ആവിഷ്കാര സ്വാതന്ത്ര്യം സ്വാതന്ത്ര്യങ്ങളുടെ മാതാവാണ്. ഒരുവന് സ്വയം പ്രകടിപ്പിക്കാനുള്ള പരമമായ അവകാശമാണ് അത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഭാരതത്തിന്റെയും അമേരിക്കയുടെയും ഭരണഘടന ഇത് ഉറപ്പ് നല്കുന്നു. ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും അത്യന്താപേക്ഷിതമാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഒരു വ്യവസ്ഥിതിയില്‍ പൗരനുള്ള എതിര്‍പ്പുകള്‍ വ്യക്തമാക്കാനുള്ള ഇടമാണ് നല്‍കുന്നത്. ഏത് ആരോഗ്യകരമായ വ്യവസ്ഥിതിക്കും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.
അനാദികാലം തൊട്ടുള്ള ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എതിര് സ്വരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭാരതത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ പഴക്കമുള്ള ഒന്നാണ് എന്ന് മനസ്സിലാകും. ”ഏകം സത് വിപ്രാ ബഹുദാ വദന്തി” എന്നുള്ളത് അതിന്റെ തെളിവാണ്. സത്യം ഒന്നാണ,് പണ്ഡിതന്മാര് അതിനെ പലതായി വിവക്ഷിക്കുന്നുവെന്നേ ഉള്ളൂവെന്ന ഈ സന്ദേശം വ്യത്യസ്ത ശബ്ദങ്ങളെ ഭാരതം എങ്ങനെ ശ്രവിച്ചിരുന്നുവെന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് അദ്വൈതവാദിക്കും ദ്വൈതവാദിക്കും നാസ്തികര്ക്കുമെല്ലാം അവരുടെ കാഴ്ചപ്പാടുകള്‍ ഇവിടെ നിരത്താനായത്. വിരുദ്ധാഭിപ്രായങ്ങള്‍ക്ക് മരണശിക്ഷ വിധിക്കുന്നത് നമ്മുടെ സംസ്കാരത്തിന് അന്യമായിരുന്നു. കര്‍മഫലത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള വേദകാല ചിന്തകളെ നിശിതമായി വിമര്‍ശിച്ച ചാര്‍വാകന്റെ ചിന്താധാരയെ പോലും ബഹുമാനിക്കുന്നതാണ് ഭാരത സംസ്കാരം. ”ഭസ്മി ഭൂതസ്വ ദേഹസ്യ പുനരാഗമനം കുതഹ” എന്നു പറഞ്ഞ ചാര്‍വാകനെ നമ്മള് സഹിക്കുകയായിരുന്നില്ല, മറിച്ച് ഋഷി ചാര്‍വാകന്‍ എന്ന സ്ഥാനം നല്കി ബഹുമാനിക്കുകയായിരുന്നു. ഭാരതത്തിലേക്ക് വന്ന എല്ലാ ചിന്താധാരകളെയും ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള പ്രാപ്തി നമുക്ക് നല്‍കിയത് ഈ പരിശീലനമാണ്.
എല്ലാ നിയമങ്ങളുടെയും വിജയത്തിന് ആ നിയമങ്ങള്‍ ആ രാജ്യത്തിന്റെ വോള്ക്സ്ഗേസ്റ്റിന് (ദേശീയത)അനുസൃതമായിരിക്കണമെന്ന് പറഞ്ഞത് പ്രശസ്ത നിയമജ്ഞനായ സാവിങ്നിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും ഭാരതത്തില്‍ അംഗീകാരം കിട്ടിയത് എതിര് സ്വരങ്ങളോട് നമ്മുടെ സംസ്കാരം പുലര്‍ത്തിയ ബഹുമാനത്തിന്റെ ഫലമായാണ്. ഈ തത്വങ്ങളാണ്, ഈ അവകാശങ്ങള്‍ നമ്മുടെ ഭരണഘടനയുടെ ഭാഗമാക്കാന്‍ ഭരണഘടനാ ശില്പികള്ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്.
ഭരണഘടനയുടെ അനുച്ഛേദം 19 ആണ് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. മൗലികങ്ങളില്‍ മൗലികമായ അവകാശമാണ് ആവിഷ്കാര സ്വാതന്ത്ര്യം. എല്ലാ പൗരന്മാര്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും സമാധാനപരമായും ആയുധങ്ങള്‍ ഇല്ലാതെയും സംഘം ചേരാനും സംഘടനകള്‍ രൂപീകരിക്കാനും ഭാരതത്തില്‍ എവിടെയും സഞ്ചരിക്കാനും താമസിക്കാനും ഏത് തൊഴില്‍ ചെയ്യുവാനുമുള്ള അവകാശമാണ് അനച്ഛേദം 19 ഉറപ്പ് വരുത്തുന്നത്. ഒരു പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ വശങ്ങള് പരിശോധിച്ച്, അവ ഉറപ്പ് വരുത്തുന്ന രീതിയിലാണ് അനുച്ഛേദം 19 രൂപീകരിച്ചിട്ടുള്ളത്. നമ്മുടെ ഭരണഘടനാ നിര്‍മാണസഭ ഐകകണ്ഠ്യേനയാണ് അത് സ്വീകരിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് 1962-ല്‍ തന്നെ സുപ്രീംകോടതി കാമേഗ്വര് പ്രസാദ് എന്ന കേസില്‍ പറഞ്ഞു. അക്രമോത്സുകമല്ലെങ്കില് പ്രകടനങ്ങള്‍ നടത്തി വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഭരണഘടനാപരമാണ് എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
അനുച്ഛേദം 19ല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന വിഷയത്തില്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ ശക്തമായ വാദപ്രതിവാദം ഉണ്ടായി. ലോകത്ത് ഒരിടത്തും അനിയന്ത്രിതമായി അവകാശങ്ങള്‍ നല്‍കിയിട്ടില്ല എന്ന വാദമാണ് നിയന്ത്രണങ്ങള്‍ വേണമെന്ന പക്ഷക്കാര്‍ ആവശ്യപ്പെട്ടത്. രാഷ്ട്ര സുരക്ഷയെയും, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം, പൊതുക്രമം സംരക്ഷിക്കല്‍, മാന്യതയും ധാര്‍മികതയും, കോടതിയലക്ഷ്യ നടപടികള്‍, മാനനഷ്ടം, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിവ ന്യായമായ നിയന്ത്രണങ്ങളാക്കി ആവിഷ്കാര സ്വാതന്ത്ര്യം പ്രതിപാദിക്കുന്ന അനുച്ഛേദം 19ല്‍ തന്നെ ഉള്‍പ്പെടുത്തി. ഭരണഘടനാ നിര്‍മാതാക്കള്‍ തന്നെ ആവിഷ്കാര സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് അംഗീകരിച്ചത് എന്ന് ഇതില്‍ നിന്ന് വ്യക്തം.
കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതിനെ ‘ന്യായമായ നിയന്ത്രണങ്ങളുടെ’ പട്ടികയില്‍പ്പെടുത്തിയത് 1951-ല്‍ ആദ്യത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വീണ്ടും ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഭരണഘടനാ ശില്പികളില് ഒരാളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായപ്പോള്‍ തന്നെ വീണ്ടും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് 1963 ല്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിക്കുന്ന വിഷയങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ന്യായമായ നിയന്ത്രണങ്ങളാക്കി മാറ്റിയത്.
ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് അനിയന്ത്രിതമായ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. 1974ല്‍ തന്നെ കിഷോരി മോഹന്‍ എന്ന കേസിന് പൊതുസമാധാനത്തിന് വിരുദ്ധമായ എല്ലാ പ്രവൃത്തികളും പൊതുക്രമം നശിപ്പിക്കലിന്റെ ഭാഗമായി കണക്കാക്കാമെന്ന് ഉത്തരവിട്ടു. സിപിഐ(എം) വി. ഭരത് കുമാര്‍ (ബന്ദ് കേസില്‍) എന്ന കേസില്‍ ബന്ദ് നടത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന് സുപ്രീം കോടതി വിധിച്ചു. ആര്‍ക്കും പ്രക്ഷോഭങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ സമാധാനവും പൊതുമുതലും വ്യവസായവും തകര്‍ക്കാന്‍ അവകാശമില്ലായെന്ന് ഈ കോടതി വിധി ചൂണ്ടിക്കാട്ടി. 2004-ലെ ജെയിംസ് കുര്യന് കേസിലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം അന്യന്റെ മുതല്‍ നശിപ്പിക്കാനുള്ള അവകാശമല്ലായെന്ന് സുപ്രീം കോടതി പറയുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിയമം കയ്യിലെടുക്കാനുള്ള അവകാശമല്ല. അത്തരം കുറ്റക്കാര്‍ക്കെതിരെ അനുഭാവ സമീപനം എടുക്കുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനേ സഹായിക്കൂവെന്നും കോടതി ഈ കേസില്‍ പറയുന്നു.
പ്രതിേഷധങ്ങളുടെ മറവിലെ ആള്‍ക്കൂട്ട അക്രമങ്ങള്‍ നേരിടാന്‍ നഷ്ടപരിഹാരങ്ങള്‍ ഈടാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ എടുക്കണമെന്ന് 2018ലെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസം സുപ്രീംകോടതി ഡെറാഡൂണ്‍ ജില്ലാ ബാര്‍ അസോസിയേഷന് കേസില്‍ അഭിഭാഷകരുടെ കോടതി ബഹിഷ്കരണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെയും ഭാഗമായി കാണുവാന്‍ സാധിക്കുകയില്ലായെന്ന് വിധിച്ചിരുന്നു.
ഭരണഘടനാ നിര്‍മാണസഭ തൊട്ട്, ബഹുമാനപ്പെട്ട കോടതികള്‍ വരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അവ അനിയന്ത്രിതമായ അവകാശങ്ങള്‍ അല്ല എന്നും സൂചിപ്പിക്കുന്നു. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ആവിഷ്കാരസ്വാതന്ത്ര്യം. പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ മറവില്‍ അക്രമ സമരം നടത്തി രക്ഷപ്പെടാനാവില്ലെന്ന് സാരം. അത് മാത്രമല്ല, ഇത്തരം സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുവാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. അതായത് എന്റെ സ്വാതന്ത്ര്യം നിങ്ങളുടെ മൂക്കിന്റെ അറ്റത്ത് അവസാനിക്കുന്നുവെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: