ന്യൂദല്‍ഹി: ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. മാര്‍ച്ച് 26ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി രാജിക്കത്തുകള്‍ സ്വീകരിച്ചു. ആരൊക്കെയാണ് രാജിവച്ച എംഎല്‍എമാരെന്ന് ഇന്ന് ഗുജറാത്ത് നിയമസഭ സമ്മേളിക്കുമ്പോള്‍ വ്യക്തമാക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.
നാല് പേരാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നായിരുന്നു വാര്‍ത്തകളെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ പ്രവീണ്‍ മാരൂ താനും രാജിവച്ചതായി പ്രഖ്യാപിച്ചതോടെയാണ് സംഖ്യ അഞ്ചായി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് എംഎല്‍എമാരെയെല്ലാം കോണ്‍ഗ്രസ് ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. മധ്യപ്രദേശ് എംഎല്‍എമാരെ ജയ്പൂര്‍ റിസോര്‍ട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഭോപ്പാലിലേക്ക് തിരികെ കൊണ്ടുപോയത്. അതിന് പിന്നാലെ ഗുജറാത്ത് എംഎല്‍എമാരെ ഇവിടെ എത്തിക്കുകയായിരുന്നു.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 103 സീറ്റുകളും കോണ്‍ഗ്രസിന് 73 സീറ്റുാമണുള്ളത്. എന്‍സിപിക്കും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും ഒരോ സീറ്റുണ്ട്. ഒരു സ്വതന്ത്രനും നിയമസഭയിലുണ്ട്. ഗുജറാത്തില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് രാജ്യസഭയിലേക്ക് വന്നത്. നിലവിലെ സീറ്റുനില വച്ച് രണ്ട് രാജ്യസഭാ സീറ്റുകളില്‍ ബിജെപിക്കും ഒരിടത്ത് കോണ്‍ഗ്രസിനുമാണ് വിജയസാധ്യത.
എന്നാല്‍, അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ മൂന്നു സീറ്റുകളിലും വിജയിക്കാനുള്ള ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ശക്തിയേറി. രാജ്യസഭയിലേക്ക് മൂന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി പ്രചാരണം ശക്തമാക്കിയിരുന്നു. 111 വോട്ടുകള്‍ ലഭിച്ചാല്‍ ബിജെപിക്ക് മൂന്നു പേരെയും വിജയിപ്പിക്കാം. ബിജെപിയുടെ 103ന് പുറമേ ബിറ്റിപിയുടെ രണ്ടും എന്‍സിപിയുടെ ഒന്നും വോട്ടുകൂടി ബിജെപി ഉറപ്പിച്ചിട്ടുണ്ട്. അഞ്ച് വോട്ടുകള്‍ കൂടി ലഭിച്ചാലേ ബിജെപിക്ക് മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് രാജ്യസഭയിലേക്ക് എത്തിക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: