ആലപ്പുഴ: കൊറോണ വൈറസ് ബാധ കുട്ടനാട്ടിലടക്കം കാര്‍ഷികമേഖലയ്ക്കും തിരിച്ചടിയാകുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ പുഞ്ചക്കൊയ്ത്ത് പ്രതിസന്ധിയിലാകും. ഏതാനും പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ നിരവധി പാടശേഖരങ്ങളില്‍ കൊയ്ത്ത് ആരംഭിക്കുന്നതോടെ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ആവശ്യമായി വരും. തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ എത്തുമോയെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്.
ജില്ലയില്‍ 27,533 ഹെക്ടറിലാണ് പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളത്. പതിവുപോലെ കൊയ്ത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങളാണ് ആശ്രയം. ജില്ലയില്‍ സര്‍ക്കാര്‍ വക എട്ടു യന്ത്രവും, പാടശേഖര സമിതിയുടെ രണ്ട് യന്ത്രവും, സ്വകാര്യ കര്‍ഷകന്റെ അഞ്ചു യന്ത്രവും മാത്രമാണുള്ളത്. 450 മുതല്‍ 500 വരെ യന്ത്രങ്ങളെങ്കിലുമുണ്ടെങ്കില് മാത്രമേ കൊയ്ത്ത് പ്രശ്നങ്ങളില്ലാതെ നടക്കൂ. അതായത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യന്ത്രം വന്നില്ലെങ്കില്‍ കൊയ്ത്ത് മുടങ്ങുമെന്നതാണ് അവസ്ഥ. നിലവില്‍ കുട്ടനാട്ടില്‍ യന്ത്രങ്ങളുമായെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ പോലും നാട്ടിലേക്ക് മടങ്ങിയ സാഹചര്യമാണുള്ളത്. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ എത്തിക്കാനാകുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
കടുത്ത പ്രതിസന്ധിക്കിടയിലാണ് കര്‍ഷകര്‍ പുഞ്ചക്കൃഷിയിറക്കിയത്. കഴിഞ്ഞ സീസണില്‍ 32,000 ഹെക്ടറിലാണ് കൃഷി ഇറക്കിയിരുന്നത്. ഇക്കുറി 4500 ഹെക്ടറോളം കുറവാണ്. സമയബന്ധിതമായി വില ലഭിക്കില്ലെന്ന ആശങ്കയാണ് പലരെയും കൃഷിയില്‍ നിന്ന് അകറ്റുന്നത്. സംഭരിച്ചാല്‍ എന്നു വില ലഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ക്കു പോലും കൃത്യമായ മറുപടി നല്കാന് സാധിക്കുന്നില്ല. കഴിഞ്ഞ രണ്ടു കൃഷികളുടെ സാമ്പത്തിക ബാധ്യത നിലനില്‍ക്കെയാണ് കര്‍ഷകര്‍ ഇത്തവണ പുഞ്ചകൃഷിക്കൊരുങ്ങിയത്. കഴിഞ്ഞ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ക്കുള്ള നെല്ലുവില ഇനിയും പൂര്‍ണമായും കിട്ടിയിട്ടില്ല. ജില്ലയിലാകെ 120 കോടി രൂപയുടെ നെല്ലാണ് രണ്ടാം കൃഷിക്ക് സപ്ലൈകോ കര്‍ഷകരില്‍ നിന്നു സംഭരിച്ചത്. ഇതില്‍ 72 കോടി രൂപ ഇനിയും വിലയിനത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്.
കടുത്ത ചൂടും, ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതും ഇത്തവണ വിളവില്‍ കാര്യമായ കുറവു വരുത്തിയിട്ടുമുണ്ട്. അതിനിടെ, നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് അധിക കിഴിവ് ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: