കൊച്ചി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കാറ്റില്‍ പറത്തി നാലിടങ്ങളില്‍ കള്ള്ഷാപ്പ് ലേലം. എറണാകുളം, മലപ്പുറം, ആലപ്പുഴ, കണ്ണൂര്‍ എന്നീജില്ലകളിലാണ് കള്ള്ഷാപ്പ് ലേലം നടത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് ലേലം നിയന്ത്രിച്ചത്.
വിവാഹച്ചടങ്ങുകളില്‍ 100ല്‍ കൂടുതല്‍ പേര് പാടില്ല, ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത് എന്ന് സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് എഡിഎമ്മിന്റെ തന്നെ നേതൃത്വത്തില്‍ ആളുകളെ വിളിച്ച് കൂട്ടി ലേല പരിപാടി നടത്തിയത്.
നടപടികള്‍ക്കിടെ ചിലര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ലേലം ആദ്യം നിര്‍ത്തിവെച്ചു. ലേലനടപടികള്ക്കെതിരെ ലേലം നിര്‍ത്തിവെയ്ക്കാനായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസാണ് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതോടെ കണ്ണൂരിലേയും ലേലനടപടികള്‍ നിര്‍ത്തിവെയ്ക്കേണ്ടതായി വന്നു. എറണാകുളം ജില്ലയില്‍ മാത്രം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 200ല്‍ അധികം ആളുകളാണ് ലേലത്തില്‍ പങ്കെടുത്തത്. അടിയന്തിരാവശ്യങ്ങള്‍ക്കായി ആളുകള്‍ എത്തുന്ന സ്ഥലം കൂടിയാണിത്. മുന്‍ കരുതലിന്റെ ഭാഗമായി ഇത്തരത്തിലുള്ള നടപടികള്‍ ഒഴിവാക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് എഡിഎമ്മിന്റെ നേതൃത്വത്തില്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം മലപ്പുറത്ത് പ്രതിഷേധം ഉയര്‍ന്നെങ്കിലും ലേലം പൂര്‍ത്തിയാക്കി. എന്നാല്‍ മുന്‍കരുതല്‍ എടുത്തശേഷമാണ് ലേലം നടത്തുന്നതെന്നാണ ആലപ്പുഴ എക്സൈസ് അധികൃതര്‍ വിശദീകരണം നല്‍കിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കുകയാണെന്നും, ലേലം ഇപ്പോള്‍ത്തന്നെ നടത്തിയേ തീരൂവെന്നും, ഇതല്ലെങ്കില്‍ വേറെ സമയമില്ല എന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 23 വരെയുള്ള ദിവസങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലും കള്ള് ഷാപ്പ് ലേലം നടത്തണമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്നത്. മറ്റ് ജില്ലകളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ലേലം നടത്തിയേക്കാം. അടിയന്തരമായി കള്ള് ഷാപ്പ് ലേലം നടത്തേണ്ടതില്ലെന്ന ഉത്തരവോ അല്ലെങ്കില്‍ ലേലത്തിന് ബദലായി സര്‍ക്കാര്‍ ഏതെങ്കിലും വിധത്തിലുള്ള നോട്ടീസോ മറ്റോ നല്കിയെങ്കില് മാത്രമേ ഈ നടപടി താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: