തിരുവനന്തപുരം: കൊറോണയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ ഭീതിയുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26നു തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പരിശോധനകളും ജാഗ്രതയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് കത്തു നല്കി. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യമാണിപ്പോഴുള്ളതെങ്കിലും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.
സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഇറാന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കര്‍ശനമായി പരിശോധിക്കണമെന്ന കേന്ദ്ര നിര്‍ദേശം പാടെ അവഗണിച്ചു. മാര്‍ച്ച് രണ്ടു മുതല്‍ മാത്രമാണ് കേരളം നടപടി തുടങ്ങിയത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നുതന്നെ ഇത് വ്യക്തം. ഇറ്റലിയില്‍ കൊറോണ രോഗം പടരുകയാണെന്ന് ഫെബ്രുവരി 26ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നുതന്നെയാണ് ഇറ്റലിയില്‍ നിന്നു വരുന്നവരെ 14 ദിവസം ക്വാറന്റൈന് ചെയ്യണമെന്ന് കേന്ദ്രം ഉത്തരവിറക്കിയത്. എന്നാല്‍, ആദ്യ കൊറോണ റിപ്പോര്‍ട്ട് ചെയ്തശേഷം, അതിനെ പരാജയപ്പെടുത്തിയ ആഘോഷത്തിലായിരുന്നു സര്‍ക്കാര്‍. അഭിനന്ദനം ഏറ്റുവാങ്ങുന്ന തിരക്കില്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം വരുത്തിയെന്നും സുരേന്ദ്രന് പറഞ്ഞു.
പൊതുപരിപാടികളും ഉത്സവങ്ങളുമടക്കം നിരോധിച്ചു. എന്നാല്‍ ഇത് ബാറുകള്‍ക്ക് ബാധകമാക്കാത്തത് വിരോധാഭാസമാണ്. എല്ലായിടത്തും കര്‍ശനമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ബാറുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം നടപടികളിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: