തിരുവനന്തപുരം: പിഎസ്സിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടെന്നും അതിനാല്‍ പിഎസ്സി ചെയര്‍മാനോടും അംഗങ്ങളോടും രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അടുത്തിടെ നടന്ന കെഎഎസ് പരീക്ഷ പോലും സംശയത്തിന്റെ നിഴലിലാണ്. നിയമന തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പരിശീലന ക്ലാസുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസരിയില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യയും വീറ്റയും ഇത്തരത്തിലുള്ള സ്ഥാപനങ്ങളാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനും പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ പങ്കുണ്ട്. ക്രമക്കേടുകള്‍ക്ക് പിന്നില്‍ പൊതുഭരണ വകുപ്പിനു കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായി. ഇതിനു മുമ്പ് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ പിഎസ്സി കാര്യമായെടുത്തില്ല. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ എസ്എഫ്ഐ നേതാക്കള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ക്രമക്കേടുകള്‍ ഓരോന്നായി പുറത്ത് വന്നത്. ഇതിന്റെ അന്വേഷണം കാര്യമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും എങ്ങുമെത്തിയില്ല. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പരീക്ഷാത്തട്ടിപ്പിലൂടെ ജോലിക്ക് കയറി. ഭരണഘടനാ സ്ഥാപനമായതിനാല്‍ ക്രമക്കേടുകള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി ജനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടിക്കു വേണ്ടി മാത്രമല്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടിയാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിഡിജെഎസിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ബിജെപി ഇടപെടാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ബിജെപിയും കരുത്ത് തെളിയിക്കും. സംസ്ഥാന കമ്മറ്റിരൂപീകരിച്ചിട്ടില്ലാത്തതിനാല് അതിനു ശേഷമേ കുട്ടനാട് സീറ്റിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കൂ. രവീശ തന്ത്രിയുടെ പ്രശ്നങ്ങള്‍ അദ്ദേഹവുമായി സംസാരിച്ച് പരിഹരിക്കുമെന്നും സുരേന്ദ്രന് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സെന്‍കുമാര്‍ നല്ല സാമൂഹിക പ്രവര്ത്തകന്
തിരുവനന്തപുരം: സെന്‍കുമാര്‍ നല്ല സാമൂഹിക പ്രവര്‍ത്തകനാണെന്നും എന്നാല്‍ ബിജെപി രാഷ്ട്രീയ പാര്‍ട്ടിയാണെന്നും കെ. സുരേന്ദ്രന്. സമൂഹത്തിന് വളരെ മെച്ചപ്പെട്ട സേവനമാണ് അദ്ദേഹം നല്‍കുന്നത്. സര്‍ക്കാരുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച പലതും അദ്ദേഹം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ബിജെപിക്ക് ഗുണകരമായിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: