പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും. മാസപൂജകള്‍ക്ക് മീനം ഒന്നിന് പുലര്‍ച്ചെ അഞ്ചിന്നട തുറന്ന് ക്ഷേത്രത്തിലെ പതിവ് പൂജകള്‍ മാത്രമേ നടത്തൂ. വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കില്ല. ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ ചടങ്ങുകള്‍ നടത്തും. വിശേഷാല്‍ പൂജകളായ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, സഹസ്രകലശം തുടങ്ങിയവ ഉണ്ടാവില്ല. മാര്‍ച്ച് 18 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.
കൊറോണ പശ്ചാത്തലത്തില്‍ ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ എത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അഭ്യര്‍ഥിച്ചു. 13 മുതല്‍ 18 വരെ ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാരെ ഇപ്പോഴുള്ള ചുമതലകളില്‍ നിന്ന് മാറ്റേണ്ടെന്നും ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഭക്തര്‍ ദര്‍ശനത്തിനെത്തിയാല്‍ അപ്പം, അരവണ തുടങ്ങിയവ ലഭിക്കില്ല. ഇവയുടെ കൗണ്ടറുകള്‍ തുറക്കില്ല. ദേവസ്വംബോര്‍ഡിന്റെ അന്നദാനമില്ല. കുടിവെള്ളവിതരണവും വൈദ്യ സഹായവും ഉണ്ടായിരിക്കില്ല. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസിയുടെ പ്രത്യേക പമ്പാ സര്‍വ്വീസുകളും ഉണ്ടാകില്ല. ശബരിമലയിലേക്ക് മാസപൂജകള്‍ക്കായി ഭക്തര്‍ എത്തരുതെന്ന അഭ്യര്‍ത്ഥന ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ ചെവിക്കൊള്ളുമെന്നാണ്ബോര്ഡിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: