കൊച്ചി: അദാലത്തുകളും മാര്‍ക്ക്ദാനവും വിവാദമായതിനു പിന്നാലെ കോളേജ് അധ്യാപക യോഗ്യത നിര്‍ണയത്തിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നുവെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ ഖാനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിവേദനം നല്കി. സര്‍വകലാശാലകളിലും കോളേജുകളിലും ബോട്ടണി, സുവോളജി, അധ്യാപകരായി ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവരെ നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് നിവേദനം.
സര്‍വകലാശാല അക്കാദമിക് സമിതികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഉത്തരവ് റദ്ദാക്കണം. ഇത് നടപ്പാക്കാതിരിക്കാന്‍ വേണ്ട നിര്‍ദേശം സര്‍വകലാശാലകള്‍ക്കു നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അതതു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരെ മാത്രമേ അസിസ്റ്റന്റ് പ്രൊഫസര്‍മാരായി നിയമിക്കാവൂയെന്നാണ് യുജിസി വ്യവസ്ഥ. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഇതിന് വിരുദ്ധമാണ്. ബയോടെക്നോളജി ഐച്ഛിക വിഷയമായ എംഎസ്സി ഡിഗ്രിയെ ബോട്ടണി/സുവോളജിയുമായി തുലനം ചെയ്യാനാവില്ല.
ബോട്ടണി, സുവോളജി അധ്യാപക നിയമനത്തിന് തങ്ങളുടെ യോഗ്യത അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ രണ്ട് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ സമീപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യം നേരത്തേ സര്‍വകലാശാലകള്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ കൗണ്‍സിലിനെ സമീപിച്ചത്. ഇതിലാണ് കൗണ്‍സിലിന്റെ ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: