കൊച്ചി: ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ മൂന്നാം സ്ഥാനക്കാരിയായ ആര്യ വി.എസ് പെരുമ്പാവൂരിന്റെ അഭിമാനമാകുന്നു. വെങ്ങോല കേരള സ്റ്റേറ്റ് ഇലക്ട്രിക് സിറ്റി ബോർഡിലെ ഓവർസിയറായ പള്ളിക്കവല വാഴയിൽ വീട്ടിൽ സുഗുണന്റെയും വീട്ടമ്മയായ സുധയുടെയും രണ്ട് പെൺമക്കളിൽ മൂത്തയാളാണ് ആര്യ.
കുട്ടിക്കാലം മുതൽ തന്നെ സിവിൽ സർവീസ് ലക്ഷ്യം വച്ചുള്ള പഠനമായിരുന്നു ആര്യയുടേത്. ആലുവ യു.സി കോളേജിൽ നിന്നും ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം മൂന്നു വർഷത്തോളമായി തിരുവനന്തപുരത്ത് സിവിൽ സർവിസിന്റെ പരിശീലന കേന്ദ്രത്തിൽ കഠിന പ്രയത്നത്തിലായിരുന്നു ആര്യ. കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്ന് ആര്യ പറയുന്നു. ഉന്നത നിലവാരത്തിലുള്ള ഒരു ജോലി എന്നതിലുപരി രാജ്യത്തിന് സേവനം നൽകുക എന്ന ആഗ്രഹമാണ് ആദ്യ ശ്രമത്തിൽ തന്നെ സാധ്യമായതെന്ന് ആര്യ കൂട്ടിച്ചേർത്തു.
നിരന്തരമായ അർപ്പണബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും ഉന്നതവിജയം കരസ്ഥമാക്കാമെന്ന് ആര്യ വ്യക്തമാക്കി. ഇക്കൊല്ലം 88 പേർ ഐഎഫ്എസ് നേടിയപ്പോൾ ദേശീയ തലത്തിൽ അമ്പത്തിയേഴാം റാങ്കോടെയാണ് ആര്യ വിജയം നേടിയത്. കഠിന പ്രയത്നത്തിലൂടെ സാധാരണക്കാർക്കും ഉന്നത വിജയം കരസ്ഥമാക്കാം എന്ന സന്ദേശമാണ് മകൾ നൽകിയതെന്ന് അച്ഛൻ സുഗുണനും പറയുന്നു.
ദേശീയ തലത്തിൽ പതിനാറാം റാങ്ക് നേടിയ മൂവാറ്റുപുഴ സ്വദേശി വിഷ്ണുദാസാണ് കേരളത്തിലെ ഒന്നാമൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: