ലോകത്തെ മുഴുവന്‍ ഭീതിയുടെ കരിനിഴലില്‍ നിര്‍ത്തുന്ന കൊറോണ വൈറസ് ബാധ നേരിടുന്നതിന് സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ അംഗ രാജ്യങ്ങള്‍ ഒന്നടങ്കം പിന്തുണച്ചതില്‍ ഭാരതത്തിന് അഭിമാനിക്കാം. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് മാഹാമാരിയെ നേരിടാനുള്ള അയല്‍ രാജ്യങ്ങളുടെ കൂട്ടായ തീരുമാനം ആശ്വാസദായകവുമാണ്. അടിയന്തര സഹായനിധിയിലേക്ക് തുടക്കമെന്ന നിലയില്‍ 73.95 കോടി രൂപയും ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ എല്ലാ അംഗ രാജ്യങ്ങളും സര്‍വ്വാത്മനാ പിന്തുണച്ചത് അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ നാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത നേതൃപരമായ അംഗീകാരത്തിന്റെ തെളിവുകൂടിയാണ്.
2014ല്‍ ആദ്യ മോദി മന്ത്രിസഭ അധികാരമേറ്റതു മുതല്‍ ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് സാര്‍ക്കിലെ അംഗങ്ങള്‍. ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗം വരും ഈ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ. പാക് ഭീകരവാദികള്‍ ഉറി ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ 2016ല്‍ പാക്കിസ്ഥാനില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് സാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച നിലയിലായിരുന്നു. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മോദി സര്‍ക്കാര്‍ അയല്‍ രാജ്യങ്ങളുടെ സൗഹൃദം ദൃഢപ്പെടുത്താനും മേഖലയുടെ വികസനത്തിനും പ്രത്യേക താത്പര്യമെടുത്തിട്ടുണ്ട്. പാക്കിസ്ഥാന് മാത്രമാണ് പലപ്പോഴും പൊതുതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാറ്. എന്നാല്‍, കൊറോണ വ്യാപനം സംബന്ധിച്ച ഇന്ത്യയുടെ ആഹ്വാനത്തെ അവരും പിന്തുണച്ചിരിക്കുന്നു.
കഴിഞ്ഞദിവസം സാര്‍ക്ക് ഭരണത്തലവന്മാര് കൂടിച്ചേര്‍ന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി കൊറോണയെ നേരിടാന്‍ ‘കോവിഡ് 19 എമര്‍ജന്‍സി ഫണ്ട്’ എന്ന ആശയം മുന്നോട്ടു വച്ചത്. അംഗ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൊറോണ വൈറസിനെതിരെ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പൊരുതാനാവില്ല എന്ന വസ്തുത മുന്‍നിര്‍ത്തിയാണ് അയല്‍രാജ്യങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഇക്കാര്യത്തിലുണ്ടാകണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ തലവന്മാര് മോദിയുടെ ഈ നടപടിയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കൊറോണ വൈറസ് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗമായിട്ടും കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാക്കിസ്ഥാന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ മോദിയുടെ നിര്‍ദ്ദേശങ്ങളെ എല്ലാ രാജ്യങ്ങള്‍ക്കുമൊപ്പം പാക്കിസ്ഥാന്റെ പ്രതിനിധിയായി പങ്കെടുത്ത ആരോഗ്യ മന്ത്രി സഫര്‍ മിര്‍സയും അംഗീകരിക്കുകയായിരുന്നു.
ലോകരാജ്യങ്ങളിലൊന്നാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന രോഗാണുവിനെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ചെയ്യേണ്ടതെല്ലാം ചെയ്യണം. ആദ്യം അയല്‍രാജ്യങ്ങള്‍ പരസ്പരം സഹായിച്ചുകൊണ്ട് യോജിച്ച പ്രവര്‍ത്തനം നടത്തണം. അതിനാണ് നരേന്ദ്ര മോദി മുന്‍കൈയെടുത്തത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ ശ്രമം കൂടുതല്‍ ശക്തിപകരുമെന്ന് പ്രതീക്ഷിക്കാം.
വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലും ബോധവല്‍ക്കരണവും കേരളത്തിലും ജാഗ്രതാപൂര്‍വ്വം നടക്കുന്നുണ്ട്. അതിലെ ചില വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ജാഗ്രതയും പൗരബോധവുമൊക്കെയുള്ള ഈ നാട്ടിലെ ജനതയില്‍ നിന്ന്, തീര്‍ത്തും ബാലിശമായ ചില നടപടികളും കാണാനിടയാകുന്നത് നിര്‍ഭാഗ്യകരമാണ്. അത്തരം ഒന്നാണ്, ഒരു ചാനല്‍ താരത്തിനുള്ള സ്വീകരണത്തിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസം നെടുംബാശേരി വിമാനത്താവളത്തില്‍ കണ്ട ആള്‍ക്കൂട്ട നാടകം. നാം സ്വയം നിയന്ത്രിക്കേണ്ട സമയമാണിത്. ആ നിയന്ത്രണം അവനവനു മാത്രമല്ല സമൂഹത്തിന് ആകെയും നല്ലതേ വരുത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: