‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണാലുണ്ടാകുന്ന’ അവസ്ഥയാണ് സോണിയാ-വാദ്ര കോണ്‍ഗ്രസ്സിനോടൊപ്പം നില്‍ക്കുന്നവര്‍ക്ക്. മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതാണ് അവര്‍ക്കിപ്പോള്‍ സഹിക്കാനും പൊറുക്കാനും വയ്യാത്തത്. നാമനിര്‍ദ്ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നതില്‍ അവര്‍ക്ക് തര്‍ക്കവുമില്ല. മുന്‍ ചീഫ്ജസ്റ്റിസ് രംഗനാഥ മിശ്രയെ രാജ്യസഭയിലേക്ക് ഉള്‍പ്പെടുത്തി അവര്‍ തന്നെ കീഴ്വഴക്കം സൃഷ്ടിച്ചിട്ടുണ്ട്. 1984ല്‍ രാജീവ് ഗാന്ധി ഭരണ കാലത്ത് സിക്ക് കൂട്ടക്കൊലയെ സംബന്ധിച്ച് കോണ്‍ഗ്രസ് ആഗ്രഹിച്ച റിപ്പോര്‍ട്ട് നല്കിയ ശേഷമാണ് അദ്ദേഹത്തിന് രാജ്യസഭയിലിരിപ്പിടം ലഭിച്ചത്.
ഭരണകൂടത്തിനും നിയമനിര്‍മ്മാണ സഭയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും (എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി) കൃത്യമായ വ്യവസ്ഥാപിത അധികാരവും അവകാശവും ഉത്തരവാദിത്വവുമാണ് ഭരണഘടന നിഷ്കര്‍ഷിച്ചിട്ടുള്ളത്. നീതിന്യായവ്യവസ്ഥയുടെ മുഖ്യ ന്യായാധിപനായി സേവനം പൂര്‍ത്തിയാക്കിയ ഒരാളെ നിയമനിര്‍മ്മാണ സംവിധാനത്തിന്റെ ഭാഗമാക്കുന്നതില്‍ എന്താണിത്ര ചര്‍ച്ച ചെയ്യാന്‍?
ചര്‍ച്ച ചെയ്യേണ്ടത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും രാഷ്ട്രീയ ബന്ധങ്ങളുടെ പേരില്‍ കടന്നുകൂടാനുള്ള തരത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരത ഭരണകൂടം നിലനിര്‍ത്തിപ്പോന്ന ന്യായാധിപ നിയമനസംവിധാനമാണ്. പൊതുസമൂഹത്തിന് സുതാര്യമല്ലാത്ത ആ നിയമന രീതിയില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകനും, പല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ന്യായാധിപന്മാരായി കടന്നുകയറിയത് ആരും മറക്കാനിടയില്ല. 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ സഹായിയായവര്‍ ഇന്ന് ഹൈക്കോടതി ജഡ്ജിയായിട്ടുണ്ട്. 1957ല്‍ കേരള മന്ത്രിസഭയിലെ അംഗം പിന്നീട് സുപ്രീം കോടതി ജസ്റ്റിസ് വരെയായി. ജഡ്ജിമാരുടെ അടുത്ത തലമുറകളില്‍ പെട്ടവര്‍ക്കും പിന്നീട് ഇടം ലഭിക്കും. ഇതിനര്‍ത്ഥം വന്നവരാരും ആ പദവികള്‍ക്ക് അര്ഹതയുള്ളവരല്ലെന്നല്ല. ആ പദവികള്‍ പലരും വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി വീതിച്ചുകൊടുത്തത് ജനാധിപത്യ സമൂഹത്തിന് സ്വീകാര്യമല്ലെന്ന് മാത്രം. സുതാര്യവും അര്‍ഹതയുള്ളവര്‍ക്കെല്ലാം അവസരം നല്‍കുന്നതുമായ കുറ്റമറ്റ നിയമനരീതി നാളത്തെ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ അര്‍ഹിക്കുന്നുണ്ട്. വിരമിച്ച ന്യായാധിപന് രാജ്യസഭയില്‍ അംഗത്വം നല്‍കുന്നതല്ല ചര്‍ച്ചയാകേണ്ടത്. മറിച്ച് നീതിന്യായ വ്യവസ്ഥയിലുള്ള നിയമനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനെ കുറിച്ചാകണം ചര്‍ച്ച. പ്രത്യേക പരിഗണനകളില്ലാതെ എല്ലാവര്ക്കും നീതി ഉറപ്പാക്കുന്ന സമൂഹമായി ഭാരതം വളരണമെങ്കില്‍ ചര്‍ച്ചകള്‍ അങ്ങോട്ടു തിരിയുക തന്നെ വേണം. ഇന്നലെകളില്‍ തുടര്‍ന്നു പോന്ന തെറ്റുകള്‍ തിരുത്തുകയും വേണം.
സുപ്രീം കോടതി ഉള്‍പ്പെടെയുള്ള നീതിന്യായ വ്യവസ്ഥയെയും ഇലക്ഷന് കമ്മീഷനുള്‍പ്പെടെയുള്ള ഭരണഘടന സംവിധാനങ്ങളെയും അടക്കിവാണവരായിരുന്നു പ്രതിപക്ഷത്തിരിക്കുന്ന നെഹ്റു കുടുംബം. അന്ന് നിയമവ്യവസ്ഥയുടെ തലപ്പത്തെത്തണമെങ്കില്‍ അവരുടെ കൃപാകടാക്ഷം ഉറപ്പാക്കേണ്ടിയിരുന്നു. അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പലരേയും നിര്‍ണ്ണായക പദവികളില്‍ കയറ്റിയിരുത്തി. ഇഷ്ടപ്പെടാത്തവരെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു. ഉദ്ദാഹരണങ്ങള്‍ നിരവധിയാണ്. മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന ഗോഡ്സേ അക്കാലത്ത് ഹിന്ദുമഹാസഭയില്‍ അംഗമായിരുന്നു. ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ നിര്‍മല്‍ ചാറ്റര്‍ജിയെ ഗാന്ധിവധം നടന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. പിന്നീട് അത്ഭുതകരമായ വേഗത്തില്‍ വിചാരണയും നിയമനടപടികളും പൂര്‍ത്തിയാക്കി. സുപ്രീം കോടതി അപ്പീലിനുപോലും അവസരം നല്‍കാതെ ഗോഡ്സയെ തൂക്കിലേറ്റി. രാജ്യം നടുങ്ങിയ ഹീനമായ കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ ഗൂഢാലോചനയിലേക്കും പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും ഒരന്വേഷണവും എത്തരുതെന്ന് ഉറപ്പാക്കുകയായിരുന്നു അന്നത്തെ ഭരണകൂടം. ഗോഡ്സെ തൂക്കിലേറ്റപ്പെട്ട ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മല്‍ ചാറ്റര്‍ജി ഹൈക്കോടതി ജഡ്ജിപദവി രാജിവച്ചെന്ന് അറിയുമ്പോഴാണ് ആ നിയമനംതന്നെ സ്ഥാപിത താത്പര്യങ്ങള്‍ക്കുള്ള വഴിയായിരുന്നെന്ന് മനസിലാക്കേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള നിയമനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി കണക്കാക്കേണ്ട മറ്റൊരു സന്ദര്‍ഭമായിരുന്നു പദ്മജ നായിഡുവിനെ ജവഹര്‍ലാല്‍ നെഹ്റു വെസ്റ്റ് ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്.
ഇന്ദിരയുടെ ഇംഗിതത്തിനനുസരിച്ച് കോടതിവിധി തയാറാക്കാത്തതിനായിരുന്നു ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയെ ഒഴിവാക്കി ജൂനിയര്‍ ജഡ്ജിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. പിന്നീട് ജസ്റ്റിസ് ഖന്ന രാജിവച്ചൊഴിയുകയും ചെയ്തു. കമ്മിറ്റഡ് ജുഡീഷ്യറിയെന്ന സങ്കല്പ്പത്തിലൂടെ തന്നോട് പ്രതിബദ്ധതയുള്ളവര്‍ക്കായി ഇന്ദിരാ ഗാന്ധി ന്യായാധിപന്മാരുടെ കസേരകള്‍ മാറ്റിവച്ചു.
നെഹ്റു-ഇന്ദിര വംശഭരണം ഭാരതത്തില്‍ തുടര്‍ക്കഥയായപ്പോള്‍ തങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ സാമ്പത്തികകുത്തകകളും സോവിയറ്റ് റഷ്യയുടെ കാലത്ത് പാക്കിസ്ഥാനോടും ചൈനയും പടിഞ്ഞാറന്‍ ശക്തികളോടും വിധേയത്വം പുലര്‍ത്തിപ്പോരുന്ന രാഷ്ട്രീയ ശക്തികളും ഭരിക്കുന്ന കുടുംബത്തിന് വേണ്ടതെല്ലാം എത്തിക്കുന്ന അവസ്ഥയെത്തി. അവരോടൊപ്പം അധോലോകം വരെ അണിചേര്‍ന്നു. ഫലമോ സാധാരണ പൗരന് കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നത് ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്നതുപോലെ ദുഷ്കരമായി. സാമ്പത്തിക കുത്തകകള്‍ക്കും കാശുള്ള കുറ്റവാളികള്‍ക്കും രാജ്യവിരുദ്ധശക്തികള്‍ക്കും നീതിന്യായ വ്യവസ്ഥയെ ഭയക്കേണ്ടാത്ത അവസ്ഥ വന്നു.
ഇന്നലെവരെ കോടതികളേയും ഭരണഘടനാ സ്ഥാപനങ്ങളെയും അടക്കി വാണിരുന്നവര്‍ക്ക് അവയൊക്കെ അടിച്ചു തകര്‍ത്താലെ പിടിച്ചു നില്ക്കാന് കഴിയൂയെന്ന അവസ്ഥയെത്തി. കോടതികളിലും തെരഞ്ഞെടുപ്പ് കമ്മീഷനുകളിലും പദവികളിലുള്ളവരെ വെല്ലുവിളിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതായി പിന്നീട് അവരുടെ വഴി. അങ്ങനെയുള്ള ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പടയൊരുക്കിയവരില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഉള്‍പ്പെട്ടിരുന്നതും മറക്കാന്‍ പാടില്ലാത്ത വസ്തുതയാണ്. അന്ന് സുപ്രീം കോടതി കൊളീജിയത്തിലെ നാല് ആദരണീയ ന്യായാധിപന്മാര് നടത്തിയ പത്രസമ്മേളനം ഇന്ത്യന്‍ ജുഡീഷ്യറി കണ്ട കറുത്ത സംഭവമായി ബാക്കി നില്ക്കുന്നു. ആ അസാധാരണ നടപടിക്ക് കമ്യൂണിസ്റ്റ് നേതാവും ടുക്ക്ഡേ ടുക്ക്ഡേ ഗാങ്ങില്‍ സജീവമായിരുന്ന യുവതിയുടെ പിതാവുമായ ഡി. രാജ ജസ്റ്റിസ് ചെലമേശ്വറിനെ നേരില്‍ കാണുകയുണ്ടായെന്നതും ഗൂഢാലോചനയുടെ പിന്നില്‍ നിന്ന ശക്തികളെ പുറത്തു കൊണ്ടുവരുന്നതായി. ആ ഇടപെടലിന് ശേഷവും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ മുഖ്യന്യായാധിപനാക്കാന് ഒരു മടിയും കൂടാതെ വഴിയൊരുക്കിയ നരേന്ദ്ര മോദി കക്ഷിരാഷ്ട്രീയത്തിനപ്പുറം വളര്‍ന്ന് യഥാര്‍ത്ഥ രാഷ്ട്ര തന്ത്രജ്ഞനായതിന്റെ ലക്ഷണം കുറിക്കുകയായിരുന്നു.
മുഖ്യ ന്യായാധിപ പദവിയിലെത്തപ്പെട്ട ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ ശക്തിയും ശുദ്ധിയും ഉറപ്പാക്കുന്ന ശക്തമായ ഇടപെടലുകള്‍ നടത്തികൊണ്ട് മുന്നോട്ടു പോകുന്നതാണ് പൊതുസമൂഹം കണ്ടത്. സുപ്രീം കോടതിയിലെ നീതിനടത്തിപ്പില്‍ സ്ഥാപിത താത്പര്യത്തിനായി ഇടപെടുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹം സ്വീകരിച്ച നടപടികളും ഭാരതം കണ്ടറിഞ്ഞു. അദ്ദേഹം രാജ്യസഭയിലെത്തുന്നതോടെ നരേന്ദ്ര മോദി ഭരണത്തില്‍നിന്ന് ഭാരതം പ്രതീക്ഷിക്കുന്ന ഗൗരവമേറിയ നിയമനിര്‍മ്മാണ പ്രക്രിയകള്‍ക്ക് പുത്തന്‍ ചുവടുവയ്പ്പാകും.
കെ.വി. രാജശേഖരന്
(9497450866)
പ്രതികരിക്കാൻ ഇവിടെ എഴുതുക: