കൊറോണ വൈറസ് ബാധ ലോകത്തിന്റെ മഹാമാരിയായി മാറുമ്പോഴും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ തോതിലുള്ള രോഗവ്യാപനം മാത്രമാണ് ഇന്ത്യയിലുള്ളത്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളും വന്‍ സാമ്പത്തിക ശക്തികളുമെല്ലാം പകച്ചു നില്ക്കുമ്പോള് ഇന്ത്യ ക്രിയാത്മക നടപടികളിലൂടെ രോഗവ്യാപനത്തെ തടയുകയാണ്. ദിവസം കഴിയുന്തോറും തീവ്രതയും ആശങ്കയും കുറഞ്ഞു വരുന്നു. എങ്കിലും നമ്മുടെ രാജ്യത്തിന് ഇപ്പോഴത്തെ ആശങ്ക ചൈന, യൂറോപ്പ്, അമേരിക്ക, ഇറാന്, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെക്കുറിച്ചാണ്. അവരില്‍ രോഗം പിടിപെട്ടവരും രോഗബാധിത സ്ഥലങ്ങളില്‍ ഭീതിയോടെ ജീവിക്കുന്നവരുമുണ്ട്. എന്നാല്‍ ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകള്‍. ചൈനയില്‍ നിന്നും ഇറാനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വലിയ ദൗത്യമാണ് വിദേശകാര്യ മന്ത്രാലയം ഏറ്റെടുത്ത് വിജയത്തിലെത്തിച്ചു കൊണ്ടിരിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് രോഗത്തെകുറിച്ചുള്ള മുന്നറിയിപ്പും പ്രതിരോധ നടപടികളെകുറിച്ചുള്ള നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ വളരെ നേരത്തെ തന്നെ നല്കിക്കഴിഞ്ഞതാണ്. ഇതിനുപിന്നില്‍ രാഷ്ട്രീയക്കളികളാണ്. എല്ലാത്തിനും കേന്ദ്രവിരുദ്ധത പ്രചരിപ്പിക്കലാണ്. ഈ രാഷ്ട്രീയക്കളികളെ കുറിച്ചും കൊറോണക്കാലത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് സംസാരിക്കുന്നു.
? കൊറോണ രോഗം സ്ഥിരീകരിച്ച ശേഷം സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. അത്തരം ഭീതിക്ക് അടിസ്ഥാനമുണ്ടോ?
അനാവശ്യമായ ഭീതി പരത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണിപ്പോള് ചെയ്തിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പോലും കൊറോണ പേടിയില്‍ അകപ്പെട്ടിരിക്കുന്നു. നിയമസഭാ സമ്മേളനം പോലും റദ്ദാക്കിയത് ഭീതിയിലായതുകൊണ്ടാണ്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. സമ്മേളനം നിര്‍ത്താനുള്ള യാതൊരു നിര്ദ്ദേശവുമില്ല. നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജാഗ്രതയാണ് ആവശ്യം. ഭീതിപടര്ത്തലാവരുത്. രോഗികള്‍ വന്നു പോയ ശേഷം ഷോപ്പിംഗ് മോളുകള്‍ അടച്ചിട്ടിട്ടെന്ത് കാര്യം. രോഗികള്‍ പുറത്തിറങ്ങി വിഹരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
? കേന്ദ്രസര്‍ക്കാര്‍ കാര്യമായി സഹായിക്കുന്നില്ലെന്നാണ് കേരളത്തിന്റെ ആരോപണം. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയയ്ക്കുകയും നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തല്ലോ?
കേന്ദ്രസര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തെ മാത്രം സഹായിക്കുക എന്നതല്ല, എല്ലാവരെയും സഹായിക്കുക എന്നതാണ് നിലപാട്. കേരളത്തിന്റെ പ്രശ്നം രാഷ്ട്രീയമാണ്. എന്തിനെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവര്‍ കൊറോണയെയും അതിനുപയോഗിക്കുന്നു. കേന്ദ്രത്തെ അറിയിക്കാനല്ല മറിച്ച് കേരളീയര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. കത്തയച്ചാലും ഇല്ലെങ്കിലും കേന്ദ്രം അതിന്റെ കടമ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. നടപടികളുമെടുക്കുന്നുണ്ട്. അത് വളരെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണ്. കത്തിന് അവിടെ പ്രസക്തിയൊന്നുമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവന്നത് കത്തുകിട്ടിയിട്ടല്ലല്ലോ. കത്ത് തന്നവരെ മാത്രമല്ലല്ലോ കൊണ്ടുവരുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ള ആളുകളെയും കൊണ്ടുവന്നു.
? രോഗികളായെത്തുന്നവരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചവന്നതായി കരുതുന്നുണ്ടോ?
വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യ പരിശോധന സംഘത്തിന് വീഴ്ചവന്നതുകൊണ്ടാണ് ക്വാറന്റൈന് ചെയ്യേണ്ടവര്‍ പുറത്തുകടന്നത്. ഏതെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് കേള്‍ക്കാതിരുന്നിട്ടുണ്ടോ. ഉണ്ടെങ്കില്‍ അത് ശ്രദ്ധയില്‍ പെടുത്താമല്ലോ. എയര്‍പോര്‍ട്ട് ഡയറക്ടറെ ഇപ്പോള്‍ വിളിച്ചതുപോലെ നേരത്തെ തന്നെ വിളിച്ചുകൂട്ടാമായിരുന്നല്ലോ. എന്തുകൊണ്ട് കേരളത്തിലെ വിമാനത്താവളത്തില്‍ വന്നവരെ പരിശോധിക്കാതെ വിട്ടെന്നത് പരിശോധിക്കപ്പെടണം. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഫെബ്രുവരി 26ന് തന്നെ നിര്‍ദ്ദേശം നല്‍കിയതാണ്. ഇപ്പോള്‍ രോഗികള്‍ വന്നവഴിയും പോയ സ്ഥലവുമെല്ലാം അന്വേഷിക്കുന്നതിനു പകരും വിമാനത്താവളത്തില്‍ തന്നെയാണിത് ചെയ്യേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മെഡിക്കല്‍ സംഘത്തെ സംസ്ഥാന സര്‍ക്കാരാണ് നിയോഗിക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടറെ വിളിച്ച് ഇപ്പോള്‍ മീറ്റിങ് നടത്തുന്നതിനു പകരം ആദ്യം തന്നെ ഈ മീറ്റിങ്ങിന് അദ്ദേഹത്തെ വിളിക്കാമായിരുന്നു.
? രോഗം വ്യാപിച്ച മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്താണ്?
അത് വളരെ വ്യക്തമാണ്. ഇന്ത്യ ഗവണ്മെന്റ് അവര്‍ക്കൊപ്പം തന്നെയുണ്ട്. ചൈന, ഇറ്റലി, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവരും പഠനത്തിന് പോയവരുമാണുള്ളത്. രോഗബാധിതരായ ആളുകള്‍ അവിടെത്തന്നെ ചികിത്സ തേടണമെന്നതാണ് നയം. അതാണ് പ്രായോഗികമായി ശരിയും. രോഗം ബാധിച്ചിട്ടില്ലാത്തവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
ചൈനയിലെ വുഹാനില്‍ നിന്ന് പരിശോധനാ ഫലം നെഗറ്റീവായവരെ തിരികെ കൊണ്ടുവന്നു. രണ്ടുതവണ ഇവാക്വേഷന് നടത്തി. അങ്ങോട്ട് മരുന്നും സാധനങ്ങളും കൊടുത്തു. തിരികെ മൂന്നാം റൗണ്ടിലും ആളുകളെ കൊണ്ടുവന്നു. അതിനു ശേഷം ഇറാനിലാണ് അത്തരത്തില്‍ നടപടികളെടുത്തത്. ഇറാനില്‍ ആദ്യം ചെയ്തത് ഹൂം എന്ന സ്ഥലത്ത് മതപഠനത്തിനു പോയ മുസ്ലിം സമുദായത്തിപ്പെട്ട കശ്മീരിലും മഹാരാഷ്ട്രയിലുമുള്ളവരെ തിരികെ എത്തിക്കുകയാണ്. ആദ്യം കുറച്ചുപേരെ കൊണ്ടുവന്നു. അതിനൊപ്പം മറ്റുള്ളവരുടെ രക്തസാമ്പിളുകളുമെത്തി. 350ല്‍ അധികം പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിന്നീട് അവരെ കൊണ്ടുവരാന്‍ തീരുമാനിച്ചു.
തെക്കന്‍ ഇറാനില്‍ മത്സ്യബന്ധനത്തിലേര്പ്പെട്ടിരുന്നവരും അവിടെ പെട്ടുപോയിട്ടുണ്ട്. ആ പ്രദേശത്ത് രോഗം കൂടുതലായി ബാധിച്ചിട്ടില്ല. അതിനാല്‍ വേഗത്തില്‍ മടക്കികൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അവര്‍ക്ക് ഭക്ഷണവും മരുന്നുകളും മറ്റും എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുകയാണ്. തെക്കന്‍ ബന്തറബ്ബാസിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അവിടെ ഏകോപനം നടത്തിക്കൊണ്ടിരിക്കുന്നത്.
? ഇറ്റലിയിലുള്ള മലയാളികളെയെല്ലാം കേരളത്തിലെത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം?
പ്രായോഗികമായി നടപ്പിലാക്കാനാകില്ല അത്. അവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കില്‍ വിമാനത്തില്‍ എങ്ങനെ കൊണ്ടുവരും? വിമാനത്താവളത്തില്‍ അവരെ ഇറക്കാനാകുമോ. ഇപ്പോള്‍ രോഗി പോയവഴിയും ബന്ധപ്പെട്ടവരെയും എല്ലാം നിരീക്ഷണത്തിലാക്കുന്നവര്ക്ക് അത് മനസ്സിലാകില്ലെ. രോഗം ബാധിച്ചവരുണ്ടോ എന്നറിയാനാണ് ഇന്ത്യയില്‍ നിന്നുതന്നെ മെഡിക്കല്‍ സംഘത്തെ അയച്ച് പരിശോധന നടത്തുന്നത്. ഇറ്റലിയിലും ഇറാനിലുമൊക്കെയുള്ള കൊറോണ രോഗമുള്ളവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുമറിയാം. അതറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയക്കളിയാണ് ഇപ്പോള്‍ നടത്തുന്നത്. തങ്ങള്‍ മലയാളികള്‍ക്കു വേണ്ടി വാദിച്ചു. കേന്ദ്രം കൊണ്ടുവന്നില്ലെന്ന് പ്രചരിപ്പിക്കാനാണിത്. ഒരാളെ കൊണ്ടുവന്നാല്‍ ആ വിമാനത്തിലുള്ള എല്ലാവരെയും വിമാനത്താവളത്തിലുള്ളവരെയുമൊക്കെ ബാധിക്കും.
? ഇറ്റലിയിലെ വിമാനത്താവളത്തില്‍ മലയാളികളടക്കം കുടുങ്ങിക്കിടക്കുമ്പോള്‍ ഏതു തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുക?
ഇറ്റലിയിലും ഇറാനിലും ചൈനയില്‍ എടുത്ത അതേസമീപനമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയും മറ്റും പറയുന്നത് ചൈനയില്‍നിന്ന് വന്നവരെ ഇവിടെ 14 ദിവസം വച്ചു. ഇവരെയും അതുപോലെ വച്ചുകൂടെ എന്നാണ്. ചൈനയില്‍ നിന്ന് പരിശോധന നടത്തി നെഗറ്റീവായിട്ടുള്ളവരെ മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത്. പരിശോധന നടത്തിയിട്ട് നെഗറ്റീവായിട്ടുള്ള ആളുകളെ ക്വാറന്റൈനില്‍ വച്ചതുകൊണ്ടാണ് അവര്‍ക്ക് പ്രശ്നമൊന്നുമുണ്ടാകാതിരുന്നത്. ചൈനയില്‍ നിന്നുള്ളവരെ ആദ്യം ചൈനക്കാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇറ്റലിയില്‍ നിന്നുള്ളവര്‍ പരിശോധനയ്ക്ക് വിധേയമാകാതെ രോഗം പടരുന്നതിലുള്ള ഭയത്താല്‍ യാത്രയ്ക്ക് തയാറായി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. യാത്ര സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അറിയാതെയോ ശ്രദ്ധിക്കാതെയോ ആണ് അവര്‍ വിമാനത്താവളത്തിലെത്തിയത്. അപ്പോഴാണ് കയറി വരാന്‍ പറ്റാത്ത സാഹചര്യമുണ്ടായത്. നമ്മള് ഇവിടെനിന്ന് മെഡിക്കല്‍ സംഘത്തെ അയച്ച് അവരെ പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള നടപടികള്‍ വളരെ വ്യക്തമാണ്.
മന്ത്രിതല സമിതി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ്. വിദേശകാര്യ, പ്രതിരോധ, സിവില്‍ വ്യോമയാനം, ഷിപ്പിങ്, ആഭ്യന്തരം എന്നീ വകുപ്പ് മന്ത്രിമാരുള്‍പ്പെട്ട സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇതേ പോലെ തന്നെ ഉദ്യോഗസ്ഥതല സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കര്‍ശനമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.
? നാട്ടിലേക്ക് അവധിക്ക് വന്നവര്‍ക്ക് വിദേശത്തേക്ക് തിരികെ പോകാന്‍ കഴിയാത്തതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്?
അത്തരം ആശങ്കകളെല്ലാം പരിഹരിക്കും. കൊറോണ മൂലം വിദേശത്ത് ആര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അത് തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം നടത്തും. കൂടുതല്‍ ദിവസം ഇന്ത്യയില്‍ നില്‍ക്കേണ്ടി വന്നാല്‍ പ്രവാസി പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയ്ക്കും പരിഹാരമുണ്ടാകും. ആദായ നികുതി അടയ്ക്കേണ്ട വിഷയങ്ങളില്‍ അതാത് സമയത്ത് ഇടപെടും. ഇറാഖ്, കുവൈറ്റ് യുദ്ധമുണ്ടായ സമയത്തും മുന്‍ സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പ്രശ്ന പരിഹാരം നടത്തിയിട്ടുണ്ട്. ഇത്തവണയും അതുണ്ടാകും.
ഇപ്പോള്‍ രോഗവ്യാപനം തടയുക എന്നതിനാണ് മുഖ്യ പരിഗണന. അതിനുള്ള നടപടികള്‍ സ്വീകരിക്കും. നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ചൈന, കൊറിയ, ഇറാന്, സ്പെയിന്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന് ചെയ്യും. എല്ലാ ഇന്ത്യക്കാരും അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ മാറ്റിവയ്ക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ അതതു സ്ഥലങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളുമായി ബന്ധപ്പെടണം. വിസ രഹിത യാത്ര അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏപ്രില്‍ 15 വരെ വിലക്കുണ്ട്. രോഗവ്യാപനം തടയുന്നതിന് ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: