാധാവല്ലഭ സമ്പ്രദായം. ‘കൃഷ്ണോഹം’ (കൃഷ്ണന് തന്നെയാണ് ഞാന്‍) എന്ന ബോധപ്രകാശമാണ് ഹിത്ജിയുടെ രാധായന പരിക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: