അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലെ 13 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്കെന്ന് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവരുടെ പിന്തുണയുണ്ടാകുമെന്ന് ബിജെപിയുടെ ഗുജറാത്തിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇവര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു കഴിഞ്ഞു. തങ്ങളോടോപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരേയും സമാന ആശയമുള്ളവരേയും അദ്ദേഹം ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യയും 20 എംഎല്‍എമാരും ഇന്ന് രാജിവെച്ചിരുന്നു. രാജികത്ത് ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. പാര്‍ട്ടിക്കുള്ളില്‍ അവഗണന നേരിടുകയാണെന്ന വിമര്‍ശനത്തോടെയാണ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചത്. സിന്ധ്യയുടെയും കൂട്ടരുടെയും രാജിയോടെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.
സിന്ധ്യ ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിന്ധ്യയെ പോലൊരു വ്യക്തി രാജിവെച്ചതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളിലും ചേരിതിരിവ് ഉടലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും എംഎല്‍എമാരുടെ കൂട്ടത്തോടെ രാജിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് 20 എംഎല്‍എമാരാണ് രാജിവെച്ചത്. ആകെ 29 കോണ്‍ഗ്രസ് എംഎല്‍എമാരാണ് മന്ത്രിസഭയില്‍ ഉള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതാണ്. മുഖ്യമന്ത്രിപദം സംബന്ധിച്ചാണ് ആദ്യം തര്‍ക്കം നിലനിന്നിരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വേണ്ടി പ്രചാരണം നടത്തിയത് സിന്ധ്യയുടെ നേതൃത്വത്തിലാണ്. എന്നാല്‍ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പദം നല്‍കുന്നതിന് വേണ്ടി 23 പേര് മാത്രമാണ് പിന്തുണച്ചത്. അതുകൊണ്ട് മാത്രമാണ് കമല്‍നാഥിന് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനായത്.
അതേസമയം രാജി പ്രഖ്യാപിച്ചതിന് പിന്നാലെ സിന്ധ്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: