കാഴ്ചകളുടെ മഹാനഗരം
അതായിരുന്നു മുംബൈ.
സാധ്യതകളുടേയും നഗരം.
ആര്‍ക്കും എന്തു തൊഴിലുമെടുത്ത് ജീവിക്കാവുന്ന ഭൂമി.
പഴനിച്ചാമിക്ക് അടിയറവ് പറഞ്ഞതോടെ കോവൈപുതൂര്‍ ജീവിതം ദുസ്സഹമായി. അയാള്‍ എന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അയാള്‍ പറയുന്ന വ്യവസ്ഥകളത്രയും അംഗീകരിച്ചിട്ടും അയാള്‍ക്ക് മതിയായില്ല എന്നു തോന്നുന്നു. അതോ അപവാദ പ്രചരണം അയാളുടെ സ്വഭാവമോ? എന്റെ പ്രാക്ടീസ് കുറയാന്‍ തുടങ്ങി എന്നു മാത്രമല്ല ആളുകള്‍ സന്ദേഹത്തോടെ എന്നെ നോക്കാന്‍ തുടങ്ങി. ജ്യോത്സ്യനില്‍ വിശ്വാസക്കുറവ് വന്നു കഴിഞ്ഞാല്‍ അയാള്‍ പിന്നെ ജാതകപരിശോധന നടത്തി ഫലം പറയുന്നതില്‍ എന്തു കാര്യം? സത്യം പറഞ്ഞാലും അതു നുണയായിട്ടേ തോന്നൂ.
അതിനിടയ്ക്ക് ഒരു ജാതകന് എംഎ സര്‍ട്ടിഫിക്കറ്റ് കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. നല്ല സ്വര്‍ണനിറമുള്ള ഫ്രെയിമില്‍ അത് ചില്ലിട്ടു തൂക്കിയാല്‍ പ്രത്യേക എടുപ്പും സ്റ്റാര്‍ഡം കൂട്ടുന്നതുമായിരിക്കുമെന്ന് ഉപദേശിച്ചു. അയാള്‍ കൊള്ളിച്ചു പറഞ്ഞതാണെന്ന് എനിക്കുടനെ മനസ്സിലായി. പിറ്റേന്നുതന്നെ എംഎ ബിരുദം ചേര്‍ത്തെഴുതിയ ബോര്‍ഡ് ഞാനെടുത്തു മാറ്റി. ഞാന്‍ നിര്‍ദ്ദേശിക്കുന്ന ജ്വല്ലറിയില്‍ നിന്നും വാങ്ങുന്ന രത്നക്കല്ലുകള്‍ രണ്ടാംകിടയാണെന്ന് അതിന്റെ തനിപ്പകര്‍പ്പ് കാണിച്ച് ഒരു ജാതകന് സമര്‍ത്ഥിച്ചു. പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്യുന്നവരുടെ സഹായികള്‍ക്ക് അശ്വതി തൊട്ട് ഇരുപത്തിയേഴു നക്ഷത്രങ്ങളും മേടം തൊട്ട് പന്ത്രണ്ട് രാശികളും ക്രമത്തിലറിയില്ലെന്ന് മറ്റൊരാള്‍ ആ സഹായിയെയും കൂടി കൂട്ടി വന്ന് വാദിച്ചു. ഇത്രയുമായതോടെ കോവൈപുതൂരിലെ എന്റെ അസ്ഥിവാരം ഇളകിത്തുടങ്ങി. എത്രയും പെട്ടെന്ന് സ്ഥലം വിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നുറപ്പായതോടെയാണ് അവിടെനിന്നും വേഗം മുങ്ങിയത്.
മുംബൈയില്‍ എത്തിപ്പെടാന്‍ കാരണമായതും ഒരു ജാതകന് തന്നെ. കോവൈപുതൂരില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് എന്നെ കാണാന്‍ സ്ഥിരമായി വരുമായിരുന്ന രാജേന്ദറിന്റെ അളിയന്. അദ്ദേഹം ഡോംബിവില്ലയില് സ്വന്തം ബിസിനസ്സാണ്. മകളുടെ വിവാഹ സമയമറിയാനാണ് വന്നത്. പറഞ്ഞ സമയത്ത് കൃത്യമായി വിവാഹം നടന്നു. വരന്റെ ദിക്കും കൃത്യമായി. അതോടെ അയാള്‍ക്ക് വിശ്വാസമിരട്ടിച്ചു. മുംബൈയില്‍ നല്ല ജ്യോത്സ്യന്മാര് വിരളമാണെന്നും താങ്കളുടെ എംഎ ഡിഗ്രിക്ക് അവിടെ വന്ന് പ്രാക്ടീസ് ചെയ്താല്‍ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും കണ്ണായ സ്ഥലത്ത് നിര്‍മിച്ച പുതിയ കെട്ടിടം മാന്യമായ വാടകക്ക് അയാള്‍ വാഗ്ദാനം ചെയ്തു. കോവൈപുതൂരില്‍ പ്രശ്നങ്ങള്‍ തല പൊക്കുന്ന സമയത്താണ് ഈ വാഗ്ദാനം. രക്ഷപ്പെടാന്‍ ഒരു പഴുതു നോക്കിയിരിക്കുന്ന എനിക്ക് അതൊരു പിടിവള്ളിയായി.
അതിനിടക്ക് മറ്റൊരു പ്രധാന കാര്യം സംഭവിച്ചു. തഞ്ചാവൂരില്‍ എംഎ ഒന്നാം വര്‍ഷത്തിന് ഒപ്പമുണ്ടായിരുന്ന ഗോതണ്ഡരാമന്‍ ജ്യോതിഷത്തില്‍ ഡോക്ടറേറ്റെടുത്ത വിവരം പറയാന്‍ വിളിച്ചു. കൊല്‍ക്കത്തയിലെ ഏതോ യൂണിവേഴ്സിറ്റിയില്‍ നിന്നും 35000 രൂപ ചെലവില്‍ സംഘടിപ്പിച്ച പട്ടം. അത് അസ്സല് ഡോക്ടറേറ്റോളം വരില്ല. എങ്കിലും പേരിനൊപ്പം വെക്കുന്നതില്‍ കുഴപ്പമില്ല. യൂണിവേഴ്സിറ്റിക്ക് പേരോ പെരുമയോ ഇല്ലെങ്കിലും കൃത്യമായ വിവരങ്ങളോടുകൂടിയ ഡോക്ടറേറ്റാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം ഒന്ന്, സമൂഹ മര്യാദ. രണ്ട്, നൂറു രൂപ ഫീസ് തരുന്ന ദിക്കില്‍ ഡോക്ടറേറ്റിനെ മാനിച്ച് 200 രൂപയെങ്കിലും തരും.
”വേണമെങ്കില്‍ പറയൂ…ഞാന്‍ ശരിയാക്കാം…” ദില്ലിയില്‍ ഇത്തരം ബിരുദാനന്തര ബിരുദ ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും അതിന് സഹായിക്കുന്ന ഏജന്റുമാരെക്കുറിച്ചും നേരത്തെ കേട്ടിരുന്നു. രാജ്യത്തെ വലിയൊരു ശതമാനം ഡോക്ടറേറ്റ് പട്ടങ്ങളും ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് ഈയിടെ പത്രത്തില്‍ വാര്‍ത്തയും കണ്ടു. എന്നാല്‍ ഇതിന്റെ വേരുകള്‍ ജ്യോതിഷ മേഖലയിലേക്കും ഇണര്‍പ്പു പൊട്ടി പടര്‍ന്നത് ഇപ്പോള്‍, ഇപ്പോള്‍ ഗോതണ്ഡരാമനില് നിന്നാണറിയുന്നത്.
”പറയൂ…വേണമെങ്കില്‍ ഞാന്‍….”
ഗോതണ്ഡരാമന്‍ പിന്നെയും പ്രലോഭനം പോലെ പറഞ്ഞു. ഇയാളും ഇതിന്റെ ഏജന്റായിരിക്കുമോ?
പെട്ടെന്ന് മനസ്സിന്റെ പിടുത്തം അയഞ്ഞു. 35000 എനിക്ക് വിഷയമേയായിരുന്നില്ല. എന്നാല്‍ ഗോതണ്ഡരാമന്‍ ചോദിച്ചു.
”ഏതു വിഷയത്തിലാണ് താല്‍പ്പര്യം?”
”വിഷയമോ… യൂ മീന്‍…”
”ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നൊക്കെ പറയുംപോലെ ഏതെങ്കിലുമൊരു വിഷയത്തില്‍ പിടിക്കണം…രഘുവിന് അറിവുള്ളതും പെട്ടെന്ന് വഴങ്ങി വരുന്നതുമായ ഒരു വിഷയം…”
രാഹു കേതുക്കളെക്കുറിച്ച് കുറേ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. ജാതകത്തിലെ രാഹുദോഷങ്ങളെക്കുറിച്ച് ഒരു പരിധി വരെ മനസ്സിലാക്കിയിട്ടുമുണ്ട്. തുടക്കം മുതലേ എന്തോ ആ വിഷയത്തോട് ഒരു പ്രത്യേക കമ്പം തോന്നിയിരുന്നു.
”അതു മതി….”, ഗോതണ്ഡരാമന്‍ പ്രോത്സാഹിപ്പിച്ചു. ”അതിലാവാം ഡോക്ടറേറ്റ്…”
അയാള്‍ തന്നെ എല്ലാത്തിനും മുന്‍കയ്യെടുത്തു. പ്രബന്ധം തയ്യാറാക്കാന്‍ ഒരയ്യായിരം വേറെ ചെലവായി. എങ്കിലും മൂന്നു മാസത്തിനുള്ളില്‍ ഡോക്ടറേറ്റ് കിട്ടി.
ഡോംബിവില്ലിയില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ ഞാന്‍ ചെറിയൊരു പരിഷ്കാരം വരുത്തി.
ഡോക്ടര്‍. ആര്.പി. അയ്യര്‍, എംഎ, പിഎച്ച്ഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: