ആകാശത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ കൗതുകത്തോടെ ഓടിയെത്തി നോക്കി നിന്നിരുന്ന രാഖി എന്ന പെണ്‍കുട്ടി ഇന്ന് രാജ്യത്തിനാകെ അഭിമാനമാണ്. വ്യോമസേനയില്‍ പൈലറ്റായി എന്നത് മാത്രമല്ല ആ നേട്ടം. വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡിന് രാഖിയെ നിയോഗിച്ചത് ഒരു പ്ലറ്റൂണിനെയാകെ പരേഡില്‍ നയിക്കാനായിരുന്നു.
സേന രാഖിക്ക് കുടുംബ കാര്യമാണ്. അമ്മ, സഹോദരി, ഭര്‍ത്താവ് എല്ലാവരും സൈനികര്‍. പുനലൂര്‍, കരവാളൂര്‍ മൂലവിള വീട്ടില്‍ പരേതനായ രാമചന്ദ്രന് പിള്ളയുടെ വീടാണത്. രാമചന്ദ്രന് പിള്ളയുടെ ഭാര്യയും രണ്ടു പെണ്‍മക്കളുമടക്കം എല്ലാവരും സൈന്യത്തിന്റെ ഭാഗം. കുടുംബനാഥയായ അമ്മ ലെഫ്റ്റനന്റ് കേണല്‍ വിജയകുമാരി കരസേനയില്‍ നേഴ്സിങ് സൂപ്രണ്ടായി നാലു വര്‍ഷം മുമ്പ് വിരമിച്ചു. രാഖിയുടെ ചേച്ചി രശ്മി കരസേനയില്‍ ഡോക്ടറാണ്. രശ്മിയുടെ ഭര്‍ത്താവ് ഷെറിന് രാജ് കരസേനയില്‍ ക്യാപ്റ്റനും.
പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലില്‍ പരാമര്‍ശിക്കുന്ന പിരമിഡുകള്‍ക്ക് മുന്നിലെ നിധി തേടി പ്രതിബന്ധങ്ങളെ കൂസാതെ കാതങ്ങള്‍ താണ്ടിയ ഇടയബാലന്റെ കഥ പോലെയാണ് രാഖിയുടെയും ജീവിത കഥ. അമ്മയുടെ ജോലി സംബന്ധമായ യാത്രകള്‍ മൂലം വിവിധ സംസ്ഥാനങ്ങളിലായിരുന്നു രാഖിയുടെ പഠനം. പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ റ്റൂര്ക്കിലും രണ്ടാം ക്ലാസ് മുതല്‍ നാലുവരെ പഞ്ചാബിലെ അമൃത്സറിലും, 5 മുതല്‍ 7വരെ തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്കൂളിലും 8 മുതല്‍ 12 വരെ പഞ്ചാബ്- ജമ്മു അതിര്‍ത്തി പ്രദേശമായ പഠാന്കോട്ടിലുമായി പഠനം. തുടര്‍ന്ന് നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 2015 അവസാനം തെലങ്കാനയിലെ എയര്‍ഫോഴ്സ് അക്കാഡമിയില്‍ പരിശീലനം…
കുട്ടിക്കാലത്തെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച രാഖിയുടെ ആദ്യ നിയമനം ഉത്തര്‍പ്രദേശിലെ സര്‍സാവയില്‍. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ് ഗ്രായില്. ഇവിടെ ജോലിയിലിരിക്കെ ദല്‍ഹിയില്‍ വിജയ ദിവസ് ആഘോഷത്തില്‍ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. അന്ന് വ്യോമസേന നടത്തിയ പരേഡില്‍ പങ്കെടുത്തത് രാഖിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 2018ല്‍ ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് കിട്ടി. പിന്നീട് രണ്ടു മാസത്തെ കടുത്ത പരിശീലനത്തിന് ഒടുവില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ പരേഡ് സംഘത്തിന്റെ നായികാപദം ഏറ്റെടുത്ത് പരേഡ് നയിച്ചു.
സ്വന്തം ഇച്ഛാശക്തി കൊണ്ട് തന്റെ ആഗ്രഹം സഫലമാക്കിയ രാഖി സ്ത്രീകള്‍ക്ക് അഭിമാനം തന്നെയാണ്. മനസ്സില്‍ നിറഞ്ഞ ദേശസ്നേഹവും നിശ്ചയദാര്‍ഢ്യത്തോടെ പ്രയത്നിക്കുകയും ചെയ്താല്‍ ഏത് ഉയരവും കീഴടക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ പെണ്‍കുട്ടി. പരേഡിലെ പദചലനങ്ങളും മറ്റും സസൂക്ഷ്മം വീക്ഷിച്ച മേലധികാരികളുടെ അഭിനന്ദങ്ങള്‍ ഏറ്റുവാങ്ങുവാനും രാഖി രാമചന്ദ്രന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: