കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരിയായിരുന്ന തിരുവനന്തപുരം സ്വദേശിനി മിനില കൃഷ്ണന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മിനിലയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവ് തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര സ്വദേശി എസ്. നൗഷാദ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
2006 ആഗസ്റ്റ് 17നാണ് മിനിലയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം ബന്ധുവായ വിജു എന്ന ബാബുവാണെന്ന് വ്യക്തമാക്കി മിനില എഴുതിയ കത്തും കണ്ടെടുത്തിരുന്നു. എന്നാല്‍, പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ല. തുടര്‍ന്ന് ഹര്ജിക്കാരന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എന്നാല്‍, നൗഷാദിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇയാളെ ഒന്നാം പ്രതിയും വിജുവിനെ രണ്ടാം പ്രതിയുമാക്കി കോടതിയില്‍ കുറ്റപത്രം നല്കി.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നൗഷാദ് തിരുവനന്തപുരം അഡി. സിജെഎം കോടതിയില്‍ മറ്റൊരു പരാതി നല്കി. തുടര്‍ന്ന് കുറ്റപത്രം തള്ളിയ കോടതി, ശരിയായി അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, അതേ അന്വേഷണ ഉദ്യോഗസ്ഥന് തന്നെയാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്നും ശരിയായി അന്വേഷണം നടക്കില്ലെന്ന് ആശങ്കയുണ്ടെന്നും നൗഷാദിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ആവശ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: