ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര് കൂടി അറസ്റ്റില്‍. ബോംബുകള്‍ നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ സംഘടിപ്പിച്ച വൈസ് ഉള് ഇസ്ലാം (19), മുഹമ്മദ് അബ്ബാസ് റാഥര്‍ (32) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ബോംബുണ്ടാക്കാന്‍ വേണ്ട രാസവസ്തുക്കള്‍ വൈസ് ഉള് ഇസ്ലാം ആമസോണ്‍ വഴിയാണ് സംഘടിപ്പിച്ചതെന്നും കണ്ടെത്തി. ഇയാളെ പിടികൂടാന്‍ ആമസോണ്‍ തന്നെയാണ് എന്‍ഐഎയെ സഹായിച്ചതും.
വൈസിനെ ശ്രീനഗറില്‍ നിന്നും അബ്ബാസിനെ പുല്‍വാമയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ജെയ്ഷെ മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഓണ്‍ലൈനായി രാസവസ്തു സംഘടിപ്പിച്ചതെന്ന് വൈസ് സമ്മതിച്ചിട്ടുണ്ട്. ഇവ ഭീകരര്‍ക്ക് നേരിട്ട് എത്തിച്ചു നല്കിയതും വൈസ് തന്നെയാണ്.
മുഹമ്മദ് അബ്ബാസ് റാഥര്‍ നേരത്തെ മുതല്‍ ജെയ്ഷെ ഭീകരനാണ്. ജെയ്ഷെ ഭീകരനുംബോംബ് നിര്‍മ്മാണ വിദഗ്ധനുമായ മുഹമ്മദ് ഉമറിനെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് അബ്ബാസാണ്. 2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ കശ്മീരിലെത്തിയ ഇയാള്‍ ഭീകരാക്രമണം കഴിയും വരെ താമസിച്ചത് അബ്ബാസിന്റെ വീട്ടിലാണ്. ഇയാള്‍ക്കു പുറമേ ചാവേറായിരുന്ന ആദില്‍ ധര്, പാക് ഭീകരന് കമ്രാന്‍ എന്നിവരെയും ഇടയ്ക്ക് വീട്ടില്‍ താമസിപ്പിച്ചിരുന്നു. ആദില്‍ അടക്കമുള്ള ഭീകരര്‍ക്ക് താരീഖ് അഹമ്മദ് ഷാ, മകള്‍ ഇന്ഷാ ജാന്‍ എന്നിവരുടെ വീട്ടില്‍ താമസമൊരുക്കിയതും അബ്ബാസാണ്.
ഭീകരാക്രമണശേഷം ചാവേര്‍ ആദിലിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ഷൂട്ട് ചെയ്തത്. ഷക്കീര്‍ ബഷീര്‍ മാഗ്രേയുടെ അറസ്റ്റോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. മാഗ്രേയാണ്, ചാവേര്‍ ആദിലിന് അഭയം നല്കിയതും വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും. ആദിലിനെ മാഗ്രേയ്ക്ക് പരിചയപ്പെടുത്തിയത് പാക് ഭീകരന് മുഹമ്മദ് ഉമര്‍ ഫാറൂഖായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ബോംബ് നിര്‍മ്മിച്ചത് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്സ് എന്നിവ ഉപയോഗിച്ചാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: