കോട്ടയം: സ്കൂളുകളില്‍ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആറ് വിദ്യാര്‍ഥികള്‍ വര്‍ധിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം നടപ്പാകുന്നതോടെ എയ്ഡഡ് സ്കൂളുകളില്‍ നാലായിരത്തോളം അധ്യാപകര്‍ അധികമായേക്കും. അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം കഴിയുമ്പോള്‍ രണ്ടാം തസ്തികയ്ക്ക് 36 കുട്ടികള്‍ എന്ന മാന്ത്രിക സംഖ്യയിലെത്തിയില്ലെങ്കില്‍ അധ്യാപകര്‍ പുറത്താകാം.
നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തില്‍ വരുന്ന അധ്യയന വര്‍ഷം ഡിവിഷന് നഷ്ടപ്പെടാതിരിക്കാനും കുട്ടികളുടെ എണ്ണം തികയ്ക്കുന്നതിനുമായി അധ്യാപകര്‍ ഇപ്പോഴേ നെട്ടോട്ടം ആരംഭിച്ചു.
നിലവില്‍ നിയമന അംഗീകാരം ലഭിച്ചവരെ നിര്‍ദേശം ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ പ്രശ്നമായേക്കും. ഇത് മുന്നില്‍ക്കണ്ടാണ് കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍, അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നടക്കം കനത്ത മത്സരം അതിജീവിച്ച് വേണം കുട്ടികളെ എയ്ഡഡ് സ്കൂളിലെത്തിക്കാന്‍.
ഒന്നു മുതല്‍ അഞ്ച് കുട്ടികള്‍ വരെ വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ തസ്തികയില്‍ നിയമനം നേടിയവരാണ് മുള്‍മുനയില്‍. ഈ അധ്യായന വര്‍ഷം 31 കുട്ടികള്‍ക്ക് പകരം 36 കുട്ടികള്‍ ഇല്ലെങ്കില്‍ ഇവരുടെ നിയമനം തുലാസിലാകും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സൃഷ്ടിച്ച തസ്തികയില്‍ നടത്തുന്ന നിയമനങ്ങള്‍ തടയുക മാത്രമാണ് ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.
അതേസമയം, 2009 ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമായി അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം മാത്രമാണ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് മാനേജുമെന്റുകളുടെ വാദം.
എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ നിയമവിരുദ്ധമായി അധിക നിയമനങ്ങള്‍ നടത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും നിയമാനുസൃതം നിയമിതരായ നിരവധി അധ്യാപകര്‍ക്ക് ഇപ്പോഴും നിയമനാംഗീകാരം നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അനുമതി മുന്‍കൂര്‍ വാങ്ങി ഒഴിവു തസ്തികകളിലും പുതിയ തസ്തികകളിലും അധ്യാപക നിയമനം നടത്തിയാല്‍ നിരവധി സ്കൂളുകളില്‍ അധ്യാപകരില്ലാതെ കുട്ടികള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും മാനേജുമെന്റുകള്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: