കണ്ണൂര്‍ : കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നു കരുതുന്നു. സിഎഎ, യുഎപിഎ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ നിശിതമയി വിമർശിക്കുന്നതാണ് പോസ്റ്റർ. സിപിഐ (എംഎല്) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
എസ്ഡിപിഐ, പിഎഫ്ഐ എന്നീ സംഘടനകള്‍ പൗരത്വ ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ മറവിലുള്ള മതതീവ്രവാദ പ്രവര്‍ത്തനങ്ങളും, ഹവാല, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങള്‍ തിരിച്ചറിയുക, ഓപ്പറേഷന് സമാധാന് തള്ളിക്കളയുക, ഭരണകൂട ഭീകരത അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് തിരിച്ചടി നൽകുക എന്ന ആവശ്യവും പോസ്റ്ററുകളില്‍ ഉണ്ട്. സംഭവത്തിനു പിന്നാലെ പോലീസ് പ്രദേശത്ത് അന്വേഷണം ആരംഭിച്ചു.
സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയേയും എൻഐഎയ്ക്ക് കൈമാറിയതിൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഇരുവരെയും എൻഐഎയിൽ നിന്നും തിരിച്ചു കിട്ടാൻ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും പോസ്റ്ററിൽ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപത്തിനും പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ മാസം മാവോയിസ്റ്റ് സംഘം അമ്പായത്തോട്ടിൽ പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: