തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യ വകുപ്പിന് കടുത്ത അനാസ്ഥ. ഇറ്റലിയില്‍ നിന്നെത്തിയ വെള്ളനാട് സ്വദേശിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞിട്ടും ടാക്സിയിലും ഓട്ടോയിലും യാത്ര ചെയ്യേണ്ടി വന്നു. രോഗലക്ഷണം രൂക്ഷമായതോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നാലെ രോഗം സ്ഥിരീകരിച്ചു.
ഈ മാസം 11നാണ് ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയത്. തനിക്ക് ചുമ അടക്കമുള്ള രോഗലക്ഷണമുണ്ടെന്ന് വിമാനത്താവളത്തില്‍ തന്നെ അറിയിച്ചു.
എന്നാല്‍, ആരോഗ്യ വകുപ്പ് ഇത് ഗൗരവമായെടുത്തില്ല. പനിയില്ലാത്തതിനാല് ആരുമായും ബന്ധപ്പെടാതെ വീട്ടില്‍ തന്നെ കഴിയാനും ആവശ്യപ്പെട്ടു. സാധാരണ ചെറിയ രോഗലക്ഷണമുള്ളവരെപ്പോലും ഐസൊലേഷനിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് പാലിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ല. അയാള്‍ക്ക് ആംബുലന്‍സ് പോലും നല്‍കിയില്ല. തുടര്‍ന്ന് ടാക്സിയിലാണ് വീട്ടിലേക്ക് പോയത്.
വീട്ടിലെത്തിയപ്പോള്‍ വീണ്ടും രോഗലക്ഷണം തോന്നി. തുടര്‍ന്ന് ദിശ നമ്പരില്‍ വിളിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. എന്നാല്‍, പരിശോധനയ്ക്ക് സ്രവങ്ങള്‍ എടുത്ത ശേഷം മടങ്ങിപ്പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ് വിട്ടുനല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് പോയത്. പോകുന്ന വഴിയില്‍ കടയില്‍ കയറി സാധനങ്ങള്‍ വാങ്ങി. വീട്ടിലെത്തി കുളിക്കുമ്പോള്‍ പനി അനുഭവപ്പെട്ടതോടെ ആരോഗ്യ വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. അതേസമയം, കൂടുതല്‍ ആളുകളോട് സമ്പര്‍ക്കം പുലര്‍ത്തിയില്ലെന്നും വ്യക്തമായ നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയില്ലെന്നും ഐസൊലേഷനില്‍ കഴിയുന്ന ഇദ്ദേഹം പറഞ്ഞു.
ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രണ്ട് ദിവസം മുന്‍പ് യുവാവ് തിരുവനന്തപുരത്തെത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇയാള്‍ക്കൊപ്പം യാത്രചെയ്ത 91 പേരില്‍ 31 പേരെ മാത്രമാണ് കണ്ടെത്തിയത്. 61 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇതില്‍ 10 പേര് വിദേശികളാണ്. ഇവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് ജില്ലാ കളക്ടര്‍ നല്കുന്ന വിശദീകരണം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: