തിരുവനന്തപുരം: മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നിമനിര്‍ദ്ദേശം ചെയ്തതിനെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട് അഡ്വ. ജയശങ്കര്‍. സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തുവെന്നാണ് ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
രഞ്ജന്‍ ഗൊഗോയുടെ മഹത്വം അല്പം വൈകിയെങ്കിലും രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തി. രഞ്ജന്‍ജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോള്‍ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ലെന്നും ജയശങ്കര്‍ കുറിക്കുന്നു.
ഫെയ്സ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു- മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.
ദീപക് മിശ്ര ചീഫായിരുന്ന കാലത്ത് അദ്ദേഹത്തെ അപലപിച്ചു കൊണ്ട് മറ്റു മൂന്നു ന്യായാധിപര്‍ക്കൊപ്പം പത്രസമ്മേളനം നടത്തി ഇന്നാട്ടിലെ മതേതര പുരോഗമന ജനാധിപത്യ വിശ്വാസികളുടെ കയ്യടി നേടിയ ആളാണ് ഗൊഗോയ്. കോണ്‍ഗ്രസ് പശ്ചാത്തലമുളളയാള്‍; മുന്‍ ആസാം മുഖ്യമന്ത്രി കേശവചന്ദ്ര ഗൊഗോയുടെ മകന്.
ദീപക് മിശ്ര വിരമിക്കുമ്പോള്‍ ഇദ്ദേഹത്തെ തഴയുമോ എന്ന് ഭയപ്പെട്ടവരുണ്ട്. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഗൊഗോയ് ചീഫ് ജസ്റ്റിസായി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ പുതുയുഗം പിറന്നു.
കൊളീജിയം കൂടി പാസാക്കിയ ലിസ്റ്റ് രായ്ക്കുരാമാനം വെട്ടിത്തിരുത്തുകയും തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികള്‍ മൗനം പാലിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനില്‍പ്പായി വ്യാഖ്യാനിച്ചു.
ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി അട്ടിമറിച്ചപ്പോള്‍ നവോത്ഥാന വാദികള്‍ തലയില്‍ കൈവച്ചു. റഫാല്‍ ഇടപാട് വെളളപൂശുകയും ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ വിധിക്കുകയും ചെയ്തപ്പോള്‍ എല്ലാവര്ക്കും തൃപ്തിയായി. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് കൊടുത്ത ഇടതുപക്ഷ എംപിമാര്‍ അപ്പോഴും മൗനം പാലിച്ചു.
അല്പം വൈകിയെങ്കിലും, രഞ്ജന്‍ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തി.
രഞ്ജന്‍ജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോള്‍ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ല.
ഗൊഗോയുടെ സ്ഥാനലബ്ധി രാജ്യത്തെ മൊത്തം ന്യായാധിപര്‍ക്കും മാതൃകയാകും. ‘കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല, സ്വര്‍ഗസ്ഥനായ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ ലഭിക്കുക’. (മത്തായി 7:21)
പ്രതികരിക്കാൻ ഇവിടെ എഴുതുക: