വനവാസത്തിന് ഇറങ്ങുന്ന ഭഗവാന് ശ്രീരാമന്. പത്നിയായ സീതയെ കൊട്ടാരത്തില്‍ ഉപേക്ഷിക്കാനാണ് തീരുമാനം. കാട്ടിലെ പരുക്കന്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സ്ത്രീയായതിനാല്‍ സീതയ്ക്ക് ആവില്ലെന്നായിരുന്നു ആ തീരുമാനത്തിന് ആധാരം.
കേട്ടപ്പോള്‍ ഇത്രയേ ചോദിച്ചുള്ളൂ സീത. ‘ സ്ത്രീയില്ലാതെ പുരുഷന് എന്തു കഴിയും? ഉണ്ടോ പുരുഷന് പ്രകൃതിയെ വേറിട്ട്? രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്കിലോ….’ എന്ന്. മറുപടികള്‍ അപ്രസക്തമായ ആ ചോദ്യത്തിനൊടുവില്‍ രാമനെ പിന്തുടരുകയല്ല, ഒപ്പം നടക്കുകയാണ് സീത. കഥാന്ത്യത്തിലെത്തുമ്പോള്‍ ‘സീതാപരിത്യാഗ’ത്തിലും സ്വത്വത്തെ അടിയറവെയ്ക്കാത്ത ആ തന്റേടം ദര്‍ശിക്കാനാവും.
സ്ത്രീയുടെ സത്ത പുരാണങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യഖ്യാനിക്കുന്നവര്‍ക്ക് മുമ്പില്‍ വെയ്ക്കാന്‍ ഉദാത്തമായ ചില പെണ്ണടയാളങ്ങളുണ്ട് ഭാരതീയ സംസ്കൃതിയില്‍. വേദങ്ങളിലും പുരാണങ്ങളിലും മാത്രമല്ല, ചരിത്രത്തിലുമുണ്ടത്.
റാണിപത്മിനി
മേവാറിലെ രജപുത്രരാജാവായിരുന്ന റാണാ രത്തന്‍സിങിന്റെ പത്നിയായിരുന്നു റാണി പത്മിനി(പത്മാവതി). സിംഹളരാജകുമാരിയായിരുന്നു അവര്‍. ഉത്തരഭാരതം നിരന്തരം വൈദേശികാക്രമണങ്ങള്‍ക്ക് ഇരയായിരുന്ന കാലം. രജപുത്ര രാജാക്കന്മാര് മാത്രം തങ്ങളുടെ സാമ്രാജ്യം ശത്രുവിന്റെ നിഴല്‍ വീഴാതെ കാത്തു പോന്നു. പക്ഷേ മുഗള്‍ രാജാവായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി ചിത്തോര്‍ ആക്രമിച്ചു കീഴടക്കി. റാണി പത്മാവതിയുടെ അഭൗമസൗന്ദര്യത്തില്‍ മയങ്ങിയ ഖില്‍ജിക്ക് എങ്ങനെയെങ്കിലും പത്മിനിയെ സ്വന്തമാക്കണമെന്ന അത്യാര്‍ത്തിയായിരുന്നു. അതിന് ഇട നല്‍കാതെ ആത്മാഭിമാനമാണ് വലുതെന്നും ശത്രുവിന് കീഴടങ്ങുന്നതിനേക്കാള്‍ മൃത്യുവാണ് അഭികാമ്യമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന റാണി പത്മിനി അന്തഃപുരത്തിലെ മറ്റു സ്ത്രീകള്‍ക്കൊപ്പം സതി അനുഷ്ഠിച്ചു. ആത്മാഭിമാനം അടിയറവയ്ക്കാത്ത ഭാരതീയ സ്ത്രീത്വത്തിന്റെ ഉദാത്തമാതൃകയായിരുന്നു മേവാറിന്റെ രാജ്ഞി.
ആണ്ടാള്‍
പുരാതന തമിഴ് സാഹിത്യത്തിലെ വിഖ്യാതയായ ഭക്തകവിയായിരുന്നു. തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും തമിഴ്നാട്ടില്‍ വൈഷ്ണവഭക്തി സാഹിത്യം പ്രചരിപ്പിച്ചിരുന്ന പന്ത്രണ്ടു ദിവ്യന്മാരാണ് ആഴ്വാര്‍മാര്‍. കൂട്ടത്തില്‍ ഏറ്റവും ആദരണീയനായിരുന്ന പെരിയ ആഴ്വാര്‍ വിഷ്ണുചിത്തന്റെ വളര്‍ത്തു മകളായിരുന്നു ആണ്ടാള്‍. തമിഴ്നാട്ടില്‍ രാമനാഥ പുരത്തെ ശ്രീവില്ലി പുത്തൂരിലാണ് ആണ്ടാള്‍ ജനിച്ചത്. തുളസിച്ചെടിയുടെ ചുവട്ടില്‍ നിന്നാണ് ആണ്ടാളിനെ വിഷ്ണുചിത്തന് ലഭിച്ചതെന്ന് പറയപ്പെടുന്നു. ‘കോതൈ’ എന്നായിരുന്നു ആണ്ടാളുടെ കുഞ്ഞുനാളിലെ പേര്. ബാല്യത്തിലേ തികഞ്ഞ കൃഷ്ണഭക്തയായിരുന്നു. ഭക്തമീരയെപ്പോലെ കൃഷ്ണനെ വേറിട്ടൊരു ജീവിതമില്ലായിരുന്നു ആണ്ടാള്‍ക്ക്.
സദാനേരവും കൃഷ്ണനെ ഭജിച്ചു കഴിഞ്ഞിരുന്ന ആണ്ടാളെ അച്ഛന് ശ്രീരംഗത്തുള്ള രംഗനാഥക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടുപോയെന്നും ആണ്ടാള്‍ ശ്രീരംഗനാഥ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നുവെന്നുമാണ് ഐതിഹ്യം. ‘നാച്ചിയാര്‍ തിരുമൊഴി’, ‘തിരുപ്പാവൈ’ എന്നിവയാണ് ആണ്ടാളുടെ പ്രസിദ്ധമായ ഭക്തികാവ്യങ്ങള്‍. നാച്ചിയാര്‍ തിരുമൊഴിയില്‍ ശ്രീവില്ലി പുത്തൂരിനെ അമ്പാടിയായി സങ്കല്പിച്ചാണ് എഴുതിയിരിക്കുന്നത്. അവിടെയുള്ള ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള ഓരോ പ്രദേശത്തെയും അമ്പാടിയുമായി ഉപമിച്ചിരിക്കുന്നു.
ഉണ്ണിയാര്‍ച്ച
കടത്തനാട്ടെ ചേകവന്മാരുടെ വീരകഥകള്‍ വടക്കന്‍ കേരളചരിത്രത്തിന്റെ ഭാഗമാണ്. വടക്കന്‍ പാട്ടുകളിലൂടെ പാടിപ്പതിഞ്ഞ ചേകവന്മാരുടെ അങ്കക്കഥകളില്‍ പുരുഷനൊപ്പം നില്ക്കുന്നൊരു ധീരവനിതയുണ്ട്. ഉണ്ണിയാര്‍ച്ച. കടത്തനാട്ടെ (ഇന്നത്തെ വടകര താലൂക്കില്‍ പെട്ട സ്ഥലം) പുത്തൂരം വീട്ടില്‍ കണ്ണപ്പന് ചേകവരുടെ മകളായിരുന്നു ഉണ്ണിയാര്‍ച്ച. മുറച്ചെറുക്കന് ചന്തുവിനും സഹോദരനായ ആരോമല്‍ ചേകവര്‍ക്കുമൊപ്പം കളരി അഭ്യസിച്ച ഉണ്ണിയാര്‍ച്ചയുടെ ആയോധന പാടവം അസാമാന്യമായിരുന്നു. അന്ന് നാദാപുരത്തങ്ങാടി അടക്കിവാണിരുന്ന ജോനകപ്പടയെ പേടിച്ച് പെണ്ണുങ്ങള്‍ക്കാര്‍ക്കും വഴി നടക്കാന്‍ പറ്റാത്ത കാലം. അല്ലിമലര്‍ക്കാവിലെ കൂത്തുകാണാനും അയ്യപ്പന് കാവിലെ വിളക്കു കാണാനും നാദാപുരത്തങ്ങാടി കടന്നു വേണം പോകാന്‍. ഉണ്ണിയാര്‍ച്ചയ്ക്ക് അതു രണ്ടും കാണണം. പെണ്ണുങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത വഴിയാണത് എന്ന് ഉറ്റവരും ഉടയവരുമെല്ലാം വിലക്കിയിട്ടും ആര്‍ച്ച പിന്മാറിയില്ല. പെണ്ണിന്റെ മാനത്തിന് വില പറയുന്നവരെ എതിരിടാനായിരുന്നു തീരുമാനം. നാദാപുരത്തങ്ങാടിയില്‍ ജോനകമൂപ്പന്റെ സേവകര്‍ ഉണ്ണിയാര്‍ച്ചയെ തടഞ്ഞു. ആര്‍ച്ചയെ പിടിച്ചുകെട്ടി കൊണ്ടു വരാനായിരുന്നു അവര്‍ക്കു ലഭിച്ച കല്പന. തടയാനെത്തിയ ജോനകരെ ഉറുമികൊണ്ട്സധൈര്യം ആര്‍ച്ച നേരിട്ടു. ഭയന്നോടിയവരില്‍ ചിലര്‍ മൂപ്പനെ കണ്ട് കാര്യം പറഞ്ഞു. വീരയോദ്ധാവായ ആരോമലിന്റെ സഹോദരിയാണ് ആര്‍ച്ചയെന്നറിഞ്ഞ മൂപ്പനും ഭയമായി. ആര്‍ച്ചയോട് മൂപ്പന് നേരിട്ടത്തി ക്ഷമ ചോദിച്ചു. ക്ഷമമാത്രം പോര, സ്ത്രീകള്‍ക്ക് അന്തസ്സായി ഇതുവഴി നടക്കാനാവണമെന്നതായിരുന്നു ആര്‍ച്ചയുടെ ആവശ്യം. ജോനകമൂപ്പനും ആദരവോടെ അക്കാര്യങ്ങളെല്ലാം സമ്മതിച്ചു. ഉണ്ണിയാര്‍ച്ചയുടെ വീരകഥകള്‍ ഇതൊന്നില്‍ മാത്രം ഒതുങ്ങുന്നില്ല. കടത്തനാടന്‍ കാറ്റില്‍, വടക്കന്‍പാട്ടിന്റെ ശീലുകളില്‍ അതിപ്പോഴും ഒഴുകി നടക്കുന്നു.
അഹല്യാബായി ഹോള്‍ക്കര്‍
ക്ഷേത്രങ്ങളെയെല്ലാം ഉദ്ധരിച്ച് ഭാരതീയ സംസ്ക്കാരം കാത്തു പോരുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു റാണി അഹല്യാബായ് ഹോള്‍ക്കര്‍. മഹാരാഷ്ട്രയിലെ ഭിഡ് ജില്ലയില്‍ മാന്‍ഖോജി ഷിന്‍ഡെയുടെ മകളായിരുന്ന അഹല്യാബായിയെ വിവാഹം ചെയ്തത് ഇന്‍ഡോര്‍ രാജാവായ മല്‍ഹര്‍റാവ് ഹോല്‍ക്കറിന്റെ പുത്രന് ഖണ്ഡേറാവുവായിരുന്നു. അദ്ദേഹം കുംഭേരി യുദ്ധത്തില്‍ വധിക്കപ്പെട്ടു. പിന്നീട് രാജ്യകാര്യങ്ങളെല്ലാം നോക്കി നടത്തി ഇന്‍ഡോറിലെ ഭരണം നിയന്ത്രിച്ചത് അഹല്യാബായിയാണ്. പൂനയില്‍ അക്കാലത്ത് പേഷ്വാ സ്ഥാനം പിടിച്ചടക്കിയ രഘുനാഥറാവു ഇന്‍ഡോര്‍ കീഴടക്കാന്‍ ശ്രമിച്ചു. പക്ഷേ അഹല്യാബായിയുടെ ഭരണതന്ത്രത്തിനു മുന്നില്‍ റാവു അടിയറവു പറഞ്ഞു. പ്രജാക്ഷേമത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അഹല്യാബായി നടത്തിയിട്ടുണ്ട്. കാശിവിശ്വനാഥ ക്ഷേത്രം, സോമനാഥക്ഷേത്രം തുടങ്ങിയവയെല്ലാം ഉദ്ധരിച്ചത് അഹല്യാബായിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: