തിരുവനന്തപുരം : രാജ്യത്ത് കോവിഡ് 19 പകരാന്‍ തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി വിജ്ഞാപനം പുറത്തിറക്കി. അടിയന്തിര സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ നടപടി. പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകും.
വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടയുന്നവര്‍ക്കെതിരെ ഒരു മാസം തടവ് ശിക്ഷ വരെ നല്‍കാനാകും. കൂടാതെ ചികിത്സ നേടാന്‍ വിസമ്മതിക്കുന്ന രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനും സാധിക്കും. രോഗാണുസാന്നിധ്യമുള്ള താല്കാലിക കെട്ടിടങ്ങള്‍ പൊളിക്കാനും സാധിക്കും.
വൈറസ് ബാധ കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കര്‍ശ്ശന നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. പൊതു പരിപാടികള്‍ ഒഴിവാക്കാനും, മാളുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50ലേറെ കൂട്ടംകൂടി നില്‍ക്കരുത്.
രോഗബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്.
കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്കി. ആരോഗ്യവകുപ്പിന്റെ ‘ഹോം ഐസലേഷന്‍ പ്രോട്ടോക്കോള്‍/ക്വാറന്റീന്’ മാര്‍ഗനിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പലവ്യഞ്ജനം, പച്ചക്കറി ഉള്‍പ്പെടെ പൊതുവിതരണത്തിനുള്ള ഭക്ഷ്യശേഖരത്തെക്കുറിച്ചു സര്‍ക്കാര്‍ കണക്കെടുപ്പു തുടങ്ങി. മുന്‍കരുതലായി ജനം കൂടുതല്‍ വാങ്ങിക്കൂട്ടിയാലും ദൗര്‍ലഭ്യം വരാതിരിക്കാനാണിത്.
അതേസമയം കോവിഡ് 19 സംശയത്തില്‍ 1345 പേരെ നിരീക്ഷിച്ച് പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. നിവലവില്‍ സംസ്ഥാനത്ത് 7677 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 302 പേര് ആശുപത്രികളിലും 7375 പേര് വീടുകളിലുമായാണ് കഴിയുന്നത്.
അതിനിടെ കോട്ടയം മെഡിക്കല്‍ കോളജ് ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശിനിയുടെ പരിശോധനാ ഫലത്തില്‍ ആശയക്കുഴപ്പം പിടിപെട്ടിട്ടുണ്ട്. ശനിയാഴ്ച ലഭിച്ച രണ്ടു ഫലങ്ങളില്‍ ഒന്നു നെഗറ്റീവും മറ്റൊന്നു പോസിറ്റീവുമാണ്. അതിനാല്‍ ഫലം പോസിറ്റീവ് എന്ന തരത്തില്‍ എടുക്കുന്നുവെന്നു കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ഇതൊഴികെ പുതിയ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: