ന്യൂദല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കുതിരക്കച്ചവടത്തിന് മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ്സും. വിമത എംഎല്‍എമാരെയും ബിജെപിഎംഎല്എമാരെയും പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കൂടെനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത്. ഇതിനായി വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നു.
കൊറോണ വൈറസ് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ആരംഭിക്കേണ്ട ബജറ്റ് സമ്മേളനം നീട്ടിവയ്ക്കാനുംനീക്കം. കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 22 എംഎല്‍എമാരും പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇതിനിടെ, ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി സംഘം ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗ്ഗവ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. ബജറ്റ് സമ്മേളനത്തിന് മുന്‍പായി സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണം. ന്യൂനപക്ഷമായ സര്‍ക്കാരിന് ഔദ്യോഗിക ചുമതലകള്‍ നിറവേറ്റാന്‍ അവകാശമില്ല.
വിശ്വാസവോട്ടെടുപ്പിന് ശബ്ദവോട്ട് പോരെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം. നടപടിക്രമങ്ങള്‍ മുഴുവനായി റെക്കോഡ് ചെയ്യണം.
രാജിവച്ചതായി എംഎല്‍എമാര്‍ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തുകയാണ്. വോട്ടെടുപ്പ് വൈകുന്നത് കുതിരക്കച്ചവടത്തിന് ഇടയാക്കും. ഭൂരിപക്ഷം തെളിയിക്കാതെ തുടരുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്, ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: