തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ വീണ്ടും ബന്ധു നിയമനം: യോഗ്യതയുള്ളവരെ പിന്തള്ളി മുന്‍ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നൂറോളം ഉദ്യോഗാര്‍ത്ഥികളെ തടഞ്ഞാണ് മുന്‍ എംപിയുടെ ഭാര്യയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയിരിക്കുന്നത്.
എട്ട് വര്‍ഷം മുമ്പ് അധ്യാപക നിയമനം നടത്താത്തതിന് പി.കെ. ബിജു പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് ബയോകെമിസ്ട്രി വകുപ്പില്‍ അസി. പ്രഫസറായി നിയമനം നടത്തിയിരിക്കുന്നത്. ഇവരേക്കാള്‍ യോഗ്യതയുള്ളവരും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും ഉണ്ടായിരുന്ന നൂറോളം ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോള്‍ അതിന്റെ മറവിലാണ് സിപിഎം നേതാവ് ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയെടുത്തത്.
യുജിസി വ്യവസ്ഥ ചെയ്യുന്ന പെര്‍ഫോമന്‍സ് ബേസ്ഡ് അപ്രൈസല്‍ സ്കോറും മെറിറ്റും കണക്കിലെടുക്കാണ് കഴിഞ്ഞ ദിവസം കേരള സര്‍വ്വകലാശാലയില്‍ 9 പ്രഫസര്‍മാരേയും, 8 അസോസിയേറ്റ് പ്രൊഫസര്‍മാരേയും നിയമിച്ചത്. എന്നാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കാര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ഒഴിവുണ്ടായിരുന്ന 29 തസ്തികകളില്‍ ഇരുപതിലും രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് നിയമം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കൂടാതെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുള്‍പ്പെടെ എത്തിയ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നിസ്സാര കാരണങ്ങളാല്‍ പങ്കെടുപ്പിക്കാതെ മടക്കിഅയച്ചതായും ആക്ഷേപമുണ്ട്. വൈസ് ചാന്‍സലറുടെ ഈ നിലപാടിനെതിരെ ചില സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍ വിയോജനക്കുറിപ്പ് എഴുതി.
അതേസമയം ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ വീഴ്ച വരുത്തിയതിനു സര്‍വകലാശാല ശിക്ഷിച്ച അധ്യാപികയെ ഉയര്‍ന്ന യോഗ്യത ഉണ്ടായിരുന്നവരെ തഴഞ്ഞു നിയമ വകുപ്പില്‍ അസി. പ്രഫസറായി നിയമിച്ചതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ ഖാനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: