കൊച്ചി: സംസ്ഥാനത്തെ കോളേജുകളിലും സ്കൂളുകളിലും പഠിപ്പുമുടക്കും വിദ്യാര്‍ഥിസമരവും ഹൈക്കോടതി നിരോധിച്ചു. കോളേജുകളിലും സ്കൂളുകളിലും പഠനത്തിനാണ് മുന്‍ഗണന. അതിനാല്‍, പഠനം മുടക്കുന്ന സമരങ്ങളില്‍ മാനേജ്മെന്റിന് ഇടപെടാം, ഹൈക്കോടതി വ്യക്തമാക്കി.
പഠനത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ആരെയും നിര്‍ബന്ധിച്ച് സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ട്. ഔദ്യോഗിക യോഗങ്ങളല്ലാതെ സമരം ആസൂത്രണം ചെയ്യാന്‍ സ്കൂള്‍, കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് യോഗം വിളിക്കാനാകില്ലെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ ഉത്തരവിട്ടു.
വിദ്യാഭ്യാസം തടയുന്ന പ്രവര്‍ത്തനം വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയുന്നത് സ്കൂള്‍ മാനേജ്മെന്റിന്റെ മൗലികാവകാശ ലംഘനമാണ്. വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസിനകത്ത് പ്രതിരോധത്തിലാകുമ്പോഴൊക്കെ പുറത്തുനിന്ന് മാതൃരാഷ്ട്രീയ സംഘടനയുടെ പിന്തുണ ലഭിക്കും.
താത്പര്യമില്ലാത്ത വിദ്യാര്‍ഥികളെ സമരത്തിലേക്കും പ്രക്ഷോഭങ്ങളിലേക്കും വലിച്ചിറക്കാനാകില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്ക് കുട്ടികളെ സമരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാമോ, ഘെരാവോ, പ്രകടനം, സമരം, ധര്‍ണ, തുടങ്ങിയവ ആസൂത്രണം ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് യോഗം വിളിച്ചുകൂട്ടാനാവുമോ, കാമ്പസിനുള്ളില്‍ പോലീസിന് എത്രത്തോളം ഇടപെടാം തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരമുണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസം മൗലികാവകാശമാണ്. അതിനാല്‍, ഇതിന് തടസമാകുന്നതെന്തും ഭരണഘടനാ വിരുദ്ധമാണ്, ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: