കൊല്ലം: കുടിവെള്ളമില്ലാത്ത മുഴുവന്‍ പേര്‍ക്കും കുടിവെള്ളം നല്‍കണം. പക്ഷെ ഇതിന് പണമില്ല. കുടിവെള്ളം വിതരണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത് തുച്ഛമായ തുകയാണ്. തദ്ദേശസ്വയംഭരണവകുപ്പ് ഇതു സംബന്ധിച്ച് പുതിയ ഉത്തരവിറക്കി.
ഇത് പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് മാര്‍ച്ചില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 5.5 ലക്ഷം രൂപ!. ഏപ്രിലിലും മെയിലും 11 ലക്ഷം വരെയും. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഈ മാസത്തെ ക്വാട്ട യഥാക്രമം 11ഉം 16.50 ഉം ലക്ഷം രൂപയാണ്. അടുത്ത രണ്ടുമാസങ്ങളില്‍ യഥാക്രമം 16.5 ലക്ഷവും 22 ലക്ഷവും. മുന്‍കാലങ്ങളില്‍ കോടികള്‍ ഈ ഇനത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ചെലവഴിച്ചിരുന്നു.
നിശ്ചയിച്ച തുകയില്‍ കൂടുതല്‍ വേണ്ടിവരുന്ന കുടിവെള്ളവിതരണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും ഏറ്റെടുക്കരുതെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തുക തനതുഫണ്ടിലും പ്ലാന്‍ ഫണ്ടിലും നിന്നെടുക്കാം.
കുടിവെള്ള വിതരണം ടാങ്കറുകളിലാണ് കാലങ്ങളായി നടത്തുന്നത്. പദ്ധതി പ്രദേശത്ത് ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള ഗുണനിലവാരം ഉറപ്പാക്കി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യണം. ജില്ലാതല റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം സംബന്ധിച്ച് മോണിറ്ററിങ് നടത്തുന്നതിനുള്ള സംവിധാനവും ജിപിഎസ് ട്രാക്കിങ്ങിനുള്ള സംവിധാനവും കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിക്കണമെന്ന കര്‍ശന നിര്‍ദേശവും ഉത്തരവിലുണ്ട്.
നിലവില്‍ ദുരന്തനിവാരണവകുപ്പ് മുഖേന സ്ഥാപിച്ച വാട്ടര്‍ കിയോസ്കുകള്‍ പദ്ധതിക്കായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു. കുടിവെള്ളവിതരണം കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം തദ്ദേശവകുപ്പ് ജില്ലാതല മേധാവികള്‍ ആ വിവരം രണ്ടാഴ്ച കൂടുമ്പോള്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: