തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയ പട്ടികജാതി മോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് സുധീര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ എണ്ണം 1,39,754 ആണ്. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ ഇതില്‍ 74,240 വിദ്യാര്‍ഥികള്‍ക്ക് ഒരു രൂപ പോലും ലംപ്സം ഗ്രാന്റായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 1130 രൂപ മുതല്‍ 3130 രൂപ വരെ 2019 ജൂലൈ മാസത്തില്‍ തന്നെ ലംപ്സം ഗ്രാന്റ് നല്‍കേണ്ടതാണ്. മാസം 750 രൂപ നിരക്കില്‍ അധ്യയന വര്‍ഷം 7500 രൂപയും ലഭിക്കണം. രണ്ടും കൂടി കുറഞ്ഞത് 9000 രൂപ മുതല്‍ 12,000 രൂപ വരെ ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കണം. സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥിക്കും ഈ തുക ലഭിച്ചിട്ടില്ല. അടിയന്തരമായി ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും നല്‍കിയില്ലെങ്കില്‍ മന്ത്രി എ.കെ. ബാലനെ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രി ബാലന്റെ കോലം കത്തിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, അഡ്വ. സന്ദീപ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിളപ്പില്‍ സന്തോഷ്, പാറയില്‍ മോഹനന്, ജില്ലാ നേതാക്കളായ പുഞ്ചക്കരി രതീഷ്, വക്കം സുനില്‍, മലവിള രാജേന്ദ്രന്, വര്‍ക്കല ശ്രീനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: