ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു. 167 രാജ്യങ്ങളിലായി രണ്ടു ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം അയ്യായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 82,813 പേര്‍ക്ക് രോഗം ഭേദമായി. 6423 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ഇറ്റലി, സ്പെയ്ന്‍, ഇറാന്, ജര്‍മനി, അമേരിക്ക, ബെല്‍ജിയം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ഇന്നലെയും രോഗം സ്ഥിരീകരിച്ചത്. ഇറാനിലും മരണം ആയിരം കടന്നു. ഇറാനും സൗദിയും വെള്ളിയാഴ്ച പ്രാര്‍ഥന വേണ്ടെന്നുവച്ചു. ചൈനയില്‍ വൈറസ് വ്യാപനവും മരണവും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് പതിമൂന്ന് പേര്‍ക്കും മരണം സംഭവിച്ചത് പതിനൊന്ന് പേര്‍ക്കുമാണ്. ഹോങ്കോങ്ങില്‍ പുതിയ രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു.
രാജ്യത്ത് വൈറസ് ബാധിതര്‍ 151
ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 151 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 25 പേര് വിദേശികളാണ്. ഇതുവരെ മൂന്ന് പേര് മരിച്ചു. 14 പേര്‍ക്ക് രോഗം ഭേദമായി.
5700 പേര് കര്‍ശന നിരീക്ഷണത്തിലാണ്. വിമാനത്താവളങ്ങളില്‍ എത്തിയ 13,93,301 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ വൈറസ് ബാധിതര്‍. ഇവിടെ മൂന്ന് വിദേശികളടക്കം 42 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച 28 കാരിക്കാണ് പുനെയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയിലും ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. യുപിയില്‍ കൊറോണ രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ കണ്ടെത്തി. മുന്‍കരുതല്‍ നടപടികളുടൈ ഭാഗമായി എല്ലാ സ്വകാര്യ ആശുപത്രികളിലും രോഗികളെ ഐസൊലേറ്റ് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 വരെ തീഹാര്‍ ജയിലില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയതായി ജയിലധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: