കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ആരോഗ്യ വകുപ്പ് പൂഴ്ത്തി. കൊറോണ ബാധിച്ചവര്‍ ചികിത്സയിലും രോഗലക്ഷണമുള്ളവര്‍ നിരീക്ഷണത്തിലുമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവ് ചികിത്സാരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിര്‍ത്തുന്നതിനു വേണ്ടി പ്രഗത്ഭരായ നിരവധി ഡോക്ടര്‍മാരെയാണ് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. മെഡിസില്‍, ജനറല്‍ സര്‍ജറി, അനസ്ത്യേഷ്യാ, ഒഫ്താല്‍മോളജി എന്നിവിഭാഗങ്ങളിലെ പ്രൊഫസര്‍മാരെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് ഇടുക്കിയിലേക്ക് അയച്ചത്. നിയമനം താത്കാലികമാണെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
ഇത്രയും ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താറുമാറായി. ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധിയാളുകള്‍ പരിശോധനയ്ക്കും മറ്റുമായി എത്തുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇടുക്കിയിലേക്ക് അയച്ച ഡോക്ടര്‍മാരെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ ജില്ലാ കളക്ടര്‍ മുഖേന ആരോഗ്യ വകുപ്പിന് അയച്ച കത്താണ് പൂഴ്ത്തിയിരിക്കുന്നത്.
കൊറോണ മൂലം പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ മുഴുവന്‍ ഡോക്ടര്‍മാരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരികെ എത്തിക്കണമെന്നാണ് ആവശ്യം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: