തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ചട്ടമ്പിസ്വാമി ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുത്തത് ചട്ടമ്പിസ്വാമിയെയും ദൈവത്തെയും ജയിലില്‍ അടച്ചതിന് സമമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. സര്‍ക്കാര്‍ പൂട്ടിയെടുത്ത കിഴക്കേകോട്ടയിലെ ചട്ടമ്പിസ്വാമിക്ഷേത്രവും തീര്‍ത്ഥപാദ മണ്ഡപവും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
ചട്ടമ്പിസ്വാമിയെയാണോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയാണോ ജയിലിലടച്ചതെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ക്ഷേത്രം പൂട്ടിയെടുത്തത് പ്രകോപനപരമാണ്. കേരളത്തിലെ മുഴുവന്‍ ഹൈന്ദവ വിശ്വാസികളെയും ക്ഷേത്രത്തിലെത്തിച്ച് പിണറായി സര്‍ക്കാര്‍ ചെയ്തത് എന്തെന്നും ഹിന്ദു സമൂഹത്തോട് കാണിക്കുന്ന അവഗണന എന്തെന്നും കാട്ടിക്കൊടുക്കും. കോടിക്കണക്കിന് രൂപ പാട്ട കുടിശ്ശികയുള്ള ക്രിസ്ത്യന്‍ പള്ളികള്‍ക്ക് കുടിശ്ശിക പോലും ഒഴിവാക്കി പതിച്ചു നല്‍കുമ്പോഴാണ് ഹൈന്ദവ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയെ സീല്‍ വച്ച് ജയിലിലടച്ചത്. ലക്ഷക്കണക്കിന് അമ്മമാര്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലക്കുപോലും അത് തുറന്ന് കൊടുത്തില്ല. കേരളത്തിലെ ഹൈന്ദവ മാതൃത്വം ഈ അനീതിയെ എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തറക്കല്ലിടേണ്ട പൈതൃക സ്മാരകത്തെയാണ് റവന്യൂ വകുപ്പ് ഈ വിധം പൂട്ടിയെടുത്തത്. കാബിനറ്റില്‍ പോലും മന്ത്രിമാര്‍ തമ്മില്‍ ഐക്യമില്ലെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ശ്രീവിദ്യാധിരാജ സഭ ട്രസ്റ്റ് സെക്രട്ടറി ഡോ. അജയകുമാര്‍, ഹിന്ദു ഐക്യവേദിസംസ്ഥാന സമിതിയംഗം സന്ദീപ്തമ്പാനൂര്, ജില്ലാ ജനറല്‍ സെക്രട്ടറി വഴിയല ഉണ്ണി, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍, താലൂക്ക് ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, സേവാഭാരതി ജില്ലാ സെക്രട്ടറി ശീവേലി മോഹന്‍, രവികുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ക്ഷേത്രം പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിരവധി ഭക്തര്‍ ശശികല ടീച്ചറോട് പരാതി പറഞ്ഞു. വര്‍ഷങ്ങളായി തീര്‍ത്ഥപാദമണ്ഡപത്തില്‍ പൊങ്കാലയിടുന്ന ഭക്തര്‍ നിറകണ്ണുകളോടെയാണ് ക്ഷേത്രം പൂട്ടിയതിലുള്ള വിഷമം ടീച്ചറോട് പങ്കുവച്ചത്.
ഇന്ന് രാവിലെ ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥപാദ മണ്ഡപത്തിന് മുന്നില്‍ ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണ ധര്‍ണ നടത്തും. ഒ. രാജഗോപാല്എംഎല്എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: