കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ്. മകന് ആത്മഹത്യ ചെയ്യാന്‍ ഇടയായത് പ്രിന്‍സിപ്പാള്‍ ഡോ.ഡി.പി. ഗോഡ്വിന് സാമ്രാജ്, അധ്യാപകരായ ബിജു മാത്യു, ഭുവനേശ്വരി എന്നിവരുടെ മാനസിക പീഡനം മൂലമാണെന്ന് അച്ഛന് മന്മോഹന് സിങ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
മാര്‍ച്ച് നാലിനാണ് പരാതി നല്‍കിയതെങ്കിലും ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. യൂണിവേഴ്സിറ്റി അധികൃതര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. മകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാന്‍ മതിയായ സാഹചര്യത്തെളിവുകളുണ്ടായിട്ടും പോലീസ് നടപടിയെടുക്കാത്തതിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണെന്ന ആരോപണം ഉയരുന്നുണ്ട്.
കോഴിക്കോട് നഗരത്തില്‍ എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പസില്‍ പ്രിന്‍സിപ്പാളും ഒരു വിഭാഗം അധ്യാപകരും എസ്എഫ്ഐയുടെ ചൊല്‍പ്പടിക്ക് കീഴിലാണെന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ അധ്യാപകരുടെയും പ്രിന്‍സിപ്പാളിന്റെയും പേരെടുത്തു പറഞ്ഞുകൊണ്ടാണ് അച്ഛന് നടപടിയാവശ്യപ്പെട്ടത്. പരീക്ഷയെഴുതാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനെയും വകുപ്പ് അധ്യക്ഷരെയും ജസ്പ്രീത് സിങ് സമീപിച്ചിരുന്നു.
മന്‍മോഹന്‍സിങ്ങിന്റെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുടുംബത്തിന് സ്വദേശത്ത് പോകേണ്ടി വന്നതിനാലാണ് വിദ്യാര്‍ഥിക്ക് ഹാജര്‍ കുറവായതെന്നും ഇക്കാര്യം പരിഗണിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്പ്രീത് സിങ്ങും അച്ഛന് മന്മോഹന് സിങ്ങും കോളേജ് അധികൃതരെ കണ്ടിരുന്നെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഈ കോളേജെന്നും പഞ്ചാബില്‍ നിന്ന് ഇവിടെ വന്ന് എന്തിനാണ് പഠിക്കുന്നതെന്നുമടക്കമുള്ള വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ഉണ്ടായതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് ഒന്നിനാണ് ജസ്പ്രീത്സിങ് സ്വന്തം വീട്ടിലെ ഫ്ളാറ്റില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗവര്‍ണര്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ടസമിതി, ദേശീയ ന്യൂനപക്ഷ കമ്മീഷന് എന്നിവര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കള്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: