തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശബരിമല മാസപൂജയ്ക്ക് ഭക്തർ എത്തരുതെന്ന മുന്നറിയിപ്പിന് പിന്നാലെ പമ്പയിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തി വച്ചു. നിലക്കല്‍-പമ്പ ചെയിന്‍ സര്‍വീസും വിവിധ ഡിപ്പോകളില്‍ നിന്നുള്ള സ്പെഷ്യല്‍ സര്വീസുമാണ്നിര്ത്തിയതെന്ന് കെഎസ്ആർടിസി എം.ഡി എം.പി ദിനേശ് അറിയിച്ചു.
മാസപൂജയ്ക്കായി ഈ മാസം 13നാണ് ശബരിമല നട തുറക്കുന്നത്. അയ്യപ്പ ദർശനത്തിന് സംസ്ഥാനത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും നിരവധി ഭക്തന്മാർ ശബരിമലയിൽ എത്തുന്നതാണ് പതിവ്. ഈ മാസം ശബരിമല യാത്ര തീരുമാനിച്ചിരിക്കുന്ന അയ്യപ്പഭക്തർ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേയ്ക്ക് മാറ്റണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.
സാധാരണ മാസപൂജകൾക്കായി നടതുറക്കുന്ന സമയത്ത് ശബരിമലയിൽ ഡ്യൂട്ടിയിൽ എത്താറുള്ള വിവിധ സർക്കാർ വകുപ്പിലെ ജീവനക്കാർ ഈ മാസം ഡ്യൂട്ടിയ്ക്ക് വരേണ്ടതില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ആചാരപരമായ ചടങ്ങുകളും പൂജകളും നടത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ളവർ നട തുറക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: