ഭോപാല്‍: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാര്‍ച്ച് 26 വരെ പിരിഞ്ഞു. ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യം മുന്‍നിര്‍ത്തിയാണ് സഭ പിരിഞ്ഞത്. പ്രതിസന്ധിയിലായ കമൽനാഥ് സർക്കാരിന് ഇത് താത്ക്കാലിക ആശ്വാസമായി.
തിങ്കളാഴ്ച തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥിനോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഗവർണറുടെ പ്രസംഗം കഴിഞ്ഞാലുടൻ വിശ്വാസവോട്ട് തേടണമെന്നായിരുന്നു ഗവർണറുടെ നിർദേശം. എന്നാൽ സ്പീക്കറുടെ അവകാശത്തിൽ ഗവർണർ കൈ കടത്തരുതെന്നും തങ്ങളുടെ എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണെന്നുമാണ് കമൽ നാഥ് ഗവർണറെ അറിയിച്ചത്.
തിങ്കളാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ഗോവിന്ദ് സിങ് കൊറോണ വൈറസ് സാഹചര്യത്തെ കുറിച്ച് സംഭയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 26 വരെ നിയമസഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഭരണഘടന പ്രകാരമുള്ള നിയമങ്ങൾ എല്ലാവരുടെ പാലിക്കപ്പെടേണ്ടതുണ്ടെന്നും മധ്യപ്രദേശിന്റെ അന്തസ് സംരക്ഷിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു. ഇതിനോടു പ്രതികരിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയെ ബഹുമാനിക്കണമെന്ന മുദ്രാവാക്യം വിളിച്ചാണു ഗവര്‍ണറെ സഭയില്‍നിന്നു യാത്രയാക്കിയത്.
സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താനുള്ള മുഖ്യമന്ത്രി കമല്‍നാഥിന്റെ അവസാന നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: