സോള്‍: കൊറോണ വൈറസ് ബാധ പിടിമുറുക്കുന്ന ദക്ഷിണ കൊറിയയില്‍ സ്ഥിതി ആശങ്കാജനകം. സാഹചര്യം കൂടുതല്‍ വഷളായതോടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ അഞ്ചു പേര് മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 556 ആയി. ഞായറാഴ്ച മാത്രം 123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച 123 പേരില്‍ 75 പേര് ഡെയ്ഗു നഗരത്തില്‍ ഷിന്‍ഷിയോന്‍ജി പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തവരും അടുത്തുള്ള ആശുപത്രിയിലുണ്ടായിരുന്നവരുമാണ്. പള്ളിയിലെ 9000 അംഗങ്ങള്‍ സ്വയം നിരീക്ഷണത്തിലാണ്. രോഗബാധ സംശയിക്കുന്ന 22,633 പേരെ പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ 16,038 പേര്‍ക്ക് കൊറോണയില്ലെന്നാണ് ഫലം. 6039 പേര് നിരീക്ഷണത്തിലാണ്.
ജനുവരി ഇരുപതിന് വുഹാനില്‍ നിന്നെത്തിയ വനിതയ്ക്കാണ് ദക്ഷിണ കൊറിയയില്‍ ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ഡെയ്ഗു നഗരത്തെയും തൊട്ടടുത്ത ഷിയോങ്ഡോവിനെയും പ്രത്യേക പരിചരണ മേഖലകളായി പ്രഖ്യാപിച്ച് വൈറസ് വ്യാപനം തടയാന്‍ ദക്ഷിണ കൊറിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് രോഗബാധിതരുടെ ഉയരുന്ന സംഖ്യ സൂചിപ്പിക്കുന്നത്.
വൈറസ് നിയന്ത്രണവിധേയമാക്കാന്‍ പ്രാദേശിക ഭരണകൂടം ചട്ടങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാതെ അഭൂതപൂര്‍വവും ശക്തവുമായ നടപടി കൈക്കൊള്ളണമെന്നും മൂണ്‍ ജെ ഇന്‍ ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയില്‍ ഇതുവരെ പതിനെട്ട് പേര് രോഗം പൂര്‍ണമായി ഭേദമായി ആശുപത്രി വിട്ടു.
അതേസമയം, ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. കൊറിയയില്‍ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന മറ്റു രാജ്യക്കാര്‍ക്ക് ഇസ്രായേല്‍ പ്രവേശനം നിഷേധിച്ച് തിരിച്ചയച്ചു.
കൊറോണയില്‍ നങ്കൂരമിട്ട്, ആശങ്കയുടെ ആഴിയില്‍…
ടോക്കിയോ: സന്തോഷവും ആഘോഷവും നിറഞ്ഞ ഉല്ലാസയാത്രയ്ക്കിടെയാണ് ഇടിത്തീ പോലെ ആ വാര്‍ത്ത അവരിലേക്കെത്തിയത്. കൊറോണ വൈറസുകള്‍ തങ്ങള്‍ക്കിടയില്‍ എവിടെയോ പാകിയിട്ടാണ് കൂടെ ഉണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ പാതി വഴിയില്‍ ഇറങ്ങിയത്. ആ ആശങ്കയില്‍ കഴിഞ്ഞ ഇരുപതു ദിവസങ്ങളായി യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് ഡയമണ്ട് പ്രിന്‍സസ് എന്ന ആ ആഡംബരക്കപ്പല്‍. തുടക്കത്തില്‍ ആരും ഭയന്നില്ല. ജപ്പാനിലെ ഏറ്റവും മികച്ച ആഡംബര കപ്പലുകളിലൊന്നായ ഡയമണ്ട് പ്രിന്‍സസിലെ അവസാന മണിക്കൂറുകള്‍ നഷ്ടപ്പെടുത്താന്‍ അവര്‍ തയാറായില്ല. നൂറുകണക്കിന് പേര് ഒരുമിച്ച് ഭക്ഷണം കഴിച്ചും ബാറിലും ഡാന്‍സ് ഫ്ളോറുകളിലും ആടിപ്പാടിയും ആഘോഷിച്ചു.
കപ്പലിലുണ്ടായിരുന്ന സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചതായി ഫെബ്രുവരി രണ്ടിന് ഹോങ്കോങ് ജപ്പാന് അറിയിപ്പ് നല്കി. ഫെബ്രുവരി മൂന്നിന് കപ്പല്‍ അധികൃതര്‍ക്കും വിവരം ലഭിച്ചു. തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചു. അപ്പോഴും കപ്പലിലുണ്ടായിരുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര വ്യക്തമല്ലായിരുന്നു. അവര്‍ ഒരുമിച്ച് കൂടി. പരിശോധന നടത്തിയ ദിവസം രാത്രി പതിനൊന്നര വരെ കപ്പലില്‍ പരിപാടികളുണ്ടായിരുന്നു. ഇതും രോഗം പടരുന്നത് തടയുന്നതില്‍ വന്ന വീഴ്ചയായിരുന്നു.
ഫെബ്രുവരി അഞ്ചിന് ആദ്യ സംഘത്തിന്റെ പരിശോധനാ ഫലം എത്തി. പത്ത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആശങ്ക പതിയെപ്പതിയെ പടര്‍ന്നു പിടിച്ചു. എല്ലാവരും 14 ദിവസം അടച്ചിട്ട മുറികളില്‍ തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അപ്പോഴും 14-ാം ഡെക്കില്‍ ആളുകള്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇത് ചിലരില്‍ സംശയങ്ങളുണ്ടാക്കി. രോഗ ലക്ഷണങ്ങളുണ്ടായിരുന്ന ജീവനക്കാര്‍ ക്യാബിന് വിട്ട് പുറത്ത് വന്നില്ല. മറ്റു ചിലര്‍ യാത്രക്കാരുടെ ഇടയില്‍ സഹായങ്ങളുമായി ഓടി നടന്നു.
ആദ്യ ദിവസങ്ങളില്‍ പത്ത് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ പിന്നീടിത് നാല്പതും അറുപതുമായി. കപ്പല്‍ അധികൃതരോ സര്‍ക്കാരോ പറയുന്ന കണക്കുകളില്‍ പല യാത്രക്കാര്‍ക്കും വിശ്വാസമില്ലായിരുന്നു. കരയില്‍ കാത്ത് കിടന്ന ആംബുലന്‍സുകളുടെ എണ്ണം നോക്കി എത്ര പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് പലരും കണക്കു കൂട്ടി. 634 പേര്‍ക്ക് കപ്പലില്‍ വച്ച് തന്നെ കൊറോണ സ്ഥിരീകരിച്ചു. ഇതിനിടെ നിരീക്ഷണ കാലാവധിയും അവസാനിച്ചു. നിരീക്ഷണം പൂര്‍ത്തിയായ ദിവസം രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണം അവസാനിച്ച് പുറംലോകത്തെത്തിയാല്‍ ആശ്വസിക്കാമെന്ന് വിശ്വസിച്ചിരുന്നവര്‍ പക്ഷേ അറിഞ്ഞത് കപ്പലില്‍ നിന്ന് പുറത്ത് വന്ന സ്ത്രീക്ക് ജപ്പാനില്‍ വച്ച് രോഗം സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ്. നിരവധി ആരോപണങ്ങളാണ് ജപ്പാനെതിരെ പലരും ഉയര്‍ത്തിയത്.
രോഗ ലക്ഷണങ്ങളുള്ളവരെ കപ്പലില്‍ പ്രത്യേകമായി ഐസൊലേറ്റ് ചെയ്യാനോ നിരീക്ഷിക്കാനോ അധികൃതര്‍ തയാറായിരുന്നില്ല എന്ന ആക്ഷേപം ശക്തമായിരുന്നു.
നിരീക്ഷണം കഴിഞ്ഞ് പുറത്ത് വന്ന 23 പേര്‍ക്ക് പരിശോധന നടത്തിയില്ലെന്ന് ജപ്പാന് തുറന്നു പറയുക കൂടി ചെയ്തതോടെ ഇതുവരെ അവര്‍ സ്വീകരിച്ച നടപടികള്‍ എത്രത്തോളം കൃത്യതയാര്‍ന്നതായിരുന്നു എന്ന സംശയവും ശക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: