ആലപ്പുഴ: കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍സിപിയില്‍ കലഹം കലശലാണെങ്കിലും കളത്തില്‍ സജീവമായി മുന്‍ എംഎല്‍എ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസ്. ഇദ്ദേഹം സൂപ്പര്‍ എംഎല്‍എ ചമയുന്നതായാണ് ആക്ഷേപം. റോഡ്, തോട് നവീകരണങ്ങള്‍, കുടിവെള്ള പ്രശ്നം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ തോമസിന്റ ഇടപെടല്‍ താന്‍ ഇപ്പോഴേ എംഎല്‍എ ആണെന്ന രീതിയിലാണെന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്.
വിവിധ പഞ്ചായത്തുകളില്‍ അദ്ദേഹവും, അനുയായികളും സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്നത് പാര്‍ട്ടിയിലും, ഇടതുമുന്നണിയിലും മുറുമുറുപ്പിന് ഇടയാക്കിയാക്കിയിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിന് എംഎല്‍എ ഫണ്ട് അടക്കമാണ് വാഗ്ദാനം. നിലവില്‍ എംഎല്‍എ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങിനെ ഫണ്ട് അനുവദിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ചില മതവിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ തോമസ് ചാണ്ടി എംഎല്‍എയായിരുന്നപ്പോഴും, മണ്ഡലത്തില്‍ വിവിധ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത് തോമസ് കെ. തോമസ് ആയിരുന്നെന്നും, അക്കാര്യങ്ങള്‍ തുടരുന്നു എന്നു മാത്രമെയുള്ളുവെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.
തോമസ് ചാണ്ടിയുടെ ഭാര്യ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ്. ഇക്കാര്യം അവശ്യപ്പെട്ട് എന്‍സിപി നേതൃത്വത്തിനും പിണറായി വിജയനും രേഖാ മൂലം കത്തും നല്‍കിയിരുന്നു. മുന്‍ എംഎല്‍എയുടെ ബന്ധുക്കള്‍ മണ്ഡലം കുടുംബ സ്വത്തുപോലെ കൈകാര്യം ചെയ്യുന്നതില്‍ ജനങ്ങളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: