മുപ്പത്തിമൂന്നു വര്‍ഷം മുന്‍പ്. മുംബയ് അന്ധേരി തക്ഷീലകോളനിയിലെ ഫഌറ്റിന്റെ ചെറിയമുറി. ഭരതനാട്യവും കഥകളിയും പഠിച്ച സുനന്ദ, ടിവിയിലെ നൃത്ത പരിപാടിയില്‍ കണ്ണും നട്ടിരിക്കുകയാണ്. കനക റെലെയുടെ മോഹിനിയാട്ടമാണ് ദൂരദര്‍ശനില്‍. കണ്ടതും പഠിച്ചതുമായ നൃത്ത രൂപങ്ങളില്‍ നിന്നും സങ്കല്പത്തില് നിന്നും വേറിട്ട മാനവും തലവുമുള്ള നൃത്താവിഷ്്ക്കാരം. വ്യത്യസ്ഥ നൃത്തച്ചുവടുകള്‍. മോഹിനിയാട്ടത്തില്‍ സാധാരണയായി കാണുന്ന ചൊല്‍ക്കെട്ട്, പദം, തില്ലാന എന്നിങ്ങനെയുള്ള സാമ്പ്രദായിക ശീലങ്ങളെ മാറ്റി ഗണപതിസ്തുതി, അഷ്ടപദി, അഷ്ടനായിക എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങള്‍. ലോ കോളേജ് വിദ്യാര്‍ത്ഥിയായ സുനന്ദ മനസ്സില്‍ ഉറപ്പിച്ചു. ഈ നൃത്തമാണ് എനിക്ക് വേണ്ടത്. മോഹിനിയാട്ടം പഠിക്കണം. അതും കനക റെലെയില്‍ നിന്ന്.
അമ്മയോട് പറഞ്ഞപ്പോള്‍ പിന്തുണച്ചെങ്കിലും സാധിക്കുമോ എന്ന സംശയം. ‘ഭരതനാട്യം നന്നായി ചെയ്യും. കഥകളിയും അറിയാം അതു പോരേ’ എന്ന ചോദ്യവും. ഭരതനാട്യം പഠിപ്പിച്ച ഗുരു ദീപക് മസുംദാറിനോടും ആഗ്രഹം പറഞ്ഞു. ‘കനകറെലെയോട് ശുപാര്‍ശ ചെയ്യാം. പക്ഷേ, പുറത്തുനിന്നുള്ള കുട്ടികളെ അവര്‍ പഠിപ്പിക്കില്ല. നൃത്തരൂപമെന്നതിലുപരി ശാസ്ത്രീയമായും, വൈജ്ഞാനികമായും മോഹിനിയാട്ടത്തെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ സാരമായ പങ്കു വഹിച്ച നര്‍ത്തകിയാണ്. മുംബൈ കേന്ദ്രമാക്കി അവര്‍ നടത്തുന്ന നളന്ദ നൃത്തകലാ മഹാവിദ്യാലയത്തില്‍ പൂര്‍ണ്ണ സമയ ഡിഗ്രി കോഴ്സിനു ചേര്‍ന്നാലേ നൃത്തം പഠിക്കാനാകു’. ശിഷ്യയുടെ ആഗ്രഹത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട് ദീപക് മസുംദാര്‍ ശ്രമിച്ചു നോക്കാം എന്നുമാത്രം പറഞ്ഞു. മസുംദാറിന്റെ ശുപാര്‍ശയുമായി എത്തിയ സുനന്ദയിലെ നര്‍ത്തകിയെ കണ്ടറിഞ്ഞതുപോലെയായിരുന്നു കനകറെലെയുടെ പ്രതികരണം. നാളെ തന്നെ വന്നു ചേര്‍ന്നു കൊള്ളൂ. നിയമ വിദ്യാര്‍ത്ഥിയാണെന്നും അതു തുടരണമെന്നാഗ്രഹമുണ്ടെന്നും സുനന്ദ സൂചിപ്പിച്ചപ്പോള്‍ ‘രണ്ടും കൂടി ഒന്നിച്ചെങ്ങനെ’ എന്നു ചോദിച്ചെങ്കിലും നിയമ പഠനം മുടക്കേണ്ട എന്ന മറുപടിയും വന്നു. മുംബൈ ലോ കോളേജില്‍ നിന്ന് നിയമബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് രാജ്യാന്തര നിയമത്തില്‍ ഗവേഷണവും നടത്തിയിട്ടുള്ള കനക റെലെ, നൃത്തത്തോടൊപ്പം നിയമപഠനത്തേയും സ്നേഹിച്ചിരുന്നതാകാം സുനന്ദയ്ക്കായി ഒരിളവിനു കാരണം. ആ ഇളവ് മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലെ പുതിയൊരു ഏടിനു തുടക്കമാകുകയായിരുന്നു. ഗുരുവിനു ചേര്‍ന്ന ശിഷ്യയായി സുനന്ദ മാറി. മോഹിനിയാട്ടം വിഷയമായെടുത്ത് ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ആദ്യത്തെ ആള്. ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും. രാജ്യത്തിനകത്തും പുറത്തുമുള്ള നൃത്തവേദികളെ നടന വൈഭവം കൊണ്ട് വിസ്മയിപ്പിച്ച നര്‍ത്തകി. നിരവധി കലാപ്രതിഭകളുടെ ഇഷ്ട ഗുരുനാഥ. മോഹിനിയാട്ടത്തിന്റെ അന്താരാഷ്ട്ര അംബാസിഡര്‍ എന്ന വിശേഷണം പേറുന്ന മലയാളി. ഡോ. സുനന്ദാ നായര്‍.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സുനന്ദ, ജീവിതത്തില്‍ പിന്നിട്ട വഴികളെക്കുറിച്ചും അവിചാരിത വഴിത്തിരിവുകളെക്കുറിച്ചും സംസാരിക്കുന്നു
മുംബയ് മലയാളി
അച്ഛന് ബാലകൃഷ്ണനും അമ്മ സുലോചനയും പാലക്കാടുകാരാണ്. അച്ഛന് മുംബയില്‍ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ആയിരുന്നതില്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബയിലാണ്. രണ്ട സഹോദരന്മാര്. സതീഷും സുഹാസും. സെന്റ് തോമസ് അക്കാദമി, ചിനായി കാളേജ് ഓഫ് കൊമേഴ്സ്, ജെ സി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭര്‍ത്താവ് ക്യാപ്റ്റന്‍ ആനന്ദ് നായര്‍. കെമിക്കല്‍ എഞ്ചീനീയറായ അനിരുദ്ധും ഹൈസ്ക്കൂള് വിദ്യാ ര്‍ത്ഥി സിയയും മക്കള്‍
വഴിത്തിരിവ്
കലാമണ്ഡലം കൃഷ്ണന് കുട്ടി വാര്യര്‍ നാട്ടിലെ ജോലി ഉപേക്ഷിച്ച് മുംബയിലെത്തി. കലാമണ്ഡലം ഗോപി ആശാന്റേയും സത്യഭാമയുടേയും ഒക്കെ ഗുരുവായ അദ്ദേഹത്തിന്റെ ശിഷ്യ ആകാന്‍ ഭാഗ്യം കിട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ആറാം വയസ്സില്‍ നിലവിളക്കിനു മുന്നില്‍ ഗുരുവിനു ദക്ഷിണകൊടുത്ത് നമസ്ക്കിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. ഭരതനാട്യത്തിന് ദീപക് മസുംദാറിനെ ഗുരുവായി കിട്ടിയതും അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം കനക റെലെയുടെ ശിഷ്യ ആയതും ജീവിതം വഴി തിരിച്ചുവിട്ടു.
നൃത്തത്തോട് എന്താണ് ഇത്ര അഭിനിവേശം തോന്നാന്‍ കാരണം എന്നറിയില്ല. അച്ഛന്റേയോ അമ്മയുടേയോ കുടുബത്തില്‍ നര്‍ത്തകരില്ല. സ്ക്കൂളില്‍ പോകുന്നതിനേക്കാള്‍ താല്പര്യം വാര്യര്‍ സാറിന്റെ നൃത്ത കഌസില്‍ പോകാനായിരുന്നു. ഒരു കഌസ് പോലും മുടക്കില്ല. അന്ന് മാസത്തിലൊന്ന് മലയാളം സിനിമ തീയേറ്ററില്‍ വരും. കുടുംബത്തിലെ മറ്റുള്ളവര്‍ സിനിമ കാണാന്‍ പോകും. ഞാന്‍ ആ സമയം കൂടി ഡാന്‍സ് കഌസിലിരിക്കും. എന്റെ കഌസ് കഴിഞ്ഞാല്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നത് കണ്ടിരിക്കും. പത്താം കഌസില്‍ പരീക്ഷയക്ക് ഒരുമാസം മുന്‍പ് തല്ക്കാലം നൃത്ത പഠനം നിര്‍ത്താന്‍ അമ്മ നിര്‍ബന്ധിച്ചു. ഞാന്‍ സമ്മതിച്ചില്ല. എന്നാല്‍ ഒരു ദിവസം വാര്യര്‍ സാര്‍ പറഞ്ഞു” ഇനി പരീക്ഷ കഴിഞ്ഞ് വന്നാല്‍ മതി’. എനിക്കുറപ്പുണ്ടായിരുന്ന അത് അദ്ദേഹം സ്വയം പറയുന്നതല്ലന്ന്. വീട്ടിലെത്തി അമ്മയെ ചോദ്യം ചെയ്തപ്പോള്‍ ഉറപ്പായി. വാര്യര്‍ സാറിനെകൊണ്ട് അമ്മ പറയിപ്പിച്ചതാണെന്ന്. വാര്യര്‍ സാര്‍ തന്നെയാണ് കൂടുതല്‍ പഠിക്കണമെന്നും അതിന് വലിയ ഗുരുക്കനാമരൂടെ അടുത്തു പോകണമെന്നും നിര്‍ബന്ധിച്ചത്. അങ്ങനെയാണ് ദീപക് മസുംദാറിന്റെ അടുത്തു പോകുന്നത്. ഭരതനാട്യം പഠിപ്പിക്കാമെന്ന് അദ്ദേഹം ഏറ്റു. അദ്ദേഹത്തിന്റെ കീഴിലെ പഠനമാണ് പ്രൊഫഷണല്‍ ഡാന്‍സറായി മാറാന്‍ കാരണം. എനിക്ക് എന്തൊക്കയൊ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം വന്നു. പിന്നെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഡോ കനക റെലെ.
ഡോ. കനക റെലെ
നളന്ദ നൃത്തകലാ
വിദ്യാലയം
ദീപക് മസുംദാറിന്റെ ശുപാര്‍ശകത്തുമായി ഡോ കനക റെലെയെ കാണാന്‍ നളന്ദ നൃത്തകലാ വിദ്യാലയത്തിലെത്തിയത് മായാതെ മനസ്സിലുണ്ട്. ശിഷ്യ ആക്കാമെന്ന് കനക റെലെ സമ്മതിച്ചു. ചേരാനുള്ള അപേക്ഷ ഫോം വാങ്ങാന്‍ നില്ക്കുമ്പോള് മണിയപ്പന് സാര്‍ നേരെ വരുന്നു. അന്ന് മുംബയില്‍ അറിയപ്പെടുന്ന മൃദംഗ വിദ്വാനാണ് അദ്ദേഹം. ഞാന്‍ ഭരതനാട്യം അവതരിപ്പിച്ച പല വേദികളിലും മൃദംഗം വായിച്ചത് മണിയപ്പന് സാര്‍ ആയിരുന്നതിനാല്‍ നല്ല പരിചയവും. മോഹിനിയാട്ടം പഠിക്കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കി. ‘നീ മോഹിനിയാട്ടം പഠിക്കരുത്. നല്ലതുപോലെ ഭരതനാട്യം ചെയ്യുന്നുണ്ടല്ലോ. കൂടുതല്‍ മുന്നോട്ടു പോകാന്‍ ഭരതനാട്യമാണ് നല്ലത്. മോഹിനിയാട്ടം കൂടി പഠിക്കാന്‍ പോയാല്‍ രണ്ടും ഇല്ലാതാകും. ഭരതനാട്യത്തില്‍ നിനക്ക് വലിയ ഭാവിയുണ്ട്’ എന്നു പറഞ്ഞ് മണിയപ്പന് സാര്‍ അപേക്ഷ ഫോം പൂരിപ്പിക്കാന്‍ സമ്മതിച്ചില്ല. എന്റെ താല്പര്യം ആവര്‍ത്തിച്ചപ്പോള്‍ ഏതായാലും വീട്ടില്‍ പോയി ഒന്നുകൂടി ആലോചിക്ക് എന്നുപറഞ്ഞു വിട്ടു. തടസ്സ വാദങ്ങള്‍ക്ക് ആഗ്രഹത്തിനു തടയിടാനായില്ല. കനക റെലെയുടെ ശിഷ്യയായി. അവഗണനയുടെ ചുഴിക്കുത്തില്‍ നിന്നും നവചൈതന്യം നല്കി മോഹിനിയാട്ടത്തിന് പുതുജീവന്‍ നല്കിയവരില് പ്രമുഖയാണ് ഡോ. കനക് റെലെ. മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയെ അപ്പാടെ ജീവിതത്തിലേക്ക് ആവാഹിച്ച നര്‍ത്തകി. വ്യത്യസ്തമായ വീക്ഷണകോണിലൂടെ സ്വന്തം കലയിലൂടെ തന്നെ സമൂഹത്തിലെ തെറ്റിനുനേരെ പ്രതികരിക്കുന്ന കലാകാരി. സ്വദേശം ഗുജറാത്തെങ്കിലും കേരളത്തിന്റെ ലാസ്യനടനത്തോടായിരുന്നു പ്രിയം. ആ അര്‍പ്പണ മനോഭാവത്താല്‍ അനുഗ്രഹീതമായതാവട്ടെ മോഹിനിയാട്ടവും. നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക. പത്മഭൂഷന്‍ നല്കി രാജ്യം ആദരിച്ച കലാകാരി. കനക റെലെയുടെ ശിഷ്യ എന്നതുതന്നെയാണ് ഇന്നും എന്റെ പ്രധാന സ്വത്വം.
ഉള്‍ക്കിടുക്കത്തോടെ
ആദ്യ മത്സരം
ചിനായി കൊമേഴ്സ് ആന്റ് മാനേജ്മെന്റ് കോളേജില്‍ ബി കോം മൂന്നാം വര്‍ഷം പഠിക്കുകയാണ്. ഒരു ദിവസം കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ രണ്ടു മൂന്നു കുട്ടികള്‍ തടഞ്ഞു നിര്‍ത്തി ‘ നീ കോളനിയിലും മറ്റും ഡാന്‍സു ചെയ്യുമല്ലോ. ഞങ്ങള്‍ കണ്ടിട്ടുണ്ട്. എതിരൊന്നും പറയേണ്ട. ഇത്തവണ സര്‍വകലാശാല മത്സരത്തില്‍ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കണം. മുന്‍ വര്‍ഷങ്ങളില്‍ കോളേജിനെ പ്രതിനിധീകരിച്ച കുട്ടിയുണ്ട്. അതുമായി ഒരു മത്സരം നടത്താം. അധ്യാപകര്‍ കണ്ട് വിലയിരുത്തിയ ശേഷം മതി. മത്സരത്തിന് തയ്യാറാകുക’ കോളേജ് യൂണിയന് പ്രവര്‍ത്തകരായിരുന്ന അവര്‍ തീര്‍ത്തു പറഞ്ഞു. ഉള്‍ക്കിടിലമാണ് ഉണ്ടായത്. ചെറിയ വേദികളില്‍ നൃത്തം ചെയ്യും എന്നല്ലാതെ മത്സരത്തിനുള്ള കഴിവൊന്നമില്ല എന്ന തോന്നലായിരുന്നു മുന്നില്‍. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ അഭിപ്രായവും മത്സരിക്കണം എന്നുതന്നെ. മത്സര ദിവസത്തിനു തലേന്ന് എതിരെ മത്സരിക്കേണ്ട കുട്ടിയെ കണ്ടു. മത്സരിക്കാന്‍ തന്നെയാണോ തീരുമാനെമെന്ന് കുട്ടി ചോദിച്ചു. അതെ എന്ന് മറുപടി നല്കി. മത്സര ദിവസം ആ കുട്ടി കോളേജില്‍ വന്നില്ല. വിധികര്‍ത്താക്കളെല്ലാം എത്തി. എതിരാളിയില്ലങ്കിലും നൃത്തം അവതരിപ്പിച്ച് കാണണം എന്നവര്‍ നിര്‍ദ്ദേശിച്ചു. എന്തെന്നില്ലാത്ത ഭയത്തോടെയാണ് തില്ലാന ചെയ്തത്. നൃത്തം കഴിഞ്ഞപ്പോള്‍ വിധി കര്‍ത്താക്കള്‍. ‘കുട്ടി രണ്ടു വര്‍ഷമായി എവിടെ ആയിരുന്നു ‘എന്നു ചോദിച്ചുകൊണ്ട് സ്റ്റേജിലെത്തി അനുമോദിച്ചു. സര്‍വകലാശാല മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കിട്ടിയത് ഏറെ ശ്രദ്ധേയയാകാന്‍ ഇട നല്കി. ആ വര്‍ഷം കോളേജിനെ പ്രതിനിധികരിച്ചു പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം.
ഇതേ ഭയത്തോടെ അരങ്ങിലേറിയത് ദല്‍ഹിയിലാണ്. നളന്ദയില്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ പിന്നിട്ടതേയുള്ളു. ദല്‍ഹിയില്‍ കനക റെലെയുടെ നൃത്താവിഷ്ക്കാരം. എന്നെയും സംഘത്തില്‍ കൂട്ടി. അത് വലിയൊരു അംഗീകാരമായിരുന്നു. അതി പ്രശസ്തരിരിക്കുന്ന വേദിയില്‍ ഗുരു കനക റെലെയ്ക്കൊപ്പം നൃത്തം. സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവാത്തകാര്യം. ‘പൂന്തേന്‍ നേര് മൊഴി സഖി ഞാന്‍ വിരഹം പൂണ്ടു വലഞ്ഞിടുന്നേന്‍….’. സ്വാതിതിരുനാളിന്റെ വിരഹാര്ദ്രമായ പദങ്ങള്‍ക്ക് അനുസരിച്ച് ചുവടു വെക്കുന്ന മുഗ്ദ നായികയുടെ ചെറിയൊരു വേഷമായിരുന്നു എന്റേത്. അക്കാലത്തെ ഏറ്റവും പ്രശസ്തനായ നൃത്ത-സംഗീത നിരൂപകന് സുഗുടു മാമ (പി.സുബ്രമണ്യം) സദസ്സിലുണ്ടായിരുന്നു. കനക റെലെയുടെ നൃത്താവിഷ്ക്കാരത്തെക്കുറിച്ച് സ്റ്റേറ്റ്മാന്‍ പത്രത്തില്‍ അദ്ദേഹം ലേഖനം എഴുതി. അതില്‍ എന്നെകുറിച്ചും പേരെടുത്ത് പരാമര്‍ശം വന്നു. യുവ നര്‍ത്തകകളില്‍ പ്രതീക്ഷ നല്കുന്നവള് എന്ന് അദ്ദേഹം കുറിച്ചു. അത് വലിയൊരു അംഗീകാരവും ബഹുമതിയും ആയിരുന്നു. നൃത്ത രംഗത്തുള്ളവര്‍ എന്നെ നിരീക്ഷിക്കാന്‍ അത് ഇട നല്കി.
നിയമം, ഭരതനാട്യം,
കഥകളി
നിയമ പഠനം തുടര്‍ന്നു കൊണ്ടുതന്നെ മോഹിയാട്ട പഠനവും തുടരാം എന്നു കരുതിയാണ് നളന്ദയില്‍ ചേര്‍ത്തത്. തുടക്കത്തിലേ അത് സാധ്യമല്ലന്നു തിരിച്ചറിഞ്ഞു. നിയമ പഠനത്തിന് വിരാമമിട്ടു. മോഹിനിയാട്ടമാണ് വഴി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഭരതനാട്യവും കഥകളിയും വേണ്ടന്നുവെച്ചു. ഓരോ നൃത്തരൂപങ്ങളും ഓരോ ഭാഷപോലെയാണ്. ഒന്നിലധികം ഭാഷകള്‍ പഠിച്ചാല്‍ സംസാരത്തിനിടയില്‍ പലഭാഷകളിലേയും വാക്കുകളും വാചകങ്ങളും കയറിവരും. മലയാളം പറയുന്നതിനിടയില്‍ ഇംഗഌഷ് വാക്കുകള്‍ ഉപയോഗിക്കുന്നതുപോലെ. അതിനാല്‍ മോഹിനിയാട്ടം പഠിക്കാനാണ് തീരുമാനമെങ്കില്‍ തുടര്‍ന്ന് അതുമാത്രം പഠിക്കാന്‍ കനക റെലെ നിര്‍ദ്ദേശിച്ചു. ആറാം വയസ്സില്‍ തുടങ്ങിയ കഥകളി പഠനവും അരങ്ങേറ്റം കുറിച്ച ഭരതനാട്യവും വേണ്ടന്നു വെച്ചു. കഥകളിയിലെ പരിശീലനമുറകളും ഭരതനാട്യത്തിലെ അനുശീലനവും മോഹിനിയാട്ടം പഠനത്തിന് വഴികാട്ടിയായി.
മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്ഡിയും
മോഹിനിയാട്ടത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യ വിദ്യാര്‍ഥി എന്നതില്‍ അഭിമാനമുണ്ട്. ബോംബെ സര്‍വകലാശാലയുടെ കീഴിലുള്ള നളന്ദയില്‍ അധ്യാപികയായി ചേര്‍ന്നു. യുജിസി മാനദണ്ഡപ്രകാരം നെറ്റ് പരീക്ഷയും പാസായി. ഡോക്ടറേറ്റ് എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഗുരു കനക റെലെ വിലക്കി. ‘മികച്ച രീതിയില്‍ നൃത്തം ചെയ്യാന്‍ കഴിവുള്ള നീ അതിലാണ് ശ്രദ്ധിക്കേണ്ട്. ഗവേഷണത്തിനൊക്കെ കൂടുതല്‍ സമയം കളയേണ്ടി വരും. അത് നിന്റെ നൃത്താവിഷ്ക്കരണത്തെ ബാധിക്കും.’ എന്നതായിരുന്നു വിശദീകരണം. ഡോക്ടറേറ്റ് സ്വപ്നത്തിന് താല്‍ക്കാലിക വിട നല്കി. എങ്കിലും ഉപേക്ഷിച്ചില്ല. അവിചാരിതമായി 2012 ല്‍ പിഎച്ച്ഡിയുടെ കാര്യം പരാമര്‍ശിച്ചപ്പോള്‍, ആഗ്രഹം കൊണ്ടുനടക്കുകയാണെങ്കില്‍ ആകട്ടെ എന്നായി. പക്ഷേ കര്‍ശന നിര്‍ദ്ദേശം വെച്ചു. ‘പരിപാടികളുടെ പേരു പറഞ്ഞ് ഗവേഷണം ഉഴപ്പാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ അന്നു നിര്‍ത്തും’ ഗുരു പറഞ്ഞതിലും രണ്ടൂമാസം മുന്‍പുതന്നെ പ്രബന്ധം തയ്യാറാക്കി നല്‍കാനായി. ‘മോഹിനിയാട്ടത്തിലെ സഹജമായ ഭാവാത്മക സ്ത്രീ സ്വാതന്ത്രവാദം’ എന്നതായിരുന്നു വിഷയം. സര്‍വകലാശാല ഡോക്ടറേറ്റും സമ്മാനിച്ചു.
പ്രവാസം, തിരുവാതിര, കത്രീന
ഹൃദയം പറിക്കുന്ന വേദനയോടെയാണ് 2000ല്‍ അമേരിക്കയിലേക്ക് പറന്നത്. ഭര്‍ത്താവ് ആനന്ദ് നായര്‍ നേവിയില്‍ ക്യാപ്റ്റനായിരുന്നു. അമേരിക്കയില്‍ ജോലി ലഭിച്ച ഭര്‍ത്താവിനൊപ്പം പോകാന്‍ നിര്‍ബന്ധിതയായി. അതോടെ നൃത്തജീവിതം അനിശ്ചിതാവസ്ഥയിലും. ആദ്യം ന്യൂഓര്‍ലിയന്‍സിലായിരുന്നു താമസം. ഒരു ദിവസം അവിടുത്തെ മലയാളി അസോസിയേഷനിലെ ചില വനിതകള്‍ വീട്ടിലെത്തി. ‘നര്‍ത്തകിയാണെന്നറിഞ്ഞു. ഓണത്തിന് അവതരിപ്പാക്കാന്‍ കുട്ടികളെ തിരുവാതിര പഠിപ്പിക്കാമോ’ എന്നതായിരുന്നു അവരുടെ ആവശ്യം. കരച്ചിലാണ് വന്നതെങ്കിലും പ്രകടിപ്പിക്കാനായില്ല. അഹങ്കാരി എന്നു പറയിപ്പിക്കരുതല്ലോ. എന്റെ നൃത്തപാരമ്പര്യത്തെക്കുറിച്ച് അവര്‍ക്കറിയുകയുമില്ല. തിരുവാതിര പരിശീലിപ്പിക്കുക മാത്രമല്ല, ഒരു ഡാന്‍സ് അവതരിപ്പിക്കണമെന്ന നിര്‍ബന്ധവും വന്നു. അണിഞ്ഞൊരുങ്ങി വേദിയിലെത്തി. സംഗീതം ഉയര്‍ന്നപ്പോള്‍ ആകെയൊരു പതര്‍ച്ച. പാട്ട് സി.ഡി യില്‍ നിന്ന്. അതേവരെ സി.ഡി യില്‍ പാട്ടിട്ട് ആടിയിട്ടില്ല. അടി തെറ്റുമെന്ന ആശങ്കയില്‍ ഒരുവിധം ആടിത്തീര്‍ത്തു. പക്ഷേ, അത് മറ്റൊരു തുടക്കമായിരുന്നു. കുട്ടികളെ നൃത്തം പഠിപ്പിക്കണമെന്ന ആവശ്യവുമായി പലരും എത്തി. സുനന്ദാസ് പെര്‍ഫോമന്‍സ് ആര്‍ട് സെന്റര്‍ എന്നപേരില്‍ നൃത്ത വിദ്യാലയം. കുറച്ചു നാളുകള്‍കൊണ്ടൂതന്നെ പേരെടുക്കാനായി. എന്നാല്‍ 2005 ആഞ്ഞടിച്ച കത്രീന കൊടുങ്കാറ്റ് വില്ലനായി. നൃത്തവിദ്യാലയവും സ്റ്റുഡിയോയും എല്ലാം കാറ്റും മഴയും കൊണ്ടുപോയി. താമസം ഹൂസ്റ്റണിലേക്ക്. അവിടെ നൃത്ത വിദ്യാലയം പുനരാരംഭിച്ചു. ഇന്ന് നിരവധി കുട്ടികള്‍ പഠിക്കുന്ന അമേരിക്കയാകെ അറിയപ്പെടുന്ന നൃത്തസ്ഥാപനമാണിത്. ഒപ്പം മൂംബയില്‍ ശ്രുതിലയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സും നടത്തിക്കൊണ്ടുപോകുന്നു. ഗുരു കലാമണ്ഡലം കൃഷ്ണന് കുട്ടി വാര്യര്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനമാണിത്. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അദ്ദേഹം എന്നെ ഏല്പിച്ച സ്ഥാപനം.
ഹൂസ്റ്റണ്‍ – മുംബൈ ഷട്ടില്‍
താമസം ഹൂസ്റ്റണിലാണെങ്കിലും മനസ്സ് മുംബയില്‍ എന്നു പറയാം. നാട്ടില്‍ നൃത്താവതരണത്തിന് കിട്ടുന്ന അവരമൊന്നും പാഴാക്കില്ല. മധ്യപ്രദേശിലെ ഖജുരാഹോ ഉത്സവം, ഒറീസയിലെ കൊണാര്‍ക് ഉത്സവം, ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ യുവ മഹോത്സവങ്ങള്‍, തിരുവനന്തപുരം സൂര്യ ഫെസ്റ്റിവല്‍, ഉജ്ജയിന്‍ കാളിദാസ് സമോവര്‍, ഗുജറാത്ത് മോഡേരാ ഫെസ്റ്റിവല്‍, മൈസൂര്‍ ദസ്സേറ ഉത്സവം തുടങ്ങി ഭാരതത്തിലെ തലയെടുപ്പുള്ള നൃത്തോല്‍സവങ്ങളിലെല്ലാം മോഹിനിയാട്ടം നടത്താനുള്ള ഭാഗ്യണ്ടായി. അമേരിക്കയിലെ വിവിധ വേദികള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്, വടക്കന്‍ കൊറിയ, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നിവിടങ്ങളിലൊക്കെ നൃത്താവിഷ്ക്കരണം നടത്താനായി. മുംബയില്‍ ചെറിയ പരിപാടികള്‍ക്കു പോലും എത്തേണ്ടി വരാറുണ്ട്. രാവിലെ വിമാനത്തിലെത്തി, അല്പനേരം വിശ്രമിച്ച്, ഉച്ചക്ക് പരിശീലനം നടത്തി, വൈകിട്ട് നൃത്തവും കഴിഞ്ഞ് രാത്രി വിമാനത്തിന് തിരികെ പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. വിമാനത്താവളത്തില്‍ വെച്ച് നൃത്ത വസ്ത്രങ്ങള്‍ മാറേണ്ടിവന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. എന്തൊക്കെയായാലും ഇന്ത്യയില്‍ വര്‍ഷത്തില്‍ മൂന്നു നാല് വേദികളില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസരം കിട്ടാറുണ്ട്.
മറുനാടന്‍ നര്‍ത്തകര്‍
മറുനാടന്‍ കുട്ടികള്‍ പാട്ടിനും ഡാന്‍സിനും ഒന്നും അത്ര പോരാ എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അത് തെറ്റിധാരണയാണ്. നമ്മുടെ സംസ്കാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍, തനതു സംസ്കാരം അതേമട്ടില്‍ മുമ്പോട്ടു കൊണ്ടുപോകുക എന്നുള്ളത് ശ്രമകരമായേക്കാം. അതും അമേരിക്കപോലുള്ള ഒരിടത്ത് താമസിക്കുമ്പോള്‍. പക്ഷേ അതിനായി കഠിനമായി ശ്രമിക്കുന്നവരാണ് പ്രവാസികള്‍ എന്നാണ് അനുഭവം. അഞ്ചു മുതല്‍ അമ്പത്തിയഞ്ച് വയസ്സുവരെയുള്ളവര്‍ നൃത്തം പഠിക്കാനെത്തുന്നുണ്ട്. നാട്ടില്‍ നൃത്തം പഠിച്ച് മുടങ്ങിയവരും പഠിക്കാനാഗ്രഹിച്ച് നടക്കാതിരുന്നവരുമൊക്കെ പ്രവാസ ജീവിതത്തില്‍ ആഗ്രഹ സാഫല്യം തേടുന്നു. പഠനത്തിന് പ്രായമില്ലന്ന് തെളിയിച്ച് പലരും വേദിയില്‍ അസാധാരണ പ്രകടനം കാഴ്ചവെയ്ക്കാറുമുണ്ട്. കൊച്ചുകുട്ടികള്‍ ആദ്യം മാതാപിതാക്കളുടെ താല്പര്യപ്രകാരമാണ് പഠിക്കാനെത്തുന്നതെങ്കിലും പിന്നീട് നൃത്തം ആവേശമായി കരുതി ക്ളാസിലെത്തുന്നു. നാട്ടിലുള്ളവര്‍ക്ക് കിട്ടുന്ന പല സൗകര്യങ്ങലും ഇല്ലാതാതെയാണ് അവര്‍ കല പഠിക്കുന്നത്. വിദേശത്ത് സി.ഡി. പോലുള്ള റെക്കോഡുകളെയാണ് ആശ്രയിക്കുക. പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ അത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. നൃത്തം സംവിധാനം ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകരുമായുള്ള തുടര്‍ച്ചയായുള്ള സമ്പര്‍ക്കം കൊറിയോഗ്രാഫിയെ എളുപ്പമാക്കും. ഒരുമിച്ചുള്ള പ്രാക്ടീസുകളും കൂടുതല്‍ ഗുണം ചെയ്യും. വിദേശത്ത് സ്ഥിരതാമസമാക്കുന്ന കലാകാരികള്‍ക്ക് ഈ സൗകര്യങ്ങളൊന്നും കിട്ടില്ല. പക്ഷേ ആരോടും ഒപ്പം നില്ക്കാവുന്ന മികവു പുലര്‍ത്തുന്ന നിരവധി കലാകാരികള്‍ മറുനാടുകളിലുണ്ട്. നൃത്തവിദ്യാലയം നടത്തിപ്പിനു പുറമെ രണ്ട് നൃത്തോത്സവങ്ങള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്. മോഹിനിയാട്ടത്തിന് ഗുരു നല്കിയ സംഭാവനയെ മാനിച്ച് മുംബയില്‍ ‘കനക് നൃത്തോത്സവവും’ യുവ കലാകാരന്മാരെ മികച്ച പെര്‍ഫോര്‍മര്‍ ആക്കി മാറ്റുക എന്ന ലക്ഷത്തോടെ ഹൂസ്റ്റണില്‍ ‘നര്‍ത്തകി ഫെസ്റ്റിവലും’
മോഹിനിയാട്ടം തനി കേരളീയം
കേരളത്തിന്റെ അഭിമാന നടനങ്ങളിലൊന്നാണ് മോഹിനിയാട്ടം. അടിമുടി കേരളീയമായ അനുഭൂതിയും സാംസ്കാരികതയും ഉള്‍ക്കൊള്ളുന്ന നൃത്തരൂപം. മുദ്രകളിലും ലാസ്യചലനങ്ങളിലും സംഗീതത്തിലുമെല്ലാം നിറയുന്ന ലാവണ്യശോഭയാല്‍ ലോകത്തിന്റെ മനം കവര്‍ന്ന ക്ളാസിക് കലാരൂപം. പ്രത്യേക രീതിയില്‍ ഞൊറിഞ്ഞുടുത്ത കസവു വസ്ത്രം മുല്ലപ്പൂചുറ്റി ആകര്‍ഷകമാക്കി നാഗഫണ രീതിയില്‍ ചുറ്റികെട്ടിയ തലമുടി, കര്‍ണാഭരണം, മൂക്കുത്തി, ശിരോലങ്കാരങ്ങള്‍, പതക്കം, പവന്മാല, നാഗപടമാല, പാലയ്ക്കാമോതിരം, അരഞ്ഞാണ്‍, ചിലങ്ക തുടങ്ങി വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍. കയ്യിലും കാലിലും മൈലാഞ്ചി. ചുണ്ടുകള്‍ ചുവപ്പിക്കും. കണ്ണും പുരികവും അഞ്ജനമെഴുതി ആകര്‍ഷകമാക്കും. എല്ലാത്തിലുമുണ്ട് കേരളീയത്വം. മോഹിനിയാട്ടത്തിലെ അഭിനയവും കേരളത്തിന്റെ ഭംഗി വിളിച്ചോതുന്ന ആടയാഭരണരീതികളും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.
കേരളത്തിലെ നൃത്തരൂപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ലാസ്യ സമ്പ്രദായമാണ് മോഹിനിയാട്ടം. മോഹിപ്പിക്കുന്നവളാണ് മോഹിനി. മോഹിനിയുടെ നൃത്തം എന്ന അര്‍ത്ഥത്തിലാണ് മോഹിമായാട്ടം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുനാളിന്റെ ബാലരാമഭരതത്തില്‍ മോഹിനീ നടനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ലോകത്തിന്റെ മനം കവരുന്ന ക്ളാസിക് നൃത്തരൂപമായി മോഹിനിയാട്ടം എത്തിയതിനു പിന്നില്‍ നിരവധി പേരുടെ സംഭാവനകളുണ്ട്. എടുത്തുപറയേണ്ടത് സ്വാതി തിരുനാളിന്റെ പങ്കാണ് . സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം വൈവിധ്യമാര്‍ന്ന ഗാനസാഹിത്യം നല്‍കിയും അവതരണത്തില്‍ വ്യവസ്ഥാപിതത്വം വരുത്തിയും ഈ കലാരൂപത്തെ മോഹനമാക്കുന്നതില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തി. കേരള കലാമണ്ഡലവും മഹാകവി വള്ളത്തോളും നടത്തിയ പ്രയത്നങ്ങള്‍ മോഹിനിയാട്ടത്തിന് പുതിയ ഉണര്‍വുണ്ടാക്കി ശ്രേഷ്ഠ നര്ത്തകികളുടെ സമര്‍പ്പിത സംഭാവനകള്‍ ഭരതനാട്യം പോലുള്ള ഭാരതീയ നൃത്തങ്ങള്‍ക്കൊപ്പം മോഹിയാട്ടത്തെ ലോകശ്രദ്ധയില്‍ പ്രതിഷ്ഠിക്കുന്നതില്‍ പങ്കുവഹിച്ചു.ഇന്ത്യയുടെ കഌസിക് ഭൂപടത്തില്‍ മോഹിനിയാട്ടത്തെ പ്രതിഷ്ഠിക്കുന്നതില്‍ ഡോ കനകെ റെലെയുടെ സംഭാവന മുന്നില്‍ നില്ക്കുന്നു. നാടകാചാര്യന് കാവാലം നാരായണപണിക്കരെപോലുള്ളവരും മോഹിനിയാട്ടത്തിന് പ്രചാരവും പ്രാമുഖ്യവും കിട്ടാനായി പ്രവര്‍ത്തിച്ചവരാണ്.
മോഹിനിയാട്ടത്തെ മറ്റ് ഭാരതീയ നൃത്തരൂപങ്ങള്‍ക്കൊപ്പം ലോകശ്രദ്ധയില്‍ പ്രതിഷ്ഠിക്കുന്നതില്‍ തന്റേതായ സംഭാവന നല്കി യാത്രതുടരുകയാണ് ഡോ സുനന്ദ നായര്‍. സംഗീതനാടക അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടി മോഹിനിയാട്ടത്തിന്റെ ആഗോള അംബാസിഡര്‍ എന്ന പേരുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: