കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തുള്ളത് 892 ടെലിവിഷന്‍ ചാനലുകളാണ്. ഇതില്‍ 403 എണ്ണവും ന്യൂസ് ചാനലുകളും. അക്കൂട്ടത്തില്‍ രണ്ട് പ്രാദേശിക ചാനലുകളാണ് ഏഷ്യാനെറ്റും മീഡിയ വണ്ണും. ബിജെപി നേതാവ് രാജീവ് ചന്ദ്ര ശേഖരാണ് ഉടമയെങ്കിലും സിപിഎംതാത്വികാചാര്യന്റെ മകന് ചീഫ് എഡിറ്ററായ ഏഷ്യാനെറ്റ് ഒരു സമ്പൂര്‍ണ്ണ ബിജെപി വിരുദ്ധ മാധ്യമമാണ്. എഡിറ്റോറിയലില്‍ കൈകടത്തില്ലന്ന ഉടമയുടെ അവകാശവാദം താത്വികമൊന്നുമല്ല.. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യത്തില്‍ ബിജെപിയുടെ മേല്‍ കുതിര കയറുന്നതാണ് റേറ്റിംഗ് കൂടാനും പരസ്യ വരുമാനം ഉയരാനും നല്ലതെന്ന തിരിച്ചറിവാണ് കാര്യം. മുസ്ലീം വര്‍ഗ്ഗീയതയ്ക്ക് താത്വിത അടിത്തറ പാകാന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തിപോലും ചെയ്യാന്‍ മടിക്കാത്ത ജമാ അത്ത ഇസ്ലാമിയുടെ കാഴ്ചയും കാഴ്ചപ്പാടുമാണ് മീഡിയ വണ്‍. ബിജെപി വിരുദ്ധതയ്ക്ക് ഉപരി മറ്റു പല ലക്ഷ്യങ്ങളും മീഡിയാ വണ്ണിനുണ്ട്. പരസ്യ വരുമാനമോ റേറ്റിംഗ് വര്‍ധനവോ മാത്രമല്ലത്. ഈ രണ്ടു ചാനലുകളുടെ സംപ്രേക്ഷണമാണ് വര്‍ഗ്ഗിയ കലാപം പരത്താന്‍ ശ്രമിച്ചു എന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്.
കേരളത്തിലെ മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണിത്. എന്തുകൊണ്ട് കേരളത്തിലെ രണ്ടു മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടി എന്നതാണ് അതില്‍ പ്രധാനം. ബിജെപിയേയും നരേന്ദ്രമോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നിരവധി ദേശീയ മാധ്യമ വമ്പന്മാര് ഉണ്ട്. കൈരളിയും ജയ്ഹിന്ദും പോലെ ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ചാനലുകളുമുണ്ട്. അവര്‍ക്കൊന്നും നിരോധനം ഏര്‍പ്പെടുത്താതെ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും മാത്രം എന്തേ എന്ന ചോദ്യത്തിനുത്തരമാണ് അവര്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം. വര്‍ഗ്ഗീയ കലാപത്തിന് ആക്കം കൂട്ടാനുള്ള ശ്രമം. അതും ബോധപൂര്‍വം കള്ളം പ്രചരിപ്പിച്ച്.
ദല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളികള്‍ കത്തിച്ചതായിട്ടാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്.സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചില്ല. പള്ളി കത്തിയത് വ്യാജ പ്രചരണമാണെന്ന് തെളിയുകയും ചെയ്തു. ‘ജാഫ്രാബാദിലും മജ്പൂരിലും പള്ളികള്‍ക്ക് തീയിട്ടപ്പോള്‍ ദല്‍ഹി പോലീസ് നിശബ്ദ കാണികളായിരുന്നു. മതം ചോദിച്ച ശേഷമാണ് കലാപകാരികള്‍ ആക്രമിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ മുസ്ലീം വീടുകള്‍ ആക്രമിക്കപ്പെടുകയും മുസ്ലീങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു. അക്രമം നടന്ന് മൂന്നാം ദിവസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.’ എന്നൊക്കെ ആവേശത്തില്‍ സുനില്‍ വിളിച്ചു പറഞ്ഞു. മതസ്നേഹമുള്ള മുസ്ലീമിനുള്ളില്‍ ദു:ഖവും തീവ്രസ്വഭാവക്കാരില്‍ ഹിന്ദു വിരുദ്ധതയും കുത്തിക്കയറ്റുന്ന റിപ്പോര്‍ട്ടിംഗായിരുന്നു നടത്തിയത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠവും മനുഷ്യ സ്നേഹത്തിന്റെ മഹത്വവും മറന്നുള്ള പ്രകടനം. കലാപകാരികളുടെ മാനസികാവസ്ഥ വച്ചുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനം.. അതിന് വില നല്‍കിയേ പറ്റൂ. നിരോധനം ചെറിയ ശിക്ഷ മാത്രമാണ്. കുറ്റം ഏറ്റു പറഞ്ഞ് നിരുപാധികം ക്ഷമ ചോദിക്കാന്‍ മാധ്യമ സ്ഥാപനം തയ്യാറായി. അതുമാത്രം പോര. ഒന്നാം പ്രതിയായ റിപ്പോര്‍ട്ടര്‍ പ്രായശ്ചിത്തം ചെയ്യണം. അല്ലെങ്കില്‍ ഇനിയും ഈ പണിക്ക് നില്‍ക്കരുത്.
മീഡിയാ വണ്ണില്‍ നിന്ന് അങ്ങനെ ഒന്നു പ്രതീക്ഷിക്കേണ്ട. മുസ്ലീങ്ങള്‍ അക്രമണം നടത്തുന്ന ചിത്രങ്ങള്‍ കാണിച്ചിട്ട് ഹിന്ദുക്കള്‍ ആക്രമണം നടത്തുന്നതായി തത്സമയം വാര്‍ത്ത നല്‍കുകയായിരുന്നു മീഡിയ വണ്‍. എന്നാല്‍ അക്രമകാരികള്‍ റിപ്പോര്‍ട്ടര്‍മാരെ വളഞ്ഞപ്പോള്‍ ‘ഞങ്ങളും നിങ്ങളുടെ ആളുകളാ, മുസ്ലീങ്ങളാണ്’ എന്നു വിളിച്ചു പറയുകയും തെളിവിനായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതെല്ലാം മീഡിയവണ്‍ ചാനലിലൂടെ തന്നെ ലോകരെല്ലാം കണ്ടതാണ്. ദൈവത്തിന്റെ അദൃശ്യകരം പോലെയായിരുന്നു അത്. കൊറോണ വൈറസ് പേടിയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉപേക്ഷിക്കണമെന്ന് ചീഫ് എഡിറ്റര്‍ അഭിപ്രായം പറഞ്ഞ ദിവസം തന്നെ ഏഷ്യാനെറ്റിനു വിലക്കു വന്നതും ഈശ്വരന്റെ കളിയോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
നിയമ പ്രകാരം കുറ്റം ചെയ്തതിനുള്ള ശിക്ഷയായിരുന്നു രണ്ടു ചാനലുകള്‍ക്കും കിട്ടിയത്. ഉച്ചയക്ക് ഉച്ചപ്പടം ഇട്ടതിന് കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനലിനും വിലക്ക് വീണിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ദേശീയ ചാനലായ എന്‍ഡിടിവിയ്ക്കും പണികിട്ടിയിരുന്നു. ഇതൊക്കെ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായിട്ടും അടിയന്തരവസ്ഥയിലെ മാധ്യമ വിലക്കിനു സമാനം എന്നൊക്കെയാണ് വിലാപം. രണ്ടു ചാനലുകള്‍ തെറ്റു ചെയ്യുകയും അതിന് ശിക്ഷ കിട്ടുകയും ചെയ്തത് എങ്ങനെ മാധ്യമ സ്വാതന്ത്ര്യ ധ്വംസനമാകും. മാധ്യമങ്ങള്‍ക്കെല്ലാം കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥക്കാലവും ഈ നടപടിയും തമ്മില്‍ എന്തു സമാനത. ഇന്ദിരാഗന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് മാധ്യമ പ്രവര്‍ത്തകരെങ്കിലും, അന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ കഴിയേണ്ടി വന്ന നേതാക്കളാണ് ഇന്ന് രാജ്യം ഭരിക്കുന്നവര്‍ എന്നെങ്കിലും ഓര്‍ക്കേണ്ടേ. 48 മണിക്കൂര്‍ വിലക്കായിരുന്നു നിയമപരമായി നല്‍കിയതെങ്കിലും അതിനു മുന്‍പുതന്നെ അതു നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ഇക്കാര്യത്തില്‍ മുന്‍ വിധിയോ വൈരാഗ്യമോ ഇല്ല എന്നതിന് തെളിവാണ്. അതു മനസ്സിലാക്കിയെങ്കിലും നേരെ ചൊവ്വേ നിര്‍ഭയം വാര്‍ത്ത നല്കാന് ശ്രമിക്കുന്നതാണ് നല്ലത്. മാധ്യമ പ്രവര്‍ത്തകന്റെ മോദി വിരുദ്ധതയും ബിജെപി ശത്രുതയും ഒക്കെ ഫെയ്സ്ബുക്കിലോ വാട്സ് അപ്പിലോ എഴുതി തീര്‍ക്കുക. അല്ലെങ്കില്‍ പണികിട്ടുക സ്ഥാപനത്തിനാകും. മോദിയെ തെറിവിളിക്കാന്‍ തെരുവിലിറങ്ങാന്‍ യൂണിയന് നേതാക്കള്‍ ഉണ്ടാകുമെങ്കിലും പണിപോകുമ്പോള്‍ സഹതപിക്കാന്‍ പോലും ആരും കാണില്ലന്ന് മാധ്യമ സുഹൃത്തുക്കളും കരുതിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: