ന്യൂദല്‍ഹി : ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാളെയെത്തും. 36 മണിക്കൂര്‍ സന്ദര്‍ശനത്തിനായി ഉച്ചയോടെ അഹമ്മദാബാദിലാണ് എത്തുന്നത്. ഇതിനോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക, മരുമകന് ജാറദ് കഷ്നര്‍ എന്നിവരും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവും മന്ത്രിമാരും അടങ്ങുന്ന സംഘവും നൂറോളം മാധ്യമ പ്രവര്‍ത്തകരും ട്രംപിനെ അനുഗമിക്കും.
ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സരുക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കും.
തുടര്‍ന്ന് സ്റ്റേഡിയത്തില്‍ ട്രംപിനും സംഘത്തിനും സ്വീകരണവും ഒരുക്കിയിട്ടുണ്ട്. നരേന്ദ്രമോദിയും ഡോണള്‍ഡ് ട്രംപും സ്വീകരണത്തില്‍ സംസാരിക്കും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. യോഗി ആദിത്യനാഥ് ആഗ്രയില്‍ ട്രംപിനെ സ്വീകരിക്കും. താജ്നഗരിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ 600 ഗ്രാം വെള്ളിയില്‍ തീര്‍ത്ത നഗരത്തിന്റെ താക്കോല്‍ മാതൃക നല്‍കിയാണ് സ്വീകരിക്കുന്നത്.
5000 പോലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ വിന്യസിക്കുന്നത്. ട്രംപിന്റെ സുരക്ഷക്കുള്ള സംവിധാനങ്ങളുമായി അമേരിക്കന്‍ എയര്‍ഫോഴ്സിന്റെ മൂന്ന് കൂറ്റന്‍ വിമാനങ്ങള്‍ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന അതിസുരക്ഷാ ലിമൂസിന്‍ ആയ ബീസ്റ്റും നഗരത്തില്‍ എത്തിക്കഴിഞ്ഞു. സമാന്തര സംവിധാനം എന്ന നിലയില്‍ ജയ്പൂര്‍ വിമാനത്താവളം അമേരിക്കന്‍ സുരക്ഷാ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.
അഹമ്മദാബാദില്‍ നിന്നും താജ്മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ മോദി അനുഗമിക്കാനിടയില്ല. ആഗ്രയിലും ട്രംപിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. രണ്ടു മണിക്കൂര്‍ ആഗ്രയില്‍ തങ്ങിയ ശേഷം ദില്ലിയിലെത്തുന്ന ട്രംപ് മൗര്യ ഹോട്ടലില്‍ രാത്രി തങ്ങും.
ചൊവ്വാഴ്ച ദല്‍ഹിയില്‍ വെച്ചാകും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തുക. ആയുധ കരാറുകള്‍ക്കൊപ്പം പുതിയ ആണവകരാറും ഇരു രാജ്യങ്ങളുടേയും ആലോചനയിലുണ്ട്. അതേസമയം പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ട്രപിന്റെ ശ്രദ്ധയില്‍പെടുത്തും.
സുരക്ഷാ രംഗത്ത് രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറും. സംയുക്ത സൈനിക അഭ്യാസങ്ങള്‍ തുടരുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ചചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: