ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപിയില്‍ കലാപം നടത്തിയവരുടെ പേര് വിവരങ്ങള്‍ മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യപ്പെടുത്തി. രാജ്യത്ത് കലാപത്തിന് ആഹ്വാനം നല്‍കിയവരെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കുന്നതിനായാണ് യുപി സര്‍ക്കാര്‍ പേര് പരസ്യമാക്കിയിരിക്കുന്നത്.
തലസ്ഥാനമായ ലഖ്നൗ നഗരത്തില്‍ വലിയ പരസ്യബോര്‍ഡുകളില്‍ കലാപത്തിന് ആഹ്വാനം നല്കിയ പ്രതികളുടെ പേരും ചിത്രവും വിലാസവും അടക്കം പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് യോഗി അറിയിച്ചിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രക്ഷോഭം നടത്തുകയും ചെയ്തവരെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കുന്നതിനായാണ് യുപി സര്‍ക്കാരിന്റെ ഈ നടപടി. കലാപത്തിന് നേതൃത്വം കൊടുത്തുവെന്ന് പോലീസ് കണ്ടെത്തിയ രാഷ്ട്രീയ നേതാക്കളായ സദാഫ് ജാഫര്‍, അഭിഭാഷകരായ മുഹമ്മദ് ഷുഎയ്ബ്, നടനും ആക്ടിവിസ്റ്റുമായ ദീപക് കബീര്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥന് എസ്.ആര്. ദാരാപുരി എന്നിവരുടെ പേരുകളും പരസ്യപ്പെടുത്തിയതില്പെടുന്നു.
നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എതിരായി ഇവരില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ കലാപങ്ങളില്‍ നിന്നുള്ള നഷ്ടം ഈടാക്കുന്നതിനായി പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും യുപി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: