ന്യൂയോര്‍ക്ക്: ചൈനയില്‍ നാശം വിതച്ച് ലോകമാകമാനം പടര്‍ന്ന കൊറോണ വൈറസ് ബാധ വിവിധ രാജ്യങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. കര, നാവിക, വ്യോമ ഗതാഗത മേഖലകളിലടക്കം കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പല രാജ്യങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇത് സമ്പദ് വ്യവസ്ഥയടക്കം തകിടം മറിക്കുന്നതായാണ് വിവരം.
ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ കൊറോണ ഭീതിയിലാണ്. ഇന്നലെ യുഎസിലും ഓസ്ട്രേലിയയിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക വര്‍ധിച്ചു. യുഎസ് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങളുണ്ടായേക്കാമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തന്നെ വ്യക്തമാക്കിയത് സ്ഥിതി ഗുരുതരമെന്നതിന്റെ മുന്നറിയിപ്പാണ്.
ദക്ഷിണ കൊറിയയില്‍ ഡേയ്ഗു നഗരത്തിലുള്ളവര്‍ക്കാണ് കൂടുതലും രോഗബാധ. ബാക്കിയുള്ളവര്‍ നേത്ത് ജിയോങ്സാങ് പ്രവിശ്യയിലുള്ളവരും. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇവിടങ്ങളിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളെല്ലാം റദ്ദാക്കി. സ്കൂളുകളും അടച്ചു.
തായ്വാനില് ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 40 ആയി. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത് ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാരിക്കാണെന്ന് ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയേല്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലേക്ക് ഗതാഗത വിലക്കേര്‍പ്പെടുത്തി.
ഇറാനില്‍ നിന്നോ അതു വഴിയോ തായ്വനിലെത്തിയവര് മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണമെന്നും ഭരണകൂടം നിര്‍ദേശം നല്കി.
ഗ്രീസില്‍ മൂന്ന് പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഒരു സ്ത്രീക്കും രണ്ട് പുരുഷന്മാര്ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ഇറ്റലിയില്‍ നിന്ന് ഗ്രീസിലെത്തിയ ആളാണ്. മറ്റുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ വരുമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വീഡന്, ജര്‍മനി, നോര്‍വെ, കൊയേഷ്യ എന്നിവിടങ്ങളിലും പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചു. സ്വീഡനില്‍ പരിശോധനയ്ക്കയച്ച 12 പേരുടെ ഫലവും പോസിറ്റീവാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ആറ് മേഖലകളിലേക്ക് വൈറസ് ബാധ വ്യാപിച്ചിട്ടുണ്ട്.
ജര്‍മനിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ആയി. നോര്‍വെയില്‍ കഴിഞ്ഞ ദിവസം എട്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ പതിനഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര് ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രി ജീവനക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: