എടത്വ: കുട്ടനാട് നീയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തുമ്പോള്‍ കുടിവെള്ള പ്രശ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കും. പ്രളയത്തെ അതിജീവിച്ച കുട്ടനാടാണ് തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ജലക്ഷാമത്തിന്റെ പേരില്‍ വോട്ടര്‍മാരുടെ പ്രതിഷേധത്തിന് മറുപടി പറയേണ്ടി വരുന്നത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി എടത്വ, തിരുവല്ല ജല അതോറിറ്റി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവും, പ്രകടനവും, ഉപരോധവും മുറയ്ക്ക് നടക്കുകയാണ്. കുടിവെള്ളം ലഭ്യമാക്കിയില്ലെങ്കില്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് കൊടുപ്പുന്ന ഗ്രാമം മനുഷ്യ ശൃംഖല തീര്‍ത്ത് ഒന്നടങ്കം പ്രതിജ്ഞ എടുത്തിരുന്നു.
കോഴിമുക്ക് പ്രദേശത്തെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എടത്വാ ജല അതോറിറ്റി ഓഫീസ് ഉപരോധത്തിന് തൊട്ടുപിന്നാലെയാണ് കൊടുപ്പുന്ന പ്രദേശത്തെ ഗ്രാമവാസികളും ഒന്നിച്ചത്. തകഴി, ചമ്പക്കുളം, എടത്വ, തലവടി, മുട്ടാര്‍, വീയപുരം പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരന്തര സമരം നടന്നുകൊണ്ടിരിക്കുകയാണ്.
കുട്ടനാട്ടില്‍ പതിറ്റാണ്ടുകളായി തുടരുന്ന ജലക്ഷാമം ചൂണ്ടിക്കാട്ടിയാണ് നീയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. 2005ല്‍ കുട്ടനാടിനെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി കുടിവെള്ള പ്രശ്നം മുഖ്യവിഷയമാക്കിയാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. നീരേറ്റുപുറത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം തോമസ് ചാണ്ടി സ്വന്തമായി വാങ്ങി ജലവിഭവ വകുപ്പിന് കൈമാറുകയും പണി പൂര്‍ത്തിയാക്കിയ പ്ലാന്റ് 2013ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കുയും ചെയ്തിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ 13 പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി ആറുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. തുടര്‍ന്നുള്ള തെരഞ്ഞടുപ്പുകളിലും മുഖ്യവിഷയം കുടിവെള്ള പ്രശ്നം തന്നെയായിരുന്നു.
തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കുട്ടനാട്ടില്‍ ഇക്കുറിയും കുടിവെള്ള പ്രശ്നമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണായുധം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കന്മാരുടെ പ്രസ്താവനകളും എത്തിത്തുടങ്ങി. കൊടുപ്പുന്നയിലെ പൊതുജനങ്ങള്‍ വോട്ട് ബഹിഷ്കരണം ഉള്‍പ്പെടെ മുന്നോട്ടുവയ്ക്കുമ്പോള്‍ തെരഞ്ഞടുപ്പ് സമയത്ത് മറ്റു പഞ്ചായത്തിലെ ജനങ്ങളും വിഷയം ഏറ്റെടുത്താല്‍ സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കേണ്ടവരുമെന്നാണ് പൊതുവിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: