ന്യൂദല്‍ഹി: തലസ്ഥാന നഗരത്തില്‍ വീണ്ടും കലാപം ഉണ്ടാകുന്നെന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദല്‍ഹി പോലീസ്. അത്തരത്തില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും ആരും കുപ്രചാരണങ്ങളില്‍ വീഴരുതെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുന്‍കരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന ആറ് മെട്രോ സ്റ്റേഷനുകളും തുറന്നു. എന്നിരുന്നാലും നിരവധി കള്ളത്തരങ്ങളാണ് തലസ്ഥാനത്തെ സാഹചര്യവുമായി ബന്ധപ്പെട്ട് പരക്കുന്നത്. ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ഖൈല രഘുബീര്‍ നഗറില്‍ കലാപസമാനമായ സാഹചര്യമുണ്ടെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇവിടം തീര്‍ത്തും ശാന്തമാണെന്ന് ദല്‍ഹി പോലീസ് പറയുന്നു.
വ്യാജപ്രചരണങ്ങളെയും അഭ്യൂഹങ്ങളെയും തുടര്‍ന്ന് നിരവധിപേര്‍ കടകളടച്ചു. എന്നാല്‍ ദല്‍ഹിയില്‍ എല്ലായിടത്തും സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് വ്യക്തമാക്കി. നഗരം തീര്‍ത്തും ശാന്തമാണെന്ന് അറിയിച്ച ദല്‍ഹി പോലീസ് എല്ലായിടത്തും പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ട്. പലരും ഭയന്ന് പോലീസിനെ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഒട്ടും ആശങ്കപ്പെടേണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: