കോട്ടയം: വാഹന മോഷണക്കേസില്‍ കോട്ടയം പോലീസ് അറസ്റ്റ് ചെയ്ത അല്‍ ഉമ ഭീകരന് മുഹമ്മദ് റഫീഖിന്റെ (തൊപ്പി റഫീഖ്) മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കരിമ്പു കടയില്‍ സാറമേട് തിപ്പു നഗറില്‍ റിയാസുദീ(31)നെ കോട്ടയം വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്.
ജയിലില്‍ കഴിയുന്ന മുഹമ്മദ് റഫീഖിനെ കാണുന്നതിന് റിയാസ് കോട്ടയത്തെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാസിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മുന്‍ എസ്ഐ ജോസഫിന്റെ വാഹനം എവിടെയാണെന്നുള്ള വിവരം ലഭിച്ചു.
തുടര്‍ന്ന് പോലീസ് സംഘം വാളയാറിലെത്തി മോഷണം പോയ ഇന്നോവ പിടിച്ചെടുത്തു. റിയാസുദീനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റിയാസിനും ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ ഉള്ളതായി കണ്ടെത്തി. ഇയാള്‍ നടത്തിയിട്ടുള്ള ഇടപാടുകളിലും ദുരൂഹതയുണ്ട്.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ റിയാസ് ഇസ്ലാമിക ഭീകര സംഘടനകളുടെ വാട്സ്ആപ്പ് ഗ്രുപ്പുകളില്‍ അംഗമാണെന്നും പോലീസ് കണ്ടെത്തി.1998ലെ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് റിയാസുദീന്റെ പിതാവ് മുഹമ്മദ് റഫീഖ്. ഭീകര സംഘടനയായ അല്‍ ഉമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തുന്നതിനാണ് വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍ക്കുന്നത്.
കേരളത്തില്‍ നിന്ന് ഇരുനൂറോളം വാഹനങ്ങള്‍ റഫീഖും സംഘവും കവര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പ്രസ്താവന നടത്തിയ കേസില്‍ തമിഴ്നാട് പോലീസ് റഫീഖിനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: