തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അന്നദാനത്തിനായി ഒരുക്കിയ ആഹാരസാധനങ്ങള്‍ പോലീസ് അടുപ്പില്‍ നിന്ന് എടുത്ത് മാറ്റിച്ചു. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് നിര്‍മ്മാണത്തിനായാണ് പോലീസ് നടപടി.
നിലവില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. അമ്പല പരിസരത്തിന് പുറത്ത് നിലവില്‍ വിശ്വാസികള്‍ നാമജമപം നടത്തുകയാണ്.
ക്ഷേത്രം പൊളിച്ച് അനധികൃത നിര്‍മാണം തുടരാന്‍ സ്വകാര്യ കമ്പനി ചില ലോബികളുടെ സഹായത്തോടെ സമ്മര്‍ദം ശക്തമാക്കുകയാണ്. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷനു വേണ്ടി സ്വാമി സത്യാനന്ദ സരസ്വതി വിലക്കു വാങ്ങിയ ഭൂമിയിലാണ് വാട്ടര്‍ അതോറിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഒറ്റശേഖരമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1993 ലെ 205-ാം നമ്പര്‍ വിലയാധാര പ്രകാരം രജിസ്ട്രേഷന് ചെയ്ത നാല് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്.
ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട് ശ്രീരാമദാസമിഷന്‍ 2017 ഏപ്രില്‍ 4 ന് നല്കിയ പരാതിക്ക് ആര്‍ഡിഒ 2018 ജനുവരി 31ന് നല്കിയ മറുപടി ഉത്തരവിലാണ് ഭൂമി വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയതായി പറയുന്നത്. 2002 വരെ ശ്രീരാമദാസ മിഷനു വേണ്ടി കരം തീര്‍ത്തിരുന്ന ഭൂമി ക്ലാമല ഫോറസ്റ്റ് റേഞ്ചില്പ്പെട്ടതാണെന്നും കുത്തകപ്പാട്ടത്തിന് നല്കിയവരില് നിന്നാണ് വിലക്ക് വാങ്ങിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാല്‍ ഈ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നരയേക്കറോളം കുത്തകപ്പാട്ടഭൂമി വാട്ടര്‍ അതോറിറ്റി പദ്ധതിക്കു വേണ്ടി സ്വകാര്യ കമ്പനി മാനേജരുടെ പേര്‍ക്ക് വിലയാധാരമായി വാങ്ങിയെന്നും ഇത് നിയമ ലംഘനമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ഡിഒ ഉത്തരവില്‍ ഭൂമിതര്‍ക്കം സംബന്ധിച്ച് സിവില്‍ തര്‍ക്കം കോടതി മുഖേന തീര്‍പ്പുകല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയില്‍ ഭൂമിതര്‍ക്കം സംബന്ധിച്ച അന്തിമവിധി വരും മുമ്പാണ് ക്ഷേത്രഭൂമി കൈയേറി നിര്‍മാണം നടത്താനുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: