ന്യൂദല്‍ഹി: രാജ്യത്ത് മറ്റൊരു 1984 സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സിഖ് വിരുദ്ധ കലാപത്തെ കോടതി പരോക്ഷമായി പരാമര്‍ശിച്ചത്. ദല്‍ഹിയിലെ സിഖുകാരെ അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടക്കുരുതി നടത്തി.
കലാപത്തില്‍ കോടതി ദല്‍ഹി പോലീസിന് നോട്ടീസയച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാകണം. എല്ലാവര്ക്കും സുരക്ഷയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ രംഗത്തിറങ്ങണം. ഏറ്റവും ഉന്നതരായിട്ടുള്ള അധികാരികള്‍ ഇരകളെ സന്ദര്‍ശിക്കണം. പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കണം. ജസ്റ്റിസുമാരായ മുരളീധറും തല്‍വന്ത് സിങ്ങും ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജി നാളത്തേക്ക് മാറ്റണമെന്ന് ദല്‍ഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സാഹചര്യം മോശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കപില്‍ മിശ്രയുടെ വിവാദ പ്രസംഗം കേള്‍പ്പിച്ചു. നൂറ് കണക്കിനാളുകള്‍ വീഡിയോ കണ്ടു. എന്നിട്ടും ഇത് പ്രധാന്യമുള്ള വിഷയമല്ല എന്നാണോ താങ്കള്‍ കരുതുന്നത്. ബെഞ്ച് ചോദിച്ചു. നേരത്തെ ദല്‍ഹി കലാപം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജയ് കിഷന്, കെ,എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
ജീവന് നഷ്ടപ്പെട്ടത് നിസാരമായി കാണാനാവില്ല. അക്രമങ്ങളെ പോലീസ് നിയമപരമായി നേരിടണമായിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങളില്‍ ബ്രിട്ടനിലെയും അമേരിക്കയിലെയും പോലീസുകാര്‍ ഉടന്‍ നടപടിയെടുക്കാറുണ്ട്. അവര്‍ ഉത്തരവിനായി കാത്തിരിക്കാറില്ല.
പോലീസിന് പ്രൊഫഷണലിസമില്ലാത്തതാണ് പ്രശ്നം. ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് 23ലേക്ക് മാറ്റി. ഇപ്പോള്‍ യോജിച്ച സമയമല്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് മധ്യസ്ഥ ചര്‍ച്ചക്ക് നിയോഗിച്ച അഭിഭാഷകരായ സാധനാ രാമചന്ദ്രന്, സഞ്ജയ് ഹെഗ്ഡെ എന്നിവര്‍ക്ക് ചര്‍ച്ച തുടരാമെന്നും വ്യക്തമാക്കി. മധ്യസ്ഥ സംഘം നേരത്തെ പലതവണ സമര സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തോളം വിഷയം നീട്ടിവച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: